‘അമേരിക്ക ഫസ്റ്റി’ല്‍ ആശങ്ക, ചൈനാ വിരുദ്ധതയില്‍ പ്രതീക്ഷ

Posted on: November 10, 2016 5:25 am | Last updated: November 10, 2016 at 12:26 am

ന്യൂഡല്‍ഹി: ഡൊണാള്‍ഡ് ട്രംപ് നയിക്കുന്ന അമേരിക്കയെ ഇന്ത്യ ആശങ്കയോടെയും അതിലേറെ പ്രതീക്ഷയോടെയുമാണ് നോക്കിക്കാണുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇന്ത്യന്‍ സമൂഹത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വാനോളം പുകഴ്ത്തിയ ഡൊണാള്‍ ട്രംപ് എന്ന അമേരിക്കക്കാരനുള്ളില്‍ കുടിയിരിക്കുന്ന തീവ്രമായ ദേശീയതയും വംശീയതയും ഒരു സുഹൃത്തെന്ന നിലയില്‍ ഇന്ത്യ ആശങ്കകളോടെ തന്നെയാണ് നോക്കിക്കാണുന്നത്.
ഇന്ത്യയോടും മോദിയോടുമുള്ള സ്‌നേഹം പരസ്യമായി പ്രഖ്യാപിച്ച ട്രംപിന്റെ വിജയത്തിന് വേണ്ടി അമേരിക്കയിലെ ഇന്ത്യക്കാര്‍ വിയര്‍പ്പൊഴുക്കിയിട്ടുണ്ടെങ്കിലും ട്രംപിന്റെ നീക്കങ്ങള്‍ക്ക് ഇരയാകേണ്ടിവരിക പ്രധാനമായും ഇന്ത്യക്കാര്‍ തന്നെയാകും. പുറംജോലിക്കരാറിന്റെയും എച്ച് വണ്‍ ബി വീസയുടെയും കാര്യത്തില്‍ ഇന്ത്യക്ക് വന്‍ തിരിച്ചടിയായേക്കാവുന്ന പ്രസ്താവനകള്‍ ട്രംപ് നടത്തിയിരുന്നു.
‘അമേരിക്ക ഫസ്റ്റ്’, ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍’ എന്നീ തീവ്രദേശീയവാദ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയ ട്രംപില്‍ നിന്ന് ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങള്‍ ചെറിയ തോതിലെങ്കിലും തിരിച്ചടി പ്രതീക്ഷിക്കുന്നുണ്ട്. ഇതിന്റെ തോത് എത്രയാകും എന്ന് മാത്രമാണ് കണ്ടറിയേണ്ടത്.
ഇന്ത്യക്കെതിരെ ആദ്യബോംബ് പൊട്ടിച്ചുകൊണ്ടാണ് ട്രംപ് തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത്. എച്ച് വണ്‍ ബി വീസ ഉപയോഗിച്ച്് കുറഞ്ഞ വേതന നിരക്കില്‍ അമേരിക്കയിലേക്ക് തൊഴിലാളികളെ കൊണ്ടുവരുന്നതിലും പുറംജോലിക്കരാറിലുമായിരുന്നു ട്രംപിന്റെ പരാതി. ഇതെല്ലാം അമേരിക്കയില്‍ തൊഴിലില്ലായ്മ സൃഷ്ടിക്കുന്നുവെന്നു മാത്രമല്ല, രാജ്യത്തെ മിനിമം വേതനം ഉയര്‍ത്താന്‍ സാധിക്കാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങളെത്തിച്ചിരിക്കുന്നതെന്നും പറഞ്ഞതിലൂടെ അമേരിക്കയിലെ തൊഴില്‍ മേഖലയിലെ ഇന്ത്യയുടെയും ചൈനയുടെയും ഇടപെടല്‍ അവസാനിപ്പിക്കുെമന്നാണ് ട്രംപ് സൂചന നല്‍കിയത്. ഈ നയമാണ് തുടരാന്‍ പോകുന്നതെങ്കില്‍ അത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ പ്രത്യേകിച്ച് ഐ ടി സെക്ടറില്‍ വന്‍ തിരിച്ചടിയുണ്ടാക്കും.
മറ്റ് രാജ്യങ്ങളുമായുള്ള ഒബാമയുടെ സ്വതന്ത്ര വ്യാപാര നയങ്ങളെല്ലാം പുനഃപരിശോധിക്കുമെന്ന് ട്രംപ് നല്‍കിയ സൂചന മേക്ക് ഇന്‍ ഇന്ത്യയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയുണര്‍ത്തുന്നു. അതേസമയം, നിലവിലെ സാഹചര്യങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്ന പല ഇന്ത്യന്‍ നയതന്ത്രജ്ഞരുടെയും നിരീക്ഷണം ട്രംപ് അമേരിക്കയുടെ അമരത്തെത്തുന്നത് ഇന്ത്യക്ക് ഹിലരിയെക്കാളും ഗുണം ചെയ്യുമെന്നാണ്. ട്രംപിന്റെ ചൈനാവിരുദ്ധ നിലപാട് ഇന്ത്യക്ക് ഗുണം ചെയ്യുമെന്നാണ് അവര്‍ കരുതുന്നത്. നിലവില്‍ പാക്കിസ്ഥാനെക്കാള്‍ ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തുന്ന ചൈനയുമായുള്ള വിഷയങ്ങളില്‍ ട്രംപിന് ഇന്ത്യയെ സഹായിക്കാനാകുമെന്നാണ് പ്രധാന പ്രതീക്ഷ.
കശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടലിനെ എതിര്‍ക്കുന്ന ഇന്ത്യയുടെ നിലപാടിനെ ശരിവെച്ച ട്രംപിന്റെ നീക്കവും ഇന്ത്യക്ക് അനുകൂലമാകും. മധ്യസ്ഥത വഹിക്കുകയല്ലാതെ തീരുമാനങ്ങളെടുക്കാനുണ്ടാകില്ലെന്നായിരുന്നു ട്രംപിന്റെ നിലപാട്. നേരത്തെ 2008ല്‍ കശ്മീര്‍ പ്രശ്‌നത്തില്‍ ആവശ്യമെങ്കില്‍ ഇടപെടുമെന്ന് ഒബാമ സൂചന നല്‍കിയിരുന്നെങ്കിലും തുടര്‍ നടപടികളൊന്നുമുണ്ടായിരുന്നില്ല.
ലോകവ്യാപാരത്തില്‍ അമേരിക്കയെ തകര്‍ക്കുകയാണ് ചൈനയെന്ന് പറഞ്ഞുവെച്ച ട്രംപ് യു എസിലേക്കുള്ള ചൈനീസ് ഉത്പന്നങ്ങളുടെ ‘ഡംപിംഗ്’തടയുമെന്ന സൂചനയാണ് നല്‍കുന്നത്.