പുസ്തകമേള സന്ദര്‍ശിച്ചത് 23.1 ലക്ഷം പേര്‍; 17.6 കോടിയുടെ വില്‍പന

Posted on: November 14, 2016 11:38 pm | Last updated: November 14, 2016 at 11:38 pm

1ഷാര്‍ജ: രാജ്യാന്തര പുസ്തകമേള സന്ദര്‍ശിച്ചത് 23.1 ലക്ഷം പേര്‍, 17.6 കോടി ദിര്‍ഹമിന്റെ വ്യാപാരം. 35-ാം പുസ്തകമേള വന്‍ വിജയമായതിന്റെ ആഹ്ലാദത്തിലാണ് അധികൃതര്‍.
ഈ മാസം രണ്ട് മുതല്‍ 12വരെയാണ് ഷാര്‍ജ പുസ്തകമേള എക്‌സ്‌പോയില്‍ നടന്നത്. ആദ്യദിനം മുതല്‍ സന്ദര്‍ശകരുടെ ഒഴുക്കായിരുന്നു. ആദ്യ നാലുദിവസത്തിനകം ആറരലക്ഷം പേര്‍ പങ്കെടുത്തിരുന്നു. പുസ്തകമേളക്ക് തിരശ്ശീല വീണപ്പോള്‍ സന്ദര്‍ശകരുടെ എണ്ണം സര്‍വ റിക്കോര്‍ഡും ഭേദിച്ചു. ലക്ഷക്കണക്കിന് ഇന്ത്യക്കാരും എത്തിയിരുന്നു.
35 വര്‍ഷത്തെ ചരിത്രത്തിലെ വലിയ വ്യാപാരമാണ് നടന്നതെന്ന് ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍മാന്‍ അഹ്മദ് ബിന്‍ റക്കദ് അല്‍ ആമിരി പറഞ്ഞു. 2016 യു എ ഇ വായാനാവര്‍ഷമായി ഭരണാധികാരികള്‍ പ്രഖ്യാപിച്ചത് വലിയ ഗുണം ചെയ്തു. ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ അകമഴിഞ്ഞ പിന്തുണയും ഉണ്ടായിരുന്നു.
സന്ദര്‍ശകരുടെയും വ്യാപാരത്തിന്റെയും അടിസ്ഥാനത്തില്‍, ലോകത്തിലെ വലിയ പുസ്തകമേളയാകണം ഷാര്‍ജയിലേതെന്ന ബുക്ക് അതോറിറ്റിയുടെ ആഗ്രഹം സഫലീകരിക്കപ്പെടും.
വിവര്‍ത്തനത്തിന് 20 ലക്ഷം ദിര്‍ഹം ബുക്ക് അതോറിറ്റി നല്‍കുന്നുണ്ടെന്നും ശ്രദ്ധേയമാണ്. തര്‍ജുമാന്‍ എന്ന പേരിലുള്ള പദ്ധതി പ്രധാനപ്പെട്ട ഒന്നാണ്-അഹ്മദ് ബിന്‍ റക്കദ് ആല്‍ ആമിരി പറഞ്ഞു.
അള്‍ജീരിയന്‍ നോവലിസ്റ്റും കവിയുമായ അഹ്‌ലം മുസ്തഗാനമി, സഊദി കവി ഡോ. മുഹമ്മദ് അല്‍ മുഖ്‌രിന്‍ മലയാളത്തിന്റെ നടന്‍ മമ്മൂട്ടി തുടങ്ങിവര്‍ ജനക്കൂട്ടത്തെ ആകര്‍ഷിച്ചു.
യുനൈറ്റഡ് നാഷന്‍സ് എജ്യക്കേഷനല്‍, സയിന്റിഫിക് ആന്റ് കള്‍ചറല്‍ ഓര്‍ഗനൈസേഷന്‍ (യുനെസ്‌കോ) അതിഥി സംഘടനയായിരുന്നു. നവം. എട്ടു മുതല്‍ 10 വരെ അമേരിക്കന്‍ ലൈബ്രറി അസോസിയേഷനും ബുക്ക് അതോറിറ്റിയും സംയുക്തമായി ഗ്രന്ഥശാലാ സമ്മേളനം നടത്തി.
താമസിയാതെ പുസ്തകമേള വേദി എമിറേറ്റ്‌സ് റോഡിന് സമീപത്തേക്ക് മാറും. 60,000 ചതുരശ്ര മീറ്ററിലാണ് വേദി തയ്യാറാകുന്നത്.