Connect with us

Alappuzha

തീരദേശമേഖലയെ ബന്ധിപ്പിച്ച് 552 കി. മീ ഹരിത ഇടനാഴി യാഥാര്‍ഥ്യമാകുന്നു

Published

|

Last Updated

ആലപ്പുഴ: സംസ്ഥാനത്തെ തീരദേശമേഖലയെ ബന്ധിപ്പിച്ച് 522 കി. മീ നീളത്തില്‍ തീരദേശ ഹരിത ഇടനാഴി (കോസ്റ്റല്‍ ഗ്രീന്‍ കോറിഡോര്‍) വരുന്നു.എല്‍ ഡി എഫ് സര്‍ക്കാര്‍ മുന്നോട്ട് വെച്ച മൂലധന നിക്ഷേപ സംരംഭമായ കിഫ്ബി(കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ്ഫണ്ട് ബോര്‍ഡ്) വഴി നടപ്പാക്കുന്ന ഹരിത ഇടനാഴി നാല് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 7,888 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് കണക്കാക്കിയിട്ടുള്ളത്. അതേസമയം, തീരദേശത്ത് ജനിച്ച് മത്സ്യബന്ധനം നടത്തി ഉപജീവനം കണ്ടെത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ഹരിത ഇടനാഴിയെ ഏറെ ആശങ്കയോടെ നോക്കിക്കാണുന്നു.
തിരുവനന്തപുരം ജില്ലയിലെ കൊല്ലങ്കോട് മുതല്‍ കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം വരെ 522 കി. മീ നീളത്തിലാണ് തീരദേശ ഹരിത ഇടനാഴി നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നത്. ദേശീയ പാതക്ക് സമാന്തരമായി നിര്‍മിക്കുന്ന മലയോര ഹൈവേക്ക് സമാനമായാണ് ഹരിത ഇടനാഴി പൂര്‍ത്തിയാക്കുക. നിര്‍ദിഷ്ട ഹരിത ഇടനാഴിക്ക് 15 മീറ്റര്‍ വീതിയുണ്ടാകും. എന്നാല്‍ ഹരിത ഇടനാഴിക്കും കടലോരത്തിനുമിടയില്‍ 35 മീറ്റര്‍ വീതിയില്‍ ഗ്രീന്‍ബെല്‍റ്റ് ഇതിന്റെ ഭാഗമായി നിര്‍മിക്കും.ഇതാണ് തീരദേശ വാസികളെ ആശങ്കയിലാക്കുന്നത്.
നിലവില്‍ സംസ്ഥാനത്തെ പല ജില്ലകളിലും തീരദേശ വാസികളുടെ വീടുകള്‍ കടല്‍തീരവുമായി മീറ്ററുകള്‍ മാത്രമേ വ്യത്യാസമുള്ളൂ. ഗ്രീന്‍ബെല്‍റ്റ് വരുന്നതോടെ ഇവര്‍ കുടിയൊഴിപ്പിക്കപ്പെടുമെന്നാണ് ആശങ്ക. ഗ്രീന്‍ കോറിഡോറും ഇതോടനുബന്ധിച്ച് ഗ്രീന്‍ബെല്‍റ്റും വരുന്നതോടെ ആയിരക്കണക്കിന് കുടുംബങ്ങള്‍ തീരദേശത്ത് നിന്ന് കുടിയൊഴിപ്പിക്കപ്പെടുമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആശങ്ക. ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള ആലപ്പുഴ ജില്ലയില്‍ മാത്രം ഇരുപതിനായിരത്തോളം കുടുംബങ്ങള്‍ ഇങ്ങനെ കുടിയൊഴിപ്പിക്കപ്പെടുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
83 കി. മീ വരുന്ന ജില്ലയുടെ തീരപ്രദേശത്താണ് ഏറ്റവുമധികം മത്സ്യത്തൊഴിലാളികള്‍ തിങ്ങിത്താമസിക്കുന്നത്. പുനരധിവാസത്തിനായി സര്‍ക്കാര്‍ വകകൊള്ളിച്ചിട്ടുള്ളത് 4,000 കോടി രൂപ മാത്രമാണെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. നിരന്തരം കടലാക്രമണത്തിന് വിധേയമാകുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി ധനമന്ത്രി ഡോ. തോമസ് ഐസക്ക് അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് നിലവിലെ ഭൂമിയുടെ അവകാശം നിലനിര്‍ത്തിക്കൊണ്ട് തന്നെ മാറിത്താമസിക്കുന്നതിനായി 10 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കും. ഇതിനും പുറമെ, വീടും സ്ഥലവും നഷ്ടമായവര്‍ക്ക് സര്‍ക്കാര്‍ തന്നെ ഫഌറ്റ് നിര്‍മിച്ച് പുനരധിവസിപ്പിക്കും. എന്നാല്‍ തങ്ങളുടെ തൊഴിലിടവുമായി വിദൂരത്തുള്ള സ്ഥലങ്ങളിലേക്ക് പുനരധിവസിപ്പിക്കുന്നത് മത്സ്യത്തൊഴിലാളികള്‍ ആശങ്കയോടെയാണ് നോക്കികാണുന്നത്.
തീരദേശത്തിന്റെ വികസനത്തിനും സുരക്ഷക്കും പദ്ധതി ഏറെ പ്രയോജനം ചെയ്യുമെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍. കിഫ്ബി മുഖേന നടപ്പാക്കുന്നതിനാല്‍ ഫണ്ടിന്റെ അപര്യാപ്തതയുണ്ടാകില്ലെന്നും പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും സര്‍ക്കാര്‍ കരുതുന്നു.

Latest