Connect with us

National

500, 1000 രൂപ നോട്ടുകൾ അസാധു; ഇന്ന് ബാങ്കും എടിഎമ്മും ഇല്ല

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥക്ക് കളമൊരുക്കി പ്രധാനമന്ത്രിയുടെ ഞെട്ടിക്കുന്ന തീരുമാനം. രാജ്യത്ത് സാമ്പത്തിക ക്രയവിക്രയം നടക്കുന്ന ഉയര്‍ന്ന കറന്‍സികളായ 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ടാണ് ഇന്നലെ രാത്രി 8.30 ഓടെ പ്രധാനമന്ത്രി നരേന്ദ്രമോദി സാമ്പത്തിക രംഗത്ത് വലിയ പ്രത്യാഘാതം ഉണ്ടാക്കുന്ന അസാധാരണ തീരുമാനം പ്രഖ്യാപിച്ചത്. തീരുമാനം ഇന്നലലെ അര്‍ധ രാത്രിയോടെ നിലവില്‍ വന്നു. രാജ്യത്തെ സാമ്പത്തിക അരക്ഷിതാവസ്ഥക്ക് വഴിയൊരുക്കുന്ന കള്ളപ്പണവും, ഭീകരവാദവും തടയുന്നതിന് വേണ്ടിയെന്ന വിശദീകരണത്തോടെയാണ് തീരുമാനം കൈകൊണ്ടിരിക്കുന്നത്. രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ അര്‍ധരാത്രി മുതല്‍ നോട്ടുകള്‍ അസാധുവാകുമെന്ന് പ്രഖ്യാപിച്ചത്. കള്ളപ്പണവും, ഭീകരവാദവും തടയുന്നതിനുവേണ്ടിയാണ് ഇത്തരമൊരു തീരുമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.

അതേസമയം നവംബര്‍ പത്ത് മുതല്‍ ഡിസംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ അവസരം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈമാസം 15 വരെ നാലായിരം രൂപ മാത്രമേ ഇത്തരത്തില്‍ മാറ്റാന്‍ സാധിക്കുകയുള്ളു. പോസ്റ്റ് ഓഫീസ്, ബേങ്ക് എന്നിവ വഴിയാണ് നോട്ടുകള്‍ മാറ്റിവാങ്ങേണ്ടത്. ബുധനാഴ്ച രാജ്യത്തെ ബേങ്കുകളും എ ടി എമ്മുകളും അടച്ചിടും. എ ടി എമ്മിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എ ടി എമ്മില്‍ നിന്നും 11മത്തെ തീയതി വരെ 2000 രൂപ വരെ മാത്രമേ പിന്‍വലിക്കാനാവൂ. മരുന്നിന് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റോടെ 500, 1000 നോട്ടുകള്‍ ഉപയോഗിക്കാം.

ഇപ്പോള്‍ കൈയിലുള്ള പണം ഉപയോഗിച്ച് ട്രെയിന്‍ടിക്കറ്റ്, ബസ്ടിക്കറ്റ്, പ്ലെയിന്‍ ടിക്കറ്റ് എന്നിവ എടുക്കാം. പെട്രോള്‍ പമ്പുകളില്‍ അഞ്ഞൂറ് ഉപയോഗിക്കാം. എങ്കിലും അതിന്റെ കൃത്യമായ റെക്കോഡ് അവര്‍ സൂക്ഷിക്കണം. അതേ സമയം ആശുപത്രികളില്‍ 1000,500 നോട്ടുകള്‍ ഉപയോഗിക്കാം. അതേ സമയം ഇപ്പോള്‍ നിരോധിച്ച 500 നോട്ടുകള്‍ക്ക് പകരം പുതിയ കളറിലുള്ള നോട്ട് ഇറക്കും.ഒപ്പം 2000ത്തിന്റെ പുതിയ നോട്ടുകളും ഉടന്‍ വിപണിയിലെത്തും.

സര്‍ക്കാര്‍ ദാരിദ്രത്തിനെതിരെയാണ് പോരാട്ടം നടത്തുന്നതന്നും പാവങ്ങളുടെ ഉന്നമനമാണ് ലക്ഷ്യമെന്നും ഇതിന് ചില നിര്‍ണായക തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരര്‍ക്ക് പണം വരുന്നത് പാകിസ്ഥാനില്‍ നിന്നാണ്, കള്ളനോട്ട് ഒഴുക്കി പാകിസ്ഥാന്‍ ഇന്ത്യയെ പ്രതിസന്ധിയിലാക്കാന്‍ ശ്രമിക്കുന്നു. അതേസമയം ഡിസംബര്‍ 30 നുള്ളില്‍ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ കഴിയാത്തവര്‍ക്കും സഹായം നല്‍കുമെന്നും ഇത്തരക്കാര്‍ക്ക് പ്രാദേശിക ആര്‍ ബി ഐ ഓഫീസുകളെ സമീപിക്കാമെന്നും മോദി പറഞ്ഞു. അടിയന്തര മന്ത്രിസഭാ യോഗത്തിന് ശേഷമാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്.

മന്ത്രിസഭാ യോഗത്തിന് ശേഷം തികച്ചും അപ്രതീക്ഷിതമായാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. അഴിമതിയും കള്ളപ്പണവുമാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളെന്ന് പ്രധാനമന്ത്രി പറഞ്ഞു. അഴിമതിയുടെ കാര്യത്തില്‍ ഇന്ത്യ നൂറാം സ്ഥാനാത്തായിരുന്നെങ്കില്‍ ഇപ്പോള്‍ 76ാം സ്ഥാനത്താണ്. വിദേശ ബാങ്കുകളിലുള്ള 1.25 ലക്ഷം കോടി കള്ളപ്പണം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest