Connect with us

Kerala

മെത്രാന്‍ കായല്‍ പാടത്ത് കൃഷി തുടങ്ങി

Published

|

Last Updated

മെത്രാന്‍ കായലില്‍ നെല്‍കൃഷി പുനരാരംഭിക്കുന്നതിന്റെ  ഉദ്ഘാടനം വിത്ത്‌വിതറി കൃഷി മന്ത്രി വി എസ് ശിവകുമാര്‍ നിര്‍വഹിക്കുന്നു

മെത്രാന്‍ കായലില്‍ നെല്‍കൃഷി പുനരാരംഭിക്കുന്നതിന്റെ ഉദ്ഘാടനം വിത്ത്‌വിതറി കൃഷി മന്ത്രി വി എസ് ശിവകുമാര്‍ നിര്‍വഹിക്കുന്നു

കോട്ടയം: സംസ്ഥാനത്തിന്റെ ഒരു തുണ്ടു കൃഷിഭൂമിപോലും കൃഷി ആവശ്യത്തിനല്ലാതെ വിട്ടു കൊടുക്കില്ല എന്ന പ്രഖ്യാപനമാണ് എട്ട് വര്‍ഷമായി തരിശു കിടന്നിരുന്ന മെത്രാന്‍ കായല്‍ പാടശേഖരത്തെ നെല്‍കൃഷി പുനരാരംഭിച്ചതിലൂടെ സര്‍ക്കാര്‍ നടത്തിയതെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. മെത്രാന്‍ കായലില്‍ നെല്‍കൃഷി പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഇന്നലെ നടന്ന വിത്ത് വിത ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെല്‍വയലുകള്‍ നികത്താതെയുളള വികസനമാണ് സര്‍ക്കാറിന്റെ ലക്ഷ്യം. പ്രകൃതിയെ നശിപ്പിക്കുന്ന പ്രവര്‍ത്തനത്തിനെതിരെയുള്ള ശ്രമത്തിന്റെ ഭാഗമായാണ് മെത്രാന്‍ കായലില്‍ നെല്‍കൃഷി പുനരാരംഭിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. 404 ഏക്കര്‍ വിസ്താരമുള്ള മെത്രാന്‍ കായലില്‍ ഇപ്പോള്‍ നെല്‍കൃഷി ആരംഭിച്ചിട്ടുള്ളത് 25 ഏക്കറിലാണ്. ബാക്കി സ്ഥലം കര്‍ഷകരില്‍ നിന്ന് നിര്‍ബന്ധപൂര്‍വം വാങ്ങി കൈവശം വച്ചുകൊണ്ടിരിക്കുന്ന കമ്പനിയെ നെല്‍കൃഷി അല്ലാതെ മറ്റൊരു പ്രവര്‍ത്തനവും നടത്താന്‍ സമ്മതിക്കില്ല. രണ്ട് ദിവസത്തിനകം കമ്പിനിക്ക് വിത്ത് വിതക്കാന്‍ സൗകര്യം ചെയ്തു കൊടുക്കാന്‍ കൃഷി വകുപ്പ് സന്നദ്ധമാണ്.
കമ്പനി നെല്‍കൃഷി ആരംഭിക്കാത്ത സാഹചര്യത്തില്‍ അവിടെ വിത്ത് വിതച്ച് കൊയ്‌തെടുക്കുന്നതിന് കര്‍ഷകര്‍ക്കും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും അനുവാദം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ലാന്‍ഡ് സീലിംഗ് ആക്ടിന് വിപരീതമായി മെത്രാന്‍ കായല്‍ കൃഷി ഭൂമി കൈവശം വച്ചു കൊണ്ടിരിക്കുന്ന കമ്പനിക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അഞ്ച് വര്‍ഷത്തിനകം ഒരു ലക്ഷം ഹെക്ടര്‍ പ്രദേശത്ത് കൃഷി വ്യാപകമാക്കുന്നതിനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. നീര്‍ച്ചാലുകള്‍, നീരുറവകള്‍, തോടുകള്‍, കുളങ്ങള്‍ ഉള്‍പ്പടെയുളള ജലസ്രോതസ്സുകളെ പൂര്‍വ സ്ഥിതിയിലാക്കി ശുദ്ധമായ ജലം ഉറപ്പു വരുത്തി ജലക്ഷാമത്തിന് പരിപാഹാരം കാണും. നെല്‍പ്പാടങ്ങള്‍ നികത്താതെയുള്ള വികസനവുമായി മുന്നോട്ട് പോകുന്ന സര്‍ക്കാറിന്റെ അടുത്ത ലക്ഷ്യം ആലപ്പുഴ ജില്ലയിലെ ആര്‍ ബ്ലോക്ക് പാടശേഖരത്തെ പഴയ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുളളതാണെന്ന് അദ്ദേഹം പറഞ്ഞു.
മെത്രാന്‍ കായല്‍ പാടശേഖരത്ത് നെല്‍കൃഷി പുനരാരംഭിക്കുന്നതിന് കര്‍ഷകരെ സംഘടിപ്പിച്ച കുഴിയില്‍ കരുണാകരന്‍ എന്ന കര്‍ഷകനെ ചടങ്ങില്‍ മന്ത്രി ആദരിച്ചു. പാടശേഖരത്തിന് സമീപം ചേര്‍ന്ന ചടങ്ങില്‍ കെ സുരേഷ് കുറുപ്പ് എം എല്‍ എ അധ്യക്ഷത വഹിച്ചു. കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് സെക്രട്ടറി രാജു നാരായണ സ്വാമി പദ്ധതി വിശദികരിച്ചു.

Latest