ബി പി എല്‍ കാര്‍ഡുകള്‍ നിലനിര്‍ത്തണമെന്ന് യു ഡി എഫ്‌

Posted on: November 8, 2016 6:07 am | Last updated: November 8, 2016 at 12:08 am

തിരുവനന്തപുരം: ബി പി എല്‍ കാര്‍ഡുകള്‍ നിലനിര്‍ത്തണമെന്ന് യു ഡി എഫ് നേതൃയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അരി ഒഴിച്ചുള്ള പഴയ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ബി പി എല്‍ കാര്‍ഡുകള്‍ നിലനിര്‍ത്തണം.
ചികിത്സാ ധനസഹായമുള്‍പ്പെടെയുള്ള പല ആനുകൂല്യങ്ങളും റേഷന്‍ കാര്‍ഡുകളുടെ മുന്‍ഗണനാ പട്ടിക വരുന്നതോടെ നഷ്ടപ്പെടും. ഇത് ലക്ഷക്കണക്കിന് പാവപ്പെട്ടവരെ ബാധിക്കും. ഈ സാഹചര്യത്തില്‍ ബി പി എല്‍ കാര്‍ഡുകള്‍ നിലനിര്‍ത്തണമെന്ന് കന്റോണ്‍മെന്റ് ഹൗസില്‍ നടന്ന യു ഡി എഫ് യോഗത്തിന് ശേഷം കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞു. സര്‍ക്കാര്‍ മുന്നോട്ടുവച്ച കേരളാ ബേങ്കെന്ന ആശയം യു ഡി എഫ് അംഗീകരിക്കില്ല. യു ഡി എഫിന്റെ കൈവശമുള്ള 14 ജില്ലാ ബേങ്കുകള്‍ പിരിച്ചുവിടാനുള്ള നീക്കത്തിന്റെ ഭാഗമാണ് കേരളാ ബേങ്കെന്ന ആശയം. സഹകരണ മേഖലയിലെ ജീവനക്കാരും ഉപഭോക്താക്കളും കേരളാ ബാങ്കിനെതിരാണ്. സമ്പത്ത് തട്ടിയെടുക്കാനുള്ള സര്‍ക്കാരിന്റെ ഈ നീക്കത്തെ യു ഡി എഫ് എന്തുവിലകൊടുത്തും എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ അടുത്തമാസം അഞ്ചിന് തലസ്ഥാനത്ത് പതിനായിരത്തില്‍പ്പരംപേരെ പങ്കെടുപ്പിച്ച് വിപുലമായ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. കണ്‍വെന്‍ഷന് മുന്നോടിയായി ഈ മാസം 17ന് ജില്ലാ യു ഡി എഫ് യോഗങ്ങള്‍ ചേരും. ഈ മാസം 20 മുതല്‍ 30 വരെ ആയിരം പഞ്ചായത്തുകളില്‍ പൊതുയോഗങ്ങള്‍ നടത്തും. ഐ എ എസ്- ഐ പി എസ് തലപ്പത്ത് നടക്കുന്ന ചേരിപ്പോരും ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള കിടമത്സരവും കാരണം ഭരണരംഗം നിഷ്—ക്രിയമാണെന്ന് യോഗം വിലയിരുത്തി. അടുത്ത യു ഡി എഫ് യോഗം ഡിസംബര്‍ അഞ്ചിന് വൈകുന്നേരം നാലുമണിക്ക് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ ചേരും.