ഫോണിലേക്ക് അശ്ലീല സന്ദേശം; പള്ളി വികാരിക്കെതിരെ മധ്യവയസ്‌ക രംഗത്ത്

Posted on: November 15, 2016 12:16 am | Last updated: November 15, 2016 at 12:12 am

കോഴിക്കോട്: ഫോണില്‍ നിരന്തരം അശ്ലീല സന്ദേശങ്ങളയച്ച് ലൈംഗികാതിക്രമം നടത്തിയ പള്ളി വികാരിക്കെതിരെ നടപടി ആവശ്യപ്പെട്ട് മധ്യവയസ്‌ക രംഗത്ത്. കോഴിക്കോട് നടക്കാവ് സി എസ് ഐ സെന്റ് മേരീസ് ഇംഗ്ലീഷ് പള്ളിയിലെ വികാരിയായ റവ. ടി എ ജെയിന് എതിരെയാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരിയും ചേവായൂര്‍ സ്വദേശിനിയും വിധവയുമായ സേതുലക്ഷ്മി ഹെന്റി രംഗത്തെത്തിയത്. വികാരിയുടെ നടപടിക്കെതിരെ ബിഷപ്പ് റവ .റോയ്‌സ് വിക്ടറിനെ നേരില്‍ കണ്ട് പരാതി നല്‍കിയെങ്കിലും ഗൗനിച്ചില്ലെന്ന് ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മകളുടെ ജന്മദിനത്തിന് വീട്ടില്‍ വന്ന് പ്രാര്‍ഥിക്കണമെന്ന് കഴിഞ്ഞ ആഗസ്റ്റില്‍ വികാരിയോട് ആവശ്യപ്പെട്ടിരുന്നു. പ്രാര്‍ഥനക്ക് ശേഷം വികാരിയെ വിളിച്ച് നന്ദി പറഞ്ഞു. എന്നാല്‍ തുടര്‍ന്ന് അദ്ദേഹം നിരന്തരം ഫോണിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു. ഗത്യന്തരമില്ലാതായപ്പോഴാണ് സഭാ നേതൃത്വത്തിന് പരാതി നല്‍കിയത്.
സംഭവം വിവാദമായതോടെ കുറ്റകൃത്യം ഒരിക്കലും പുറത്ത് പറയരുതെന്നും ആവശ്യമായ നടപടി സ്വീകരിച്ച് അറിയിക്കാമെന്നും ബിഷപ്പ് ഇ മെയില്‍ അയച്ചു. ഇതിന് ശേഷം വികാരിയെ നിലമ്പൂര്‍ സി എസ് ഐ സെന്റ് മാത്യൂസ് പളളിയിലേക്ക് സ്ഥലം മാറ്റി. എന്നാല്‍ ഈ സ്ഥലം മാറ്റം അട്ടിമറിച്ച് 33 ദിവസത്തിന് ശേഷം ഇയാള്‍ ഇംഗ്ലീഷ് പള്ളിയിലേക്ക് തിരികെയെത്തി. ഇദ്ദേഹമുള്ള പള്ളിയില്‍ പോയി വിശ്വാസിയായ തനിക്ക് പ്രാര്‍ഥിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്ന് സേതുലക്ഷ്മി പറയുന്നു. പോലീസില്‍ പരാതിപ്പെട്ടിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ഇവര്‍ ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ അന്വേഷി പ്രസിഡന്റ് കെ അജിത, വിക്‌ടോറിയ, തങ്ക പങ്കെടുത്തു.