അന്തര്‍ സംസ്ഥാന പെര്‍മിറ്റ്: കെ എസ് ആര്‍ ടി സിയുടെ വീഴ്ച അന്വേഷിക്കും

Posted on: November 8, 2016 5:55 am | Last updated: November 8, 2016 at 12:10 am

തിരുവനന്തരപുരം: അന്തര്‍ സംസ്ഥാന പെര്‍മിറ്റ് കേസില്‍ കെ എസ് ആര്‍ ടി സിക്ക് തിരിച്ചടി നേരിട്ടത് ഗതാഗത സെക്രട്ടറി അന്വേഷിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. കേസ് സംസ്ഥാനത്തിന് മാത്രമല്ല കര്‍ണാടത്തിനും പ്രതികൂലമാണ്. വിധിയുടെ വിശദാംശങ്ങള്‍ പരിശോധിക്കും. അപ്പീല്‍ നല്‍കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. സംസ്ഥാനത്തിന്റെ വാദം കോടതിയില്‍ അവതരിപ്പിക്കുന്നതില്‍ വീഴ്ച സംഭവിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിശദമായി അന്വേഷണം നടത്താന്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കാസര്‍കോഡ് മംഗലാപുരം പാതയില്‍ പത്ത് സ്വകാര്യബസുകള്‍ക്ക് പെര്‍മിറ്റ് ലഭിച്ചതിന് കെ എസ് ആര്‍ ടി സി ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് മന്ത്രി അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. കേസ് നടത്തിപ്പിന് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ സ്വകാര്യബസുകാര്‍ക്ക് അനുകൂലമായ നിലപാടെടുത്തുവെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിക്കും പരാതി ലഭിച്ചിരുന്നു. കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനും കെ എസ് ആര്‍ ടി സിയും സംയുക്തമായി നടത്തിയിരുന്ന കേസില്‍ പ്രത്യേകം അഭിഭാഷകനെ നിയമിച്ചതോടെയാണ് തിരിച്ചടി നേരിട്ടത്. ട്രാഫിക് വിഭാഗം നടത്തിയിരുന്ന കേസ് ആരോപണവിധേയനായ ചീഫ് ലോ ഓഫീസര്‍ സ്വയം ഏറ്റെടുക്കുകയായിരുന്നു. ഇതിനുശേഷം കെ എസ് ആര്‍ ടി സിയുടെ അഭിഭാഷകന്‍ സ്ഥിരമായി കോടതിയില്‍ ഹാജരായിരുന്നില്ല. ഇക്കാര്യം കര്‍ണാടക ആര്‍ ടി സി അധികൃതര്‍ അന്നത്തെ കെ എസ് ആര്‍ ടി സി എം ഡിയെ അറിയിച്ചെങ്കിലും നടപടിയുണ്ടിയില്ല. കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അപ്‌ലേറ്റ് അതോറിട്ടിയില്‍ നിന്നും ഇരുസംസ്ഥാനങ്ങള്‍ക്കും അനുകൂല വിധി ലഭിച്ചകേസാണ് ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ പ്രതികൂലമായത്.