നോട്ടുകള്‍ മാറാനുള്ള ഇളവ് 18 വരെ നീട്ടണമെന്ന് കേരളം

Posted on: November 11, 2016 7:10 am | Last updated: November 11, 2016 at 11:13 am

തിരുവനന്തപുരം: പിന്‍വലിച്ച നോട്ടുകള്‍ അവശ്യസര്‍വീസുകളില്‍പ്പെട്ട ചില സ്ഥാപനങ്ങളില്‍ ഉപയോഗിക്കാന്‍ ഇന്ന് വരെ നല്‍കിയ ഇളവ് ഈ മാസം 18 വരെ നീട്ടണമെന്ന് കേരളം. ജില്ലാ സഹകരണ ബേങ്കുകളില്‍ കൂടി നിരോധിച്ച നോട്ട് മാറ്റി നല്‍കാന്‍ അനുവദിക്കണമെന്നും പിന്‍വലിച്ച നോട്ടുകളുടെ ക്രയവിക്രയത്തിന് ട്രഷറിയെ കൂടി അനുവദിക്കണമെന്നും മുഖ്യമന്ത്രിയും ധനമന്ത്രിയും പ്രധാനമന്ത്രിക്കും കേന്ദ്ര ധനമന്ത്രിക്കും അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
നോട്ടുകള്‍ നിരോധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ ജനജീവിതവും സര്‍ക്കാരിന്റെ പ്രവര്‍ത്തനവും സ്തംഭിക്കാതിരിക്കാന്‍ അടിയന്തര ഇടപെടല്‍ വേണം. റെയില്‍വേ സ്റ്റേഷനുകള്‍, കെ എസ് ആര്‍ ടി സി, ശ്മശാനങ്ങള്‍, പാല്‍ ബൂത്തുകള്‍, കണ്‍സ്യൂമര്‍ സഹകരണ സംഘങ്ങളുടെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് നിരോധിച്ച നോട്ടുകള്‍ ഉപയോഗിച്ച് ഇടപാടുനടത്താന്‍ നല്‍കിയ അനുമതി മാസം 18 വരെ നീട്ടണം. വൈദ്യുതി ബോര്‍ഡ്, ജലവിതരണം പോലുള്ള പൊതുസേവനങ്ങള്‍, സര്‍ക്കാര്‍ ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവക്ക് ഇളവ് ബാധകമാക്കി ഈ നോട്ടുകള്‍ സ്വീകരിക്കാന്‍ അനുമതി നല്‍കണം. സംസ്ഥാന ട്രഷറിക്കു പ്രത്യേക ഇളവുകളും സൗകര്യങ്ങളും അനുവദിച്ചില്ലെങ്കില്‍ സംസ്ഥാന സംവിധാനം തകരുമെന്ന് കത്തുകളില്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും മുന്നറിയിപ്പു നല്‍കി. ദേശീയതലത്തില്‍ത്തന്നെ പ്രശ്‌നമാകാവുന്ന ഗുരുതരമായ ഒരു കാര്യവും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിരോധിച്ച നോട്ടുകള്‍ സ്വീകരിക്കാന്‍ അനുവദിച്ച പ്രധാനമന്ത്രി അനുവദിച്ച സ്ഥാപനങ്ങള്‍ക്ക് ആ അനുമതി ഉള്ളതായി നോട്ടുകള്‍ നിരോധിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനത്തിലും റിസര്‍വ് ബേങ്കിന്റെ സര്‍ക്കുലറിലും പറയുന്നില്ല എന്നതാണത്. ഈ സാഹചര്യത്തില്‍ അതിന്റെ നിയമസാധുതയെപ്പറ്റി പലരും ആശങ്ക ഉന്നയിക്കുന്നുണ്ട്. അതിനാല്‍, ഗസറ്റ് അത്തരത്തില്‍ പരിഷ്‌ക്കരിച്ചു പ്രസിദ്ധീകരിക്കേണ്ടതുണ്ടെന്നും ഇരുവരും കത്തില്‍ നിര്‍ദ്ദേശിച്ചു. കള്ളപ്പണം തടയാനുള്ള കേന്ദ്രശ്രമങ്ങള്‍ക്ക് പിന്തുണ അറിയിച്ച കത്തില്‍ ഇപ്പോഴത്തെ നടപടിമൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരമാവധി കുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നും കത്തില്‍ പറയുന്നു.