മോദിജീ, അങ്ങിങ്ങനെ പതറിയാലോ?

2013 വരെയുള്ള ദശകത്തില്‍ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്റെ ഉടയോനായിരുന്നു അരുണ്‍ ജെയ്റ്റ്‌ലി. ആ നിലക്ക് ബി സി സി ഐ ഭരണസമിതിയിലെ അംഗവും. ഇക്കാലത്തിനിടെയാണ് ഐ പി എല്‍ വ്യവസായം തുടങ്ങാന്‍ ബി സി സി ഐ തീരുമാനിച്ചത്; ആ വകയുടെ നടത്തിപ്പിനായി ശരദ് പവാറെന്ന അതികായന്‍ ലളിത് മോദിയെന്ന അവതാരത്തെ ചുമതലയേല്‍പ്പിക്കുന്നത്. നിത അംബാനിയുടെ മുംബൈ ഇന്ത്യന്‍സ് മുതല്‍ ശില്‍പ്പ ഷെട്ടിക്ക് ഓഹരിയുള്ള രാജസ്ഥാന്‍ റോയല്‍സ് വരെയുള്ള ടീമുകള്‍ ഉരുവമെടുക്കുന്നതും അതിന് നിദാനമാകാന്‍ കമ്പനികളുണ്ടാകുന്നതും ഇക്കാലത്താണ്. മൗറീഷ്യസില്‍ രജിസ്റ്റര്‍ ചെയ്ത കടലാസ് കമ്പനികളിലൂടെ ഈ ടീമുകളുടെ ഉടമകളായ കമ്പനികളിലേക്ക് കള്ളപ്പണമൊഴുകിയപ്പോള്‍ നമ്മുടെ ബഹുമാന്യനായ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ഐ പി എല്ലിനെ ഭരിക്കുന്ന ബി സി സി ഐയുടെ തലപ്പത്തുണ്ടായിരുന്നു. ഇപ്പോള്‍ കള്ളപ്പണം പിടിക്കാന്‍ നടക്കുന്നവന്‍ മുന്‍കാലത്ത് കള്ളപ്പണം സൂക്ഷിച്ചിരുന്നയാളോ സൂക്ഷിക്കാന്‍ സഹായം നല്‍കിയയാളോ ആണെന്ന് വേണമെങ്കില്‍ പറയാം. 2009 മുതല്‍ 2014 വരെ ഗുജറാത്ത് പ്രദേശ് ക്രിക്കറ്റ് കമ്മിറ്റിയുടെ പ്രസിഡന്റ്, അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയാണ്. അദ്ദേഹം സ്ഥാനമൊഴിഞ്ഞയന്ന് മുതല്‍ അമിത് ഷായും.
Posted on: November 15, 2016 6:00 am | Last updated: November 14, 2016 at 11:53 pm

cartoon-nov-12കള്ളപ്പണത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും അതൊന്നാകെ ഇല്ലാതാക്കാതെ വിശ്രമമില്ലെന്നും അതിന് സ്വീകരിച്ച നടപടികളുടെ ഭാഗമായി 500, 1000 നോട്ടുകള്‍ പിന്‍വലിച്ചത് കൊണ്ടുണ്ടായ പ്രയാസം ഇല്ലാതാക്കാന്‍ 50 ദിവസത്തെ സമയം അനുവദിക്കണമെന്നും അതിനകം പ്രയാസം തീര്‍ക്കാന്‍ സാധിച്ചില്ലെങ്കില്‍ ദേശം വിധിക്കുന്ന ഏത് ശിക്ഷയും (കഴുവേറ്റലടക്കമെന്ന് ദേശീയ മാധ്യമങ്ങള്‍) സ്വീകരിക്കാമെന്നും രാജ്യത്തിന്റെ പരമാധികാരി (അദ്ദേഹത്തിന്റെ ഭാഷയില്‍ പ്രധാന സേവകന്‍) വികാരവിവശനായി പ്രസ്താവിച്ചിരിക്കുന്നു. തന്റെ ജീവനെടുക്കാന്‍ കള്ളപ്പണക്കാര്‍ ശ്രമിച്ചേക്കാം എങ്കിലും മുന്നോട്ടുവെച്ച കാല്‍ പിന്നോക്കം വെക്കില്ല. രാജ്യത്തിന് വേണ്ടി വീടും കുടുംബവും ത്യജിച്ചയാളിന് കസേരയോട് കമ്പമുണ്ടാകില്ല. അതുകൊണ്ട് തന്നെ എല്ലാം ശുദ്ധീകരിക്കുക എന്നതിനപ്പുറത്തൊരു ലക്ഷ്യം അദ്ദേഹത്തില്‍ കാണേണ്ടതില്ല. ആ ഉദ്ദേശ്യശുദ്ധി രാജ്യത്തെ ദരിദ്രജനകോടികള്‍ക്ക് മനസ്സിലാകാതെ വരില്ല, പ്രത്യേകിച്ച് വികാരവിക്ഷോഭം പരസ്യമാകുക കൂടി ചെയ്കയാല്‍. അതുകൊണ്ടു തന്നെ, ഡിസംബര്‍ 30 വരെ (ഇപ്പോഴത്തെ പ്രതീക്ഷ അനുസരിച്ച്) എ ടി എമ്മുകളുടെയും ബേങ്കുകളുടെയും മുന്നില്‍ വരി നിന്ന് അത്യാവശ്യങ്ങള്‍ക്ക് പണം കണ്ടെത്താന്‍ ശ്രമിക്കുന്നവരൊക്കെ, ഈ ഭരണത്തിന് അതിന്റെ നേതാവിന് ജയ് വിളിക്കുമെന്ന് ഉറപ്പ്.
ഡിസംബര്‍ 30 ഓടെ കള്ളപ്പണം ഏതാണ്ട് തീരുമെന്നാണ് പരമാധികാരിയുടെ വാക്കുകള്‍ കേട്ടാല്‍ കരുതേണ്ടത്. ബാക്കിയുള്ളത് കണ്ടുകെട്ടാനും അഴിമതി തുടച്ചുനീക്കാനും ചില പുതിയ പദ്ധതികള്‍ മനസ്സിലുണ്ട്. ഡിസംബര്‍ 30ന് ശേഷം അത് കൂടി പ്രഖ്യാപിക്കും. അതോടെ കള്ളപ്പണമുക്തവും അഴിമതിരഹിതവുമായ രാജ്യത്തിലേക്കുള്ള യാത്രയുടെ വേഗം കൂടും. ”ഇതൊക്കെ ചെയ്യാനല്ലേ നിങ്ങള്‍ എന്നോട് ആവശ്യപ്പെട്ടത്” എന്ന് ചോദ്യം. ”അതേ” എന്ന് സംഘ ഗാനം. ”അഴിമതി ഇല്ലാതാക്കേണ്ടേ?” എന്ന് ചോദ്യം. ”വേണം” എന്ന് സംഘഗാനം. ”കള്ളപ്പണം അവസാനിപ്പിക്കേണ്ടേ?” എന്ന് ചോദ്യം. ”വേണം” എന്ന് സംഘഗാനം. ചോദ്യോത്തരപംക്തി വരും ദിനങ്ങളില്‍ തുടരും, ‘ദേശീയ’ ബോധമുള്ള മാധ്യമങ്ങളൊക്കെ അത് പ്രസിദ്ധം ചെയ്യും. അതോടെ, അധ്വാനിച്ചുണ്ടാക്കിയ പണം, തിരുവുള്ളം കനിയുകയാല്‍ മൂല്യമുള്ള കടലാസായി മാറ്റിയെടുത്ത് ഉപജീവനം കഴിക്കേണ്ടിവരുന്ന ജനം, കൂടുതല്‍ വിനയാന്വിതരും നമ്രശിരസ്‌കരും ഉത്തരോത്തരം വിധേയരുമായി മാറുമെന്ന് പ്രതീക്ഷിക്കുക.
കണക്കില്ലാത്ത പണം മുഴുവന്‍ കള്ളപ്പണമാകുന്നു, പരമാധികാരത്തിന്റെ ഭാഷയില്‍ ‘കാലാ ധന്‍’. ഉറവിടമേതെന്ന് പറയാന്‍ സാധിക്കാത്ത പണമാണ് കണക്കില്ലാത്തതില്‍ ഒന്ന്. ഉറവിടം പറയാന്‍ സാധിക്കുകയും ഉറവിടത്തിങ്കല്‍ നിന്ന് സര്‍ക്കാര്‍ ഖജാനയിലേക്ക് ചെല്ലേണ്ട വിഹിതം ചെല്ലാതിരിക്കുകയും ചെയ്യുന്നതാണ് കണക്കില്ലെന്ന് പറയുന്നതില്‍ രണ്ടാമത്തേത്. രണ്ടായാലും, നിശ്ചിത വിഹിതവും അതിന്റെ പിഴയും അടച്ച് വേണമെങ്കില്‍ കണക്കുള്ള പണമാക്കി (വെളുപ്പിച്ചത്) മാറ്റാം. ഒന്നുകൂടി വ്യക്തമാക്കാം. വര്‍ഷത്തില്‍ അഞ്ച് ലക്ഷം വരുമാനമുള്ളവന്‍, അമ്പതിനായിരം രൂപ വരുമാന നികുതി ഒടുക്കണമെന്ന് കരുതുക. അത് ഒടുക്കാതിരുന്നാല്‍ വര്‍ഷാന്ത്യം അവന്റെ ഹുണ്ടികയിലുള്ളത് മുഴുവന്‍ ‘കാലാ ധന്‍’ ആണ്. വെളുപ്പിക്കണമെങ്കില്‍ നിശ്ചിത നികുതിയും അധികാരത്തിങ്കല്‍ നിന്ന് നിശ്ചയിക്കുന്ന പിഴയും ഒടുക്കണം. നവംബര്‍ എട്ടിന് രാത്രി എട്ടടിച്ച സമയത്ത്, അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതായ പ്രഖ്യാപനം വരുന്നതിന് മുമ്പ്. ശേഷകാലം, അഞ്ഞൂറിന്റെയും ആയിരത്തിന്റെയും രണ്ടര ലക്ഷത്തിലധികം മൂല്യം വരുന്ന നോട്ടുമായി ബേങ്കുകളിലെത്തുന്നവര്‍ മുഴുവന്റെയും സ്രോതസ്സ് അറിയിക്കണം. സ്രോതസ്സില്‍ സംശയം തോന്നിയാല്‍ നികുതിയും പിഴയും അടക്കണം. ലക്ഷണദോഷം കണ്ടാല്‍ ക്രിമിനല്‍ കേസും നേരിടേണ്ടിവരും.
ക്ലിപ്ത വരുമാനമുള്ള വ്യക്തികളും ക്ലിപ്തത്തിനപ്പുറത്ത് കിമ്പളമോ കമ്മീഷനോ ഒക്കെയായി സമ്പാദ്യം നടത്തിയവരോ ഒക്കെയാണ് ഇവ്വിധം കണക്കുബോധ്യപ്പെടുത്തി ചെമ്പകരാമന്‍മാരാകേണ്ടത്. ഇത് ബോധ്യപ്പെടുത്തണമെന്ന് മുന്‍കൂട്ടി അറിയിക്കയാല്‍ രണ്ടര ലക്ഷത്തിലധികത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ പ്രയാസമുള്ളവരാരും ബേങ്കുകളിലെ വരികളിലേക്ക് പോകാന്‍ ഇടയില്ല. അധികമുള്ള പണം, പല വ്യക്തികളുടെ കൈവശം കൊടുത്ത് മാറ്റിയെടുത്ത് അവര്‍ മര്യാദാ പുരുഷോത്തമന്‍മാരാകും. അതിന് സാധിക്കാത്തവര്‍, മൂല്യമില്ലാത്ത കടലാസുകളെ ചുട്ടെരിച്ച് മര്യാദക്കാരാകും. ചേതം ആര്‍ക്ക്? ഇക്കാലത്തിനിടെ ബേങ്കുകളില്‍ വരി നില്‍ക്കാന്‍ സമയം കളഞ്ഞവര്‍ക്ക്, അങ്ങനെ കളഞ്ഞ സമയം പണിക്ക് പോയിരുന്നുവെങ്കില്‍ കൂലി കിട്ടുമായിരുന്നവര്‍ക്ക്, അങ്ങനെ കൂലി കൃത്യമായി കിട്ടിയിരുന്നുവെങ്കില്‍ കുട്ടികള്‍ക്ക് പുസ്തമോ പുതിയ വസ്ത്രമോ വാങ്ങിക്കൊടുക്കാന്‍ കഴിയുമായിരുന്നവര്‍ക്ക്, കൂലിപ്പണം കൃത്യമായി കിട്ടിയിരുന്നുവെങ്കില്‍ ബന്ധുമിത്രകളത്രാദികള്‍ക്ക് ചികിത്സ മുടക്കാതെ നോക്കാമായിരുന്നുവെന്ന് നിരീച്ചവര്‍ക്ക് – അവര്‍ക്കൊക്കെ ചേതമുണ്ടാകും. ആ ചേതം കണക്കാക്കേണ്ട ബാധ്യത പരമാധികാരിക്കില്ല, അദ്ദേഹത്തിന്റെ പാര്‍ട്ടിക്കില്ല, അതിനെ നിയന്ത്രിക്കുന്ന പരിവാരത്തിനില്ല.
ഡിസംബര്‍ മുപ്പത് വരെ വിവിധ ബേങ്കുകളില്‍ കിട്ടി ബോധിച്ച ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കണക്കെടുക്കും പരമാധികാരി. അതിന്റെ മൂല്യം കണക്കാക്കും. റിസര്‍വ് ബേങ്കിന്റെ കമ്മട്ടത്തില്‍ അടിച്ച്, ജനത്തിന് പൂണ്ടുവിളയാടാന്‍ നല്‍കിയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളുടെ ആകെ മൂല്യം 14 ലക്ഷം കോടിയാണ്. ഡിസംബര്‍ മുപ്പത് വരെ ബേങ്കുകള്‍ വഴി റിസര്‍വ് ബേങ്കിലേക്ക് തിരികെ എത്തിയ അഞ്ഞൂറ്, ആയിരം വഹകളുടെ മുല്യം ഇത്രത്തോളം വരുന്നില്ലെങ്കില്‍. റിസര്‍വ് ബേങ്കിലും ഇതര ബാങ്കുകളിലുമായി 14 ലക്ഷം കോടിയില്‍ എത്ര മൂല്യം വരുന്ന അഞ്ഞൂറും ആയിരവുമുണ്ടായിരുന്നുവെന്ന് ജനമറിയില്ല. ആകയാല്‍ ബേങ്കുകളില്‍ തിരിച്ചെത്തിയതില്‍ ശേഷം വരുന്നതൊക്കെ ‘കാലാ ധന്‍’ ആയിരുന്നുവെന്ന് പരമാധികാരി പ്രഖ്യാപിക്കും. ഇത്രത്തോളം കള്ളപ്പണം കണ്ടെത്തി നശിപ്പിച്ച പുമാനെ രാജ്യം ഇത്രകാലത്തിനിടെ കണ്ടിട്ടുണ്ടോ എന്ന് അന്വത്തിയാറിഞ്ച് നെഞ്ചില്‍ രണ്ട് ചൂണ്ടുവിരലും ചേര്‍ത്ത് ചോദിക്കും. ഇല്ലേ എന്ന സംഘഗാനം പ്രതീക്ഷിച്ച്! ഡോളറിലോ യൂറോയിലോ പൗണ്ടിലോ ഒക്കെ പണം സൂക്ഷിച്ചവരുണ്ടാകില്ലേ? സ്വര്‍ണമായി, വൈരങ്ങളായി, ഭൂമിയായി, അപ്പാര്‍ട്ടുമെന്റുകളായി ഒക്കെ കള്ളപ്പണം സൂക്ഷിച്ചവരുണ്ടാകില്ലേ എന്ന് ചോദിച്ചാല്‍. ബിനാമി സ്വത്ത് ഇല്ലാതാക്കാന്‍ നിയമം കൊണ്ടുവന്നില്ലേ എന്ന് ചോദ്യം മറുപടിയായുണ്ട്. വിദേശത്തെ ബേങ്കുകളില്‍ സൂക്ഷിച്ചവകളെക്കുറിച്ച് ചോദിച്ചാലോ, അതൊക്കെ കണ്ടെത്താന്‍ കരാറുണ്ടാക്കിയിട്ടുണ്ടെന്ന് മറുപടി. അപ്പോഴേക്കും ദേശീയതയില്‍ ആറാടി, രാജ്യസ്‌നേഹത്താല്‍ പുളകിത ഗാത്രരായി, അന്നവസ്ത്രാദികളെക്കുറിച്ച് ചിന്തപോലും ശേഷിക്കാത്ത ഉയര്‍ന്ന മനോനിലയിലേക്ക് ജനം മാറിയിട്ടുണ്ടാകും. അവ്വളവുക്ക് അമ്പത് നാള്‍ ധാരാളം മതിയാകും. അവര്‍ക്കീ മറുപടികള്‍ മതിയാകും ജാതകത്തിലെ ശേഷം ചിന്ത്യം കാലത്തോളം തൃപ്തമനസ്‌കരാകാന്‍.
ഇവ്വിധം വ്യക്തികളെ ഇവിടെ വിടുക. മറ്റുചില വ്യക്തികളെ എടുക്കുക. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. 2013 വരെയുള്ള ദശകത്തില്‍ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്റെ ഉടയോനായിരുന്നു. ആ നിലക്ക് ബോര്‍ഡ് ഫോര്‍ കണ്‍ട്രോള്‍ ഓഫ് ക്രിക്കറ്റ് ഇന്‍ ഇന്ത്യയുടെ (ബി സി സി ഐ) ഭരണസമിതിയിലെ അംഗവും. ഇക്കാലത്തിനിടെയാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗെന്ന വ്യവസായം തുടങ്ങാന്‍ ബി സി സി ഐ തീരുമാനിച്ചത്; ആ വകയുടെ നടത്തിപ്പിനായി ശരദ് പവാറെന്ന അതികായന്‍ ലളിത് മോദിയെന്ന അവതാരത്തെ ചുമതലയേല്‍പ്പിക്കുന്നത്. നിത അംബാനിയുടെ ഉടമസ്ഥതയിലുള്ള മുംബൈ ഇന്ത്യന്‍സ് മുതല്‍ ശില്‍പ്പ ഷെട്ടിക്ക് ഓഹരിയുള്ള രാജസ്ഥാന്‍ റോയല്‍സ് വരെയുള്ള ടീമുകള്‍ ഉരുവമെടുക്കുന്നതും അതിന് നിദാനമാകാന്‍ കമ്പനികളുണ്ടാകുന്നതും ഇക്കാലത്താണ്. മൗറീഷ്യസില്‍ രജിസ്റ്റര്‍ ചെയ്ത കടലാസ് കമ്പനികളിലൂടെ ഈ ടീമുകളുടെ ഉടമകളായ കമ്പനികളിലേക്ക് കള്ളപ്പണമൊഴുകിയപ്പോള്‍ നമ്മുടെ ബഹുമാന്യനായ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ഐ പി എല്ലിനെ ഭരിക്കുന്ന ബി സി സി ഐയുടെ തലപ്പത്തുണ്ടായിരുന്നു – ഓര്‍മിക്കാന്‍ പറഞ്ഞുവെന്നേയുള്ളൂ.
2003 – 04 സാമ്പത്തിക വര്‍ഷം മുതല്‍ 2009-10 സാമ്പത്തിക വര്‍ഷം വരെയുള്ള കാലത്ത് 2300 കോടി രൂപ വരുമാന നികുതി നല്‍കേണ്ടതായിരുന്നുവെന്നും ആയത് ഉടന്‍ അടച്ച് രശീത് വാങ്ങണമെന്നും കാട്ടി ആദായ നികുതി വകുപ്പ് ബി സി സി ഐക്ക് കത്ത് നല്‍കിയത് 2013ലാണ്. നിശ്ചയിക്കപ്പെട്ട നികുതി ഖജനാവിലേക്ക് ഒടുക്കാതിരുന്നാല്‍, അവ്വിധമുള്ള പണം ‘കാലാ ധന്‍’ ആണ്. 2003-04 മുതല്‍ 2009 – 10 വരെയുള്ള ഏഴ് സാമ്പത്തിക വര്‍ഷത്തിലായി ബി സി സി ഐ സൂക്ഷിച്ച ‘കാലാ ധന’ത്തിന് അന്ന് ഭരണസമിതിയംഗമായിരുന്ന ജെയ്റ്റ്‌ലിയദ്യം ഉത്തരവാദിയാണെന്ന് ചുരുക്കം. ഇപ്പോള്‍ കള്ളപ്പണം പിടിക്കാന്‍ നടക്കുന്നവന്‍ മുന്‍കാലത്ത് കള്ളപ്പണം സൂക്ഷിച്ചിരുന്നയാളോ സൂക്ഷിക്കാന്‍ സഹായം നല്‍കിയയാളോ ആണെന്ന് വേണമെങ്കില്‍ പറയാം. 2009 മുതല്‍ 2014 വരെ ഗുജറാത്ത് പ്രദേശ് ക്രിക്കറ്റ് കമ്മിറ്റിയുടെ പ്രസിഡന്റ്, അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയാണ്. അദ്ദേഹം സ്ഥാനമൊഴിഞ്ഞയന്ന് മുതല്‍ ഇപ്പോഴത്തെ ബി ജെ പി പ്രസിഡന്റ് അമിത് ഷായും. വരുമാനത്തിനൊപ്പിച്ച് ബി സി സി ഐ നികുതിയടക്കാത്തതിലോ ഐ പി എല്ലിലേക്ക് കള്ളപ്പണമൊഴുകിയതിലോ ഇവര്‍ക്ക് ഏതെങ്കിലും പങ്കുണ്ടെന്ന് കരുതാന്‍ തരമില്ല. ക്രിക്കറ്റിനെ ഒരു കളി മാത്രമായി കണ്ട് അതിലേക്ക് പിച്ചവെച്ച നിഷ്‌കളങ്കരാണിവര്‍. അതില്‍ പണമൊഴുകുന്നതിനെക്കുറിച്ചോ അവ്വിധമുള്ള ഒഴുക്കില്‍ കള്ളമുണ്ടാകാനുള്ള സാധ്യതയെക്കുറിച്ചോ ചിന്തിക്കാന്‍ പോലുമുള്ള കാപട്യം മനസ്സിലുണ്ടാകാത്തവര്‍. ആകയാല്‍ വൈകി മാത്രം അരങ്ങിലെത്തിയവരുടെ, ജീവന്‍ ത്യജിച്ചും കള്ളപ്പണം തടയുമെന്ന പ്രതിജ്ഞാബദ്ധതയെ വിശ്വസിക്കുക.
ആദായ നികുതി വകുപ്പ് നല്‍കിയ നോട്ടീസ്, ബി സി സി ഐ കോടതിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. നടപടികള്‍ പൂര്‍ത്തീകരിച്ച് വിധിവരാന്‍ ഇനിയും വര്‍ഷങ്ങളെടുക്കും. അക്കാലം വരെ ബി സി സി ഐയുടെ പക്കലുണ്ടായിരുന്നത് കറുത്തതോ വെളുത്തതോ എന്ന് തിട്ടപ്പെടുത്താനാകില്ല. ഐ പി എല്ലിലെ കമ്പനികളിലേക്ക് ഒഴുകിയ പണത്തിന്റെ കാര്യത്തിലൂം കോടതി നടപടികളിലൂടെ തീര്‍പ്പുണ്ടാകണം. ഇങ്ങനെ ലക്ഷം കോടികളുടെ കാര്യത്തിലൊക്കെ കോടതി നടപടികള്‍ കഴിഞ്ഞ് വേണം സംഗതി കറുത്തതോ വെളുത്തതോ എന്ന് തീര്‍ച്ചപ്പെടുത്താന്‍. സഹസ്ര കോടികളോ ലക്ഷം കോടികളോ ഒക്കെ ‘കാലാ ധന്‍’ എന്ന ആരോപണം നേരിട്ടാല്‍ അപ്പീലു കൊടുക്കാന്‍ വകുപ്പുണ്ട്. അത് പരിഗണിക്കാന്‍ ട്രൈബ്യൂണലുകളുണ്ട്, അതു കഴിഞ്ഞാല്‍ കോടതികളും. നിയമത്തിലെ പഴുതുനോക്കി പയറ്റാന്‍ പരിശീലനവും അനുഭവസമ്പത്തും നേടിയ അഭിഭാഷകന്റെ അടവുകള്‍ക്ക് മുന്നില്‍ പതറാത്തതല്ല നീതിന്യായം. ഓഹരി കൈമാറ്റക്കേസില്‍ വോഡഫോന്‍ നികുതിയും പിഴയുമടക്കം 33,000 കോടി ഖജാനയിലടക്കണമെന്ന ഉത്തരവ് കോടതിയില്‍ ആവിയായത് അങ്ങനെയാണ്.
അതൊക്കെ വലിയ സംഘടനകള്‍, വലിയ കമ്പനികള്‍. വലിയ ആളുകള്‍ മുതല്‍ മുടക്കുകയോ വലിയ ആളുകള്‍ ഭരിക്കുകയോ ചെയ്യുന്ന സംവിധാനങ്ങള്‍. അവിടുത്തെ കറുപ്പും വെളുപ്പും തീരുമാനിക്കുന്നതിന് കടമ്പകള്‍ ഏറെയുണ്ട്. രണ്ടര ലക്ഷത്തിന് മേല്‍ കൈവശം വെക്കുന്ന പൗരബോധമില്ലാത്തവന്റെ കാര്യം അങ്ങനെയല്ല. നികുതിയും പിഴയും ചേര്‍ത്ത് അവനെ ഞെരുക്കണം. സ്രോതസ്സിലെ പിശകിന് വിചാരണ ചെയ്ത് വിധിക്കണം. അങ്ങനെയായാലേ ഭയമുണ്ടാകൂ. ഭയമുണ്ടെങ്കിലേ അച്ചടക്കമുണ്ടാകൂ. അച്ചടക്കമുള്ളവനേ നാവടക്കി പണിയെടുക്കൂ. നാവടക്കി പണിയെടുത്താലേ രാജ്യം വികസിക്കൂ. ‘രാജ്യത്ത് വികസനം വേണമെന്ന് നിങ്ങള്‍ ആവശ്യപ്പെട്ടില്ലേ’ എന്ന് ചോദ്യം. ‘ആവശ്യപ്പെട്ടൂ’ എന്ന് മറുപടി. ‘രാജ്യം വികസിപ്പിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത് എന്ന് നിങ്ങള്‍ക്ക് ബോധ്യപ്പെട്ടില്ലേ’ എന്ന് ചോദ്യം. ‘ബോധ്യപ്പെട്ടൂ’ എന്ന് മറുപടി.