മന്ത്രിമാരെ ‘കരുതല്‍ തടങ്കലി’ലാക്കി; നോട്ടുകള്‍ റദ്ദാക്കിയ തീരുമാനം രഹസ്യമാക്കിയത് ഇങ്ങനെ

Posted on: November 10, 2016 1:56 pm | Last updated: November 11, 2016 at 12:31 am

modiന്യൂഡല്‍ഹി: രാജ്യത്തെ സമ്പദ്ഘടനയില്‍ വിപ്ലവകരമായ മാറ്റം വരുത്തുന്നതിനുള്ള തീരുമാനം സര്‍ക്കാര്‍ രഹസ്യമാക്കിവെച്ചത് എങ്ങനെ? രാജ്യത്തെ മുപ്പത്തിമുക്കോടി മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് നോട്ടുകള്‍ റദ്ദാക്കിക്കൊണ്ടുള്ള തീരുമാനം ഒറ്റരാത്രി കൊണ്ട് പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ എന്ത് വഴിയാണ് സ്വീകരിച്ചത്? എല്ലാവരും ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യമാണിത്.

അതീവ രഹസ്യമായ നീക്കത്തിനൊടുവിലാണ് പ്രധാനമന്ത്രി രാജ്യത്തോടായി ഇക്കാര്യം വിളംബരം ചെയ്തത്. രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് മുമ്പ് വിളിച്ചു ചേര്‍ത്ത കാബിനറ്റ് യോഗത്തിലാണ് ആദ്യം തീരുമാനം ചര്‍ച്ച ചെയ്തത്. ക്യാബിനറ്റ് ഇതിന് അംഗീകാരം നല്‍കി. എന്നാല്‍ പ്രധാനമന്ത്രി ഇക്കാര്യം രാജ്യത്തോട് വിളംബരം ചെയ്യുന്നതിന് മുമ്പ് ക്യാബിനറ്റില്‍ പങ്കെടുത്ത ഒരു മന്ത്രിക്കോ ഉദ്യോഗസ്ഥനോ പുറത്ത് പോകാന്‍ സാധിച്ചിരുന്നില്ല. അതീവ സുരക്ഷാ വലയത്തില്‍ മന്ത്രിമാരെയും ആര്‍ബിഐ ഉദ്യോഗസ്ഥരെയും ‘കരുതല്‍ തടങ്കലി’ല്‍ പാര്‍പ്പിച്ച ശേഷമാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. വൈകീട്ട് 6.45ന് തുടങ്ങി പ്രധാനമന്ത്രി 9 മണിക്ക് പ്രസംഗം അവസാനിപ്പിക്കുന്നത് വരെ മന്ത്രിമാരെ പുറത്തിറങ്ങാന്‍ അനുവദിച്ചിരുന്നില്ല.

ഇന്ത്യയും ജപ്പാനും തമ്മില്‍ ധാരണാപത്രം ഒപ്പിടുന്നതായിരുന്നു ക്യാബിനറ്റ് യോഗത്തിന്റെ അജണ്ട. കറന്‍സി സംബന്ധിച്ച ചര്‍ച്ച ഉണ്ടാകുമെന്ന ഒരു ചെറിയ സൂചന പോലും ഒരാള്‍ക്കും ഉണ്ടായിരുന്നില്ല. 6.45ന് തുടങ്ങിയ കാബിനറ്റ് യോഗം 7.30നാണ് അവസാനിച്ചത്. ഇതിന് ശേഷം പ്രധാനമന്ത്രി തീരുമാനം രാഷ്ട്പതിയെ അറിയിക്കാനായി പോയി. ഈ സമയം മന്ത്രിമാര്‍ എല്ലാവരും മന്ത്രിസഭാ യോഗം ചേരുന്ന ഹാളില്‍ ഇരിക്കുകയായിരുന്നു. അവരുടെ നീക്കങ്ങള്‍ സദാനിരീക്ഷിച്ച് സുരക്ഷാ ഉദ്യോഗസ്ഥരും.

ക്യാബിനറ്റ് യോഗത്തില്‍ പങ്കെടുക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരരുതെന്ന് നേരത്തെ തന്നെ സര്‍ക്കുലര്‍ വഴി നിര്‍ദേശിച്ചിരുന്നു. എല്ലാ മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും ഈ നിര്‍ദേശം ലഭിച്ചിരുന്നു.

അതീവ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായും പ്രഖ്യാപനം വന്ന ശേഷം പണമിടപാടുകള്‍ നടത്താന്‍ സമയം ലഭിക്കാതിരിക്കാനുമാണ് ക്യാബിനറ്റ് യോഗം വൈകീട്ടത്തേക്ക് വിളിച്ചത്. ക്യാബിനറ്റ് യോഗം നടക്കുന്ന അതേസമയം തന്നെയാണ് റിസര്‍വ് ബേങ്ക് ബോര്‍ഡും യോഗം ചേര്‍ന്നത്.