Connect with us

Kozhikode

പുത്തന്‍ നോട്ടിനായി നെട്ടോട്ടം

Published

|

Last Updated

കോഴിക്കോട് മാനാഞ്ചിറ എസ് ബി ഐയില്‍ നിന്ന് പഴയ നോട്ട് മാറ്റി പുതുതായി ലഭിച്ച                രണ്ടായിരം രൂപയുടെ  നോട്ട് കൗതുകത്തോടെ വീക്ഷിക്കുന്നവര്‍

കോഴിക്കോട് മാനാഞ്ചിറ എസ് ബി ഐയില്‍ നിന്ന് പഴയ നോട്ട് മാറ്റി പുതുതായി ലഭിച്ച രണ്ടായിരം രൂപയുടെ നോട്ട് കൗതുകത്തോടെ വീക്ഷിക്കുന്നവര്‍

കോഴിക്കോട്: 500,1000 നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷം ബേങ്കുകള്‍ തുറന്നപ്പോള്‍ നോട്ടുകള്‍ മാറ്റി വാങ്ങാനായി ബേങ്കുകളില്‍ ജനത്തിരക്ക്. തിരക്ക് നിയന്ത്രിക്കാനാകാതെ ഉദ്യോഗസ്ഥരും പോലീസും വലഞ്ഞു. നീണ്ട കാത്തിരിപ്പിനൊടുവിലും പണം കിട്ടാതെ വന്നപ്പോള്‍ പല ബേങ്കുകളിലും തര്‍ക്കം. പോസ്റ്റ് ഓഫീസുകളില്‍ നിന്ന് പണം മാറാമെന്ന് അറിയിപ്പിനെ തുടര്‍ന്ന് പോസ്റ്റ് ഓഫീസിലെത്തിയവര്‍ പണം ലഭിക്കാതെ മടങ്ങി.
ചൊവ്വാഴ്ച അര്‍ധരാത്രിയോടെ രാജ്യത്ത് 1000, 500 നോട്ടുകള്‍ അസാധുവാക്കിയതായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇന്നലെ മുതല്‍ ബേങ്കുകളില്‍ നിന്നും പോസ്റ്റ് ഓഫീസുകളില്‍ നിന്നും നോട്ടുകള്‍ മാറ്റി വാങ്ങാമെന്ന് അറിയിച്ചിരുന്നു. ഇതനുസരിച്ച് നഗരത്തിലും ജില്ലയിലെ മറ്റ് സ്ഥലങ്ങളിലും രാവിലെ മുതല്‍ തന്നെ പണം മാറ്റി വാങ്ങാനായി നീണ്ട ക്യൂവാണ് രൂപപ്പെട്ടത്. ബേങ്കുകള്‍ തുറക്കുന്നതിന് മുമ്പ് തന്നെ ആളുകള്‍ ക്യൂവില്‍ ഇടംപിടിച്ചു. പുതിയ 500, 2000 രൂപ നോട്ടുകള്‍ പല ബ്രാഞ്ചുകളിലും എത്താത്തതിനാല്‍ പണം നല്‍കാനായില്ലെന്ന പരാതിയുമുണ്ട്. നൂറുരൂപ നോട്ടുകളുടെ അധിക സ്‌റ്റോക്കുകളും ബേങ്കുകളില്‍ എത്തിയിരുന്നില്ല. മതിയായ പണം എത്തിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് പോസ്റ്റ് ഓഫീസുകളില്‍ നിന്നുള്ള വിതരണം നടക്കാതെ പോയത്. നോട്ട് മാറ്റി വാങ്ങാനുള്ള ഫോറം മാത്രമായിരുന്നു പോസ്റ്റ് ഓഫീസുകളിലുണ്ടായിരുന്നത്.
ഇന്ന് മുതല്‍ പോസ്റ്റ് ഓഫീസുകളില്‍ നിന്ന് നോട്ട് മാറ്റി നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പണം ലഭിക്കാത്തതിനെ തുടര്‍ന്ന് പോസ്റ്റ് ഓഫീസുകളില്‍ ജീവനക്കാര്‍ ജനങ്ങളില്‍ നിന്ന് പഴി കേള്‍ക്കേണ്ടി വന്നു. മാറ്റി നല്‍കാനുള്ള പുതിയ നോട്ടും 100 രൂപയുടെ അധിക സ്‌റ്റോക്കും പല ബേങ്കുകളിലും എത്താത്തത് പലയിടത്തും തര്‍ക്കങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. പൂരിപ്പിച്ച് നല്‍കാനുള്ള അപേക്ഷകള്‍ തീര്‍ന്നതും തര്‍ക്കങ്ങള്‍ക്കും ബഹളത്തിനും ഇടയാക്കി. മാനാഞ്ചിറയിലെ എസ് ബി ഐ ശാഖയില്‍ വന്‍ തിരക്കാണ് രാവിലെ മുതല്‍ അനുഭവപ്പെട്ടത്. രാവിലെ മുതല്‍ ടോക്കണ്‍ നമ്പര്‍ പ്രകാരമായിരുന്നു ആള്‍ക്കാരെ പണം മാറ്റി വാങ്ങാനായി പ്രവേശിപ്പിച്ചത്. എന്നാല്‍ ഇരുനൂറോളം പേര്‍ക്ക് ഇത്തരത്തില്‍ നോട്ട് മാറ്റി നല്‍കിയെങ്കിലും പിന്നീട് തിരക്ക് നിയന്ത്രിക്കാനാകാതെ വന്നപ്പോള്‍ ക്യൂ സിസ്റ്റമാക്കുകയായിരുന്നു. തിരക്ക് അനിയന്ത്രിതമായപ്പോള്‍ കുറച്ച് സമയം ഷട്ടര്‍ താഴ്ത്തി വിതരണം തത്കാലത്തേക്ക് നിര്‍ത്തിവെക്കേണ്ട സാഹചര്യവുമുണ്ടായി. തുടക്കത്തില്‍ ജനങ്ങളെ നിയന്ത്രിക്കാന്‍ കുറഞ്ഞ പോലീസുകാര്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ. തിരക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ പോലീസ് എത്തി മൂന്ന് ക്യൂ സംവിധാനം ഏര്‍പ്പെടുത്തുകയായിരുന്നു. 12 മണിയോടെ ഫോറം തീര്‍ന്നത് തര്‍ക്കത്തിനിടയാക്കി. നോട്ടുകള്‍ മാറ്റി വാങ്ങാനായി മൂന്ന് കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചിരുന്നു. നാലായിരം രൂപ വരെ മാത്രമാണ് മാറ്റി നല്‍കുന്നത്. ഒരു രണ്ടായിരത്തിന്റെ നോട്ടും ഇരുപത് നൂറിന്റെ നോട്ടുമാണ് നല്‍കുന്നത്. നോട്ടുകള്‍ ലഭിക്കാന്‍ ഐഡിന്റിറ്റി കാര്‍ഡ് ഹാജരാക്കണം. ഗ്രാമീണ്‍ ബേങ്ക് രാവിലെ മുതല്‍ നോട്ടുകള്‍ മാറ്റി നല്‍കിയെങ്കിലും പണം തീര്‍ന്നതിനെ തുടര്‍ന്ന് പിന്നീട് നിര്‍ത്തിവെക്കേണ്ടി വന്നു. ഗ്രാമീണ മേഖലകളില്‍ ജനങ്ങള്‍ ഏറ്റവുമധികം ബന്ധപ്പെടുന്ന സഹകരണ ബേങ്കുകള്‍ വഴി നോട്ടുകള്‍ മാറ്റി നല്‍കാന്‍ സംവിധാനമില്ലാത്തത് ജനങ്ങളെ ബാധിച്ചു.
നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് അടച്ചിട്ട എ ടി എമ്മുകള്‍ ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. എന്നാല്‍ പുതിയ നോട്ടുകള്‍ എ ടി എം വഴി ലഭിക്കുകയില്ല. പഴയ 100,50 നോട്ടുകള്‍ മാത്രമാണ് ലഭിക്കുക. രണ്ടായിരം രൂപ മാത്രമെ പിന്‍വലിക്കാന്‍ കഴിയൂ. എ ടി എമ്മുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ ഇവിടെയും തിരക്കേറും.
500,1000 നോട്ടുകള്‍ ആസാധുവായി പ്രഖ്യാപിച്ചത് ഗുരുതരമായി ബാധിച്ചത് വ്യാപാര മേഖലയെയും തൊഴിലാളികളെയുമാണ്. നോട്ടുകള്‍ മാറ്റി ലഭിച്ചുവെങ്കിലും പരമാവധി നാലായിരം രൂപ വരെ മാത്രം ലഭിച്ചത് കാരണം വ്യാപാര മേഖല ഇന്നലെയും സജീവമായില്ല. തൊഴിലാളികള്‍ ഒരു ദിവസത്തെ പണി നിര്‍ത്തി വെച്ചാണ് കൈയിലുള്ള നോട്ടുകള്‍ മാറ്റി വാങ്ങാനായി ക്യൂ നിന്നത്. കടകളിലൊന്നും അസാധുവാക്കിയ നോട്ടുകള്‍ ഇന്നലെയും സ്വീകരിച്ചില്ല. ആകെയുണ്ടായിരുന്ന ഏതാനും 100,50 നോട്ടുകള്‍ ഒറ്റ ദിവസം കൊണ്ട് ചെലവായവര്‍ ഇന്നലെ ദുരിതത്തിലായി. ബേങ്കുകളിലെ നീണ്ട ക്യൂ കാരണം പലര്‍ക്കും നോട്ട് മാറ്റി വാങ്ങാനാകാതെ തിരിച്ചു പോകേണ്ടി വന്നു. ഏതായാലും കൈയിലുള്ള നോട്ടുകള്‍ മാറ്റി ലഭിച്ച സന്തോഷത്തിലാണ് ജനം. രണ്ടാം ശനിയാഴ്ചയായ നാളെയും ഞായറാഴ്ചയും ബേങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത് ജനങ്ങള്‍ക്ക് ഏറെ ആശ്വാസമാകും.