വൈദ്യുതി ബില്‍ അടക്കാന്‍ രണ്ടാഴ്ചത്തെ സാവകാശം

Posted on: November 11, 2016 6:43 am | Last updated: November 11, 2016 at 12:44 am

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പഴയ 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ച സാഹചര്യത്തില്‍ താരിഫ് കലാവധി തീരുന്ന ഉപഭോക്താക്കള്‍ക്ക് രണ്ടാഴ്ച്ചത്തെ സാവകാശം കെ എസ് ഇ ബി നല്‍കി. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത നടപടികള്‍ വകുപ്പുകളുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വൈദ്യുതിമന്ത്രി കടകംപള്ളി സുരേന്ദ്രന് പരാതികള്‍ ലഭിക്കുകയും ചെയ്തു.
ഈ സാഹചര്യത്തിലാണ് രണ്ടാഴ്ചത്തെ സാവകാശം അനുവദിക്കണമെന്ന് കെ എസ് ഇ ബി അധികൃതര്‍ക്ക് മന്ത്രി അടിയന്തര നിര്‍ദേശം നല്‍കിയത്. പണമടക്കാനുള്ള തീയതി ഈ മാസം 17 വരെ നീട്ടിനല്‍കാനാണ് തീരുമാനമെന്ന് കെ എസ് ഇ ബി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
അതുവരെ പണമടക്കാത്ത കാരണത്താല്‍ ഉപഭോക്താക്കളുടെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കില്ല. അതോടൊപ്പം കുടിശികയുള്ള ഉപഭോക്താക്കള്‍ക്കും ഇതേ കാലയളവുവരെ ചെക്ക് മുഖേന പണമടക്കാനുള്ള അവസരമുണ്ടാകും.