പോര്‍ച്ചുഗല്‍, ബെല്‍ജിയം ജയിച്ചു

Posted on: November 15, 2016 6:22 am | Last updated: November 15, 2016 at 10:25 am
പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോയുടെ ആഹ്ലാദപ്രകടനം
പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോയുടെ ആഹ്ലാദപ്രകടനം

2018 ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ട്, യൂറോപ്യന്‍ മേഖലാ ഗ്രൂപ്പ് മത്സരങ്ങളില്‍ പോര്‍ച്ചുഗല്‍, ബെല്‍ജിയം, ഹോളണ്ട്, ഹംഗറി ടീമുകള്‍ക്ക് തകര്‍പ്പന്‍ ജയം. പോര്‍ച്ചുഗല്‍ 4-1ന് ലാറ്റ്‌വിയേയും ഹംഗറി 4-0ന് അന്‍ഡോറയെയും ഹോണ്ട് 3-1ന് ലക്‌സംബര്‍ഗിനെയും തകര്‍ത്തപ്പോള്‍ ബെല്‍ജിയം എതിരാളിയായ എസ്‌തോണിയയെ 8-1ന് തരിപ്പണമാക്കിക്കളഞ്ഞു. ബള്‍ഗേറിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, സൈപ്രസ് ടീമുകളും യോഗ്യതാ റൗണ്ടില്‍ ജയം കണ്ടു. മുന്‍ യൂറോപ്യന്‍ ചാമ്പ്യന്‍മാരായ ഗ്രീസ് സമനിലയില്‍ കുരുങ്ങി.
ഗ്രൂപ്പ് എയില്‍ ഹോളണ്ട് ഏഴ് പോയിന്റുമായി രണ്ടാംസ്ഥാനത്തേക്ക് കയറി. ഗോള്‍ശരാശരിയില്‍ സ്വീഡനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയ ഹോളണ്ടിന് മുന്നിലുള്ളത് പത്ത് പോയിന്റുള്ള ഫ്രാന്‍സാണ്. ഗ്രൂപ്പ് ബിയില്‍ ഒമ്പത് പോയിന്റുമായി പോര്‍ച്ചുഗല്‍ രണ്ടാം സ്ഥാനത്തും പന്ത്രണ്ട് പോയിന്റുമായി സ്വിറ്റ്‌സര്‍ലന്‍ഡ് ഒന്നാം സ്ഥാനത്തും. ഗ്രൂപ്പ് എച്ചില്‍ ബെല്‍ജിയം പന്ത്രണ്ട് പോയിന്റുമായി ഒന്നാം സ്ഥാനത്ത് കുതിപ്പ് തുടര്‍ന്നപ്പോള്‍ പത്ത് പോയിന്റുമായി ഗ്രീസ് പിന്നാലെ. ഏഴ് പോയിന്റുള്ള ബോസ്‌നിയ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

പോര്‍ച്ചുഗല്‍ ഗോളടി തുടരുന്നു…
യൂറോപ്യന്‍ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോളുകളുടെയും കാര്‍വാലോ, ബ്രൂണോ ആല്‍വസ് എന്നിവരുടെ ഗോളുകളുടെയും ബലത്തില്‍ 4-1ന് ലാറ്റ്‌വിയയെ തോല്‍പ്പിച്ചിരിക്കുന്നു. എന്നാല്‍, ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് കുതിക്കുന്ന സ്വിറ്റ്‌സര്‍ലന്‍ഡും ഹോം മാച്ചില്‍ ജയം കണ്ടു. ഫറോഐലന്‍ഡിനെ 2-0ന് തോല്‍പ്പിച്ചു. ഇതോടെ, ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കാമെന്ന പറങ്കിപ്പടയുടെ മോഹങ്ങള്‍ക്ക് തിരിച്ചടിയേറ്റു. സ്വിറ്റ്‌സര്‍ലന്‍ഡ് നാലാം മത്സരവും ജയിച്ച് പന്ത്രണ്ട് പോയിന്റോടെ എതിരില്ലാതെ നില്‍ക്കുകയാണ്. പോര്‍ച്ചുഗലിന് മൂന്ന് ജയവും ഒരു തോല്‍വിയുമായി ഒമ്പത് പോയിന്റാണുള്ളത്. ഹംഗറിയും വിട്ടുകൊടുക്കാന്‍ ഒരുക്കമല്ല. ഹോം മാച്ചില്‍ അവരും തകര്‍പ്പന്‍ ജയം സ്വന്തമാക്കി. അന്‍ഡോറയെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ് ഹംഗറി തകര്‍ത്തത്. ഏഴ് പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട് ഹംഗറി.
ഇരുപത്തെട്ടാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു ക്രിസ്റ്റ്യാനോയുടെ ആദ്യ ഗോള്‍. അറുപത്തേഴാം മിനുട്ടില്‍ യുസിന്‍സിലൂടെ ലാറ്റ്‌വിയെ ഗോള്‍ മടക്കിയതോടെ പോര്‍ച്ചുഗല്‍ പെട്ടു. ഈ സമനില ഗോളിന് എട്ട് മിനുട്ട് മുമ്പ് ക്രിസ്റ്റ്യാനോ മത്സരത്തില്‍ ലഭിച്ച രണ്ടാം പെനാല്‍റ്റി പാഴാക്കിയിരുന്നു.
എന്നാല്‍, വില്യം കാര്‍വാലോ തന്റെ കന്നി രാജ്യാന്തര ഗോള്‍ നേടിക്കൊണ്ട് പോര്‍ച്ചുഗലിനെ 2-1ന് മുന്നിലെത്തിച്ചു. റികാര്‍ഡോ ക്വാരിസ്മയുടെ ക്രോസ് ബോളില്‍ ഹെഡറിലൂടെയാണ് കാര്‍വാലോയുടെ ഗോള്‍.
എണ്‍പത്തഞ്ചാം മിനുട്ടില്‍ ക്രിസ്റ്റ്യാനോ തകര്‍പ്പന്‍ വോളിയിലൂടെ ടീമിനെ 3-1ന് മുന്നിലെത്തിച്ചു. ഇഞ്ചുറി ടൈമിലെ രണ്ടാം മിനുട്ടില്‍ ആവസിന്റെ ഹെഡര്‍ പോര്‍ച്ചുഗലിന്റെ ജയം ആധികാരികമാക്കി (4-1).
കൂടുതല്‍ സമയം പന്ത് കൈവശം വെച്ച് കളിച്ച പോര്‍ച്ചുഗല്‍ മികച്ച അറ്റാക്കിംഗ് കാഴ്ചവെച്ചു. കഴിഞ്ഞ മത്സരങ്ങളില്‍ ഫറോ ഐലന്‍ഡിനെയും അന്‍ഡോറയേയും മടക്കമില്ലാത്ത ആറ് ഗോളുകള്‍ക്ക് തുരത്തിയ പോര്‍ച്ചുഗല്‍ ഫ്രീ സ്‌കോറിംഗ് തുടരുകയാണ്.

എട്ടടി ഉയരെ ബെല്‍ജിയം…
ഗ്രൂപ്പ് എച്ചില്‍ എസ്‌തോണിയക്കെതിരെ ബെല്‍ജിയത്തിന് തകര്‍പ്പന്‍ജയമൊരുക്കിയത് ഡ്രൈസ് മെര്‍ട്ടെന്‍സ്, റൊമേലു ലുകാകു എന്നിവരുടെ ഇരട്ട ഗോളുകള്‍. തോമസ് മ്യൂനിയര്‍, എദെന്‍ ഹസാദ്, യാനിക് കരാസ്‌കോ എന്നീ ബെല്‍ജിയം താരങ്ങളും സ്‌കോര്‍ ചെയ്തു. ഇതിനിടെ എസ്‌തോണിയയുടെ രാഗ്നര്‍ ക്ലാവന്റെ സെല്‍ഫ് ഗോളും. ആദ്യ പകുതിയില്‍ 3-1 ആയിരുന്നു സ്‌കോര്‍. എസ്‌തോണിയയുടെ ഏക ഗോള്‍ നേടിയത് ഹെന്റി അനിയറാണ്.
യോഗ്യതാ റൗണ്ടില്‍ ബെല്‍ജിയത്തിന്റെ വലയില്‍ ആദ്യമായി പന്തെത്തിച്ച താരം എന്ന ഖ്യാതി ടീമിന്റെ നാണക്കേടിലും അനിയറിന് ആശ്വസിക്കാനുള്ള വകയായി. പ്ലേ മേക്കല്‍ എദെന്‍ ഹസാദ് പരുക്കേറ്റ് എഴുപത്തിനാലാം മിനുട്ടില്‍ കളം വിട്ടു. ഇത് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ചെല്‍സിയുടെ ചങ്കിടിപ്പേറ്റുന്നു. റോബര്‍ട്ടോ മാര്‍ട്ടിനെസ് പരിശീലിപ്പിക്കുന്ന ബെല്‍ജിയം ഗ്രൂപ്പിലെ നാല് കളിയും ജയിച്ചുട ഇരുപത്തൊന്ന് ഗോളുകള്‍ സ്‌കോര്‍ ചെയ്തു.

എതിരാളിയുടെ ട്രൗസറൂരി !
സെകോക്ക് ചുവപ്പ് കാര്‍ഡ് !!
സംഘര്‍ഷഭരിതമായ പോരാട്ടമായിരുന്നു ഗ്രീസില്‍ ബോസ്‌നിയ ഹെര്‍സെഗൊവിനയുടെത്. 1-1ന് പിരിഞ്ഞ കളിയില്‍ ബോസ്‌നിയയുടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ എദിന്‍ സെകോ ചുവപ്പ് കാര്‍ഡ് കണ്ടു. ആദ്യം ഗോള്‍ നേടിയത് ബോസ്‌നിയയാണ്. ആദ്യപകുതിയില്‍ മുന്നിട്ട് നില്‍ക്കുകയും ചെയ്തു. എഴുപത്തൊമ്പതാം മിനുട്ടിലാണ് പ്രശ്‌നങ്ങളുടെ തുടക്കം. റോമ സ്‌ട്രൈക്കറായ സെക്കോ പന്ത് വരുതിയിലാക്കാന്‍ ശ്രമിക്കവെ ഗ്രീസിന്റെ കിരിയാകോസ് പാപഡോപൊലൊസിന്റെ ഡിഫന്‍ഡിംഗ്. പ്രകോപിതനായ സെക്കോ ഗ്രീക്ക് താരവുമായി ഗുസ്തി നടത്തുന്നതാണ് പിന്നീട് കണ്ടത്. രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് സെക്കോ പുറത്തേക്ക്. പിന്നീട് പാപഡോപൊലസിനും ചുവപ്പ് കാര്‍ഡ് കണ്ടെങ്കിലും ഇഞ്ചുറിടൈമില്‍ ഗ്രീസ് സമനില നേടി.
ഡിപേ ഗോളടിച്ചു, ആശ്വാസം മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്
ഹോളണ്ട് 3-1ന് ലക്‌സംബര്‍ഗിനെ തോല്‍പ്പിച്ചപ്പോള്‍ രണ്ട് ഗോളുകള്‍ നേടിയത് മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ ഫോം വീണ്ടെടുക്കാന്‍ പ്രയാസപ്പെടുന്ന മെംഫിസ് ഡിപെ. 2015 സീസണില്‍ ഡച്ച് ക്ലബ്ബ് പി എസ് വി ഐന്തോവനില്‍ നിന്ന് മാഞ്ചസ്റ്ററിലെത്തിയ ഡിപേ നടപ്പ് സീസണില്‍ ക്ലബ്ബിനായി കളിക്കാനിറങ്ങിയത് ഇരുപത് മിനുട്ട് മാത്രം. ലക്‌സംബര്‍ഗിനെതിരെ പകരക്കാരനായി കളത്തിലിറങ്ങിയ ഡിപെ ഹെഡറിലൂടെയും ഫ്രീകിക്കിലൂടെയും ഗോളുകള്‍ നേടി. ബയേണ്‍ മ്യൂണിക് വിംഗര്‍ ആര്യന്‍ റോബനാണ് ഹോളണ്ടിന്റെ മറ്റൊരു സ്‌കോറര്‍.