ലോകകപ്പ് കാണാനെത്തുന്നവരെ പൊതുസ്ഥലത്ത് മദ്യപിക്കാന്‍ അനുവദിക്കില്ല

Posted on: November 10, 2016 9:59 pm | Last updated: November 10, 2016 at 9:59 pm

qatar world cupദോഹ: 2022ലെ ഖത്വര്‍ ലോക കപ്പ് വേളയില്‍ പൊതു സ്ഥലത്ത് മദ്യം വില്‍ക്കാനോ ഉപയോഗിക്കാനോ അനുവദിക്കില്ലെന്ന് ടൂര്‍ണമെന്റ് സംഘാടകര്‍ വ്യക്തമാക്കി. തെരുവുകളിലോ ചത്വരങ്ങളിലോ മറ്റു പൊതുസ്ഥലങ്ങളിലോ മദ്യം ലഭിക്കില്ല. ഈ തീരുമാനം അന്തിമമാണ്-പ്രാദേശിക അറബി പത്രത്തിന് നല്‍കിയ അഭിമുഖത്തിര്‍ സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ ലഗസി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍തവാദി പറഞ്ഞു. എന്നാല്‍, ഫുട്‌ബോള്‍ ആരാധകര്‍ക്ക് ചില നിര്‍ദിഷ്ട സ്ഥലങ്ങളില്‍ മദ്യം ലഭ്യമാവുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ പാരമ്പര്യത്തോടും ആചാരങ്ങളോടും പൊരുത്തപ്പെട്ടു പോകുന്ന രീതിയിലായിരിക്കും ടൂര്‍ണമെന്റ് സമയത്തുള്ള മദ്യത്തിന്റെ ലഭ്യത.
സ്‌റ്റേഡിയങ്ങളില്‍ മദ്യം ലഭ്യമാക്കുന്നതിന് താന്‍ വ്യക്തിപരമായി എതിരാണെന്ന് അല്‍തവാദി പറഞ്ഞു. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. നേരത്തേ ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളില്‍ ബ്രസീല്‍ മദ്യം നിരോധിച്ചിരുന്നെങ്കിലും 2014ലെ ലോക കപ്പില്‍ ഫിഫയുടെ സമ്മര്‍ദം കാരണം സ്റ്റേഡിയങ്ങളില്‍ ബ്രസീല്‍ മദ്യവില്‍പ്പന അനുവദിച്ചിരുന്നു. ബിയര്‍ നിര്‍മാതാക്കളായ ബുഡ്്‌വെയ്‌സര്‍ ഫിഫയുടെ പ്രധാന സ്‌പോണ്‍സര്‍മാരിലൊരാളാണ്. ഈ വിഷയം ഫിഫയുമായി ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മറ്റ് ലോക കപ്പുകളില്‍ ഉണ്ടായ സമ്മര്‍ദം ചൂണ്ടിക്കാട്ടി അല്‍തവാദി പറഞ്ഞു. എന്നാല്‍, ഖത്വറിന് മദ്യം സംബന്ധിച്ച് കൃത്യമായ നിലപാടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വീട്ടുവീഴ്ച ചെയ്യാന്‍ കഴിയാത്ത ചില നിയമങ്ങളും സാംസ്‌കാരിക പാരമ്പര്യവും രാജ്യത്തിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മദ്യത്തിന്റെ ഉപഭോഗം പൊതുസ്ഥലങ്ങളില്‍ നിന്നകലെ ചില പ്രത്യേക പ്രദേശങ്ങളില്‍ മാത്രമായി ഒതുക്കുക എന്നതാണ് സുപ്രിം കമ്മിറ്റിയുടെ ലക്ഷ്യം. എന്നാല്‍, ഈ സ്ഥലങ്ങള്‍ എവിടെയായിരിക്കുമെന്ന കാര്യം അദ്ദേഹം വിശദീകരിച്ചില്ല. നിലവില്‍ ലൈസന്‍സുള്ള ഹോട്ടലുകളില്‍ മാത്രമാണ് രാജ്യത്ത് മദ്യം ലഭ്യമാകുന്നത്. ഖത്വറില്‍ മദ്യം വില്‍ക്കുന്നതിന് ലൈസന്‍സുള്ള ഏക സ്ഥാപനമായ ക്യു ഡി സി യില്‍ നിന്ന് മദ്യം വാങ്ങി വീട്ടില്‍ ഉപയോഗിക്കണമെങ്കില്‍ അതിന് പ്രത്യേക പെര്‍മിറ്റ് വേണം.
നേരത്തേ മദ്യം ലഭ്യമാവുന്ന പ്രത്യേക ഫാന്‍സോണുകളെക്കുറിച്ച് സംഘാടകര്‍ ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍, ഫാന്‍സോണുകളില്‍ മദ്യം ലഭ്യമാകില്ലെന്നാണ് അല്‍തവാദിയുടെ പുതിയ അഭിമുഖം സൂചന നല്‍കുന്നത്. സ്റ്റേഡിയങ്ങളില്‍ കുടുംബ സൗഹൃദ സുരക്ഷിത മേഖലകള്‍ സജ്ജീകരിക്കാനും ഉദ്ദേശമുണ്ടെന്ന് അല്‍തവാദി അറിയിച്ചു.
രാജ്യത്തിന്റെ സംസ്‌കാരത്തെ ലോക കപ്പ് ദോഷകരമായി ബാധിക്കുമോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പകരം ലോക കപ്പിന് ഒരു അറബ്, ഇസ്്‌ലാമിക് സ്വാദ് ഖത്വര്‍ നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. ഖത്വര്‍ ആതിഥ്യമരുളുന്ന ആദ്യ കായിക മത്സരമല്ല ലോക കപ്പ്. ഇതിന് മുമ്പ് നിരവധി അന്താരാഷ്ട്ര കായിക മത്‌സരങ്ങള്‍ രാജ്യത്ത് നടന്നിട്ടുണ്ട്. അതൊന്നും ഖത്വറിന്റെ മൂല്യങ്ങളെയോ പാരമ്പര്യങ്ങളെയോ ദോഷകരമായി ബാധിച്ചിട്ടില്ലെന്നും അല്‍തവാദി അഭിപ്രായപ്പെട്ടു.