പൊതു-സ്വകാര്യ മേഖലാ സഹകരണം: ഖത്വര്‍ ചേംബര്‍ പദ്ധതി തയാറാക്കുന്നു

Posted on: November 7, 2016 9:57 pm | Last updated: November 7, 2016 at 9:57 pm

ദോഹ: വികസന രംഗത്ത് പൊതുമേഖലയും സ്വകാര്യ മേഖലയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിന് പദ്ധതി തയാറാക്കി വരുന്നതായി ഖത്വര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ ശൈഖ് ഖലീഫ ബിന്‍ ജാസിം ബിന്‍ മുഹമ്മദ് അല്‍ താനി വ്യക്തമാക്കി. പൊതുമേഖല-സ്വകാര്യ മേഖലാ പങ്കാളിത്ത നിയമത്തിനു വേണ്ടിയുള്ളതാണ് പദ്ധതി. ശൂറാ കൗണ്‍സില്‍ യോഗത്തെ സംബോധന ചെയ്തു കൊണ്ട് അമീര്‍ നടത്തിയ നിര്‍ദേശം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നിയം തയാറാക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. അല്‍ ശര്‍ഖ് അറബി പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് പൊതു-സ്വകാര്യ പങ്കാളിത്തം അനിവാര്യമാണ്. ആഭ്യന്തര, വിദേശ നിക്ഷേപത്തില്‍ മികച്ച പ്രകടനം നടത്തുന്ന രാജ്യങ്ങളിലൊന്നാണ് ഖത്വര്‍. ലോകത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക മാറ്റങ്ങള്‍ക്കനുസരിച്ച് സ്ഥിരതക്കു വേണ്ടിയുള്ള നിലപാട് രൂപപ്പെടുത്തണെന്നായിരുന്നു അമീറിന്റെ നിര്‍ദേശം. ഈ ആശയത്തിന്റെ മര്‍മം പൂര്‍ണമായും ഉള്‍കൊണ്ടുകൊണ്ടാണ് നയം രൂപപ്പെടുത്തുന്നത്. വ്യാവസായിക നിക്ഷേപ രംഗത്ത് വലിയ മുന്നേറ്റം നിലനില്‍ക്കുന്നുണ്ട്. ആഭ്യന്തര ഉത്പാദന വളര്‍ച്ചക്കും സാമ്പത്തിക മികവിനും ഇതാണ് വഴിയൊരുക്കുന്നത്. പ്രാദേശികവും അന്തര്‍ദേശീയവുമായ നിക്ഷേപങ്ങളെ ആകര്‍ഷിക്കുന്നതിനായി രാജ്യം സ്വീകരിച്ചു വരുന്ന ആശയങ്ങള്‍ തീര്‍ച്ചയായും ലക്ഷ്യത്തിലെത്തും. ഈ മേഖലയില്‍ സ്വകാര്യമേഖലയുടെ സംഭാവനകളെ പരിഗണച്ചു കൊണ്ടുള്ള മുന്നേറ്റമാണ് നടത്തുന്നത്.
വിദേശത്ത് പല പ്രധാന മേഖലകളിലും നിക്ഷേപം നടത്താന്‍ ഖത്വറിന് കഴിഞ്ഞിട്ടുണ്ട്. സമ്പത്തിന്റെ വ്യാപ്തിയും വളര്‍ച്ചയും കണക്കിലെടുത്താണ് 2014ല്‍ ഖത്വര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിക്ക് ലോകത്ത് ഒന്നാം റാങ്ക് ലഭിച്ചത്. 2005ല്‍ ആരംഭിച്ചതിന് ശേഷം അമ്പത് ശതമാനം സാമ്പത്തിക വിപുലീകരണത്തിന് അതോറിറ്റിക്ക് സാധിച്ചു. നിലവിലെ സമ്പത്ത് ഏകദേശം 450 ബില്യണ്‍ ഡോളറാണ്. ബേങ്കിംഗ്, റിയല്‍ എസ്‌റ്റേറ്റ്, ടൂറിസം, കൃഷി തുങ്ങി വിവിധ മേഖലകളില്‍ ഖത്വറിലും പുറത്തുമായാണ് നിക്ഷേപം വ്യാപിച്ച് കിടിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഖത്വറിന്റെ നിക്ഷേപം 477ബില്യന്‍ റിയാലാണെന്ന് സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നതായും കഴിഞ്ഞ വര്‍ഷം മാത്രം വിദേശത്ത് ഖത്വറിന്റെ നിക്ഷേപം 36.5ബില്യന്‍ ഡോളറാണെന്നും ശൈഖ് ഖലീഫ പറഞ്ഞു.
രാജ്യത്ത് നിക്ഷേപം നടത്താന്‍ തയാറായി വരുന്ന സംരംഭകര്‍ക്ക് അമ്പതു വര്‍ഷത്തേക്കാണ് ഭൂമി അനുവദിക്കുന്നത്. തുടര്‍ന്ന് കാലാവധി പുതുക്കി നല്‍കും. ഈ നയം നിക്ഷേപകരെ ആകര്‍ഷിക്കുന്നതില്‍ മുഖ്യമാണെന്ന് അദ്ദേഹം വിശദീകരിച്ചു. ചില പ്രദേശങ്ങളില്‍ 99 വര്‍ഷത്തേക്ക് ഭൂമി അനുവദിക്കുന്നു. വിദേശ മൂലധന നിക്ഷേപങ്ങളെ പത്തു വര്‍ഷത്തേക്ക് ആദായ നികുതിയില്‍നിന്ന് ഒഴിവാക്കിക്കൊടുക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ അസംസ്‌കൃത വസ്തുക്കള്‍ക്കും പകുതി മാത്രം നിര്‍മിച്ച ഉത്പന്നങ്ങള്‍ക്കും ഇറക്കുമതിച്ചുങ്കം ചുമത്തുന്നുമില്ല. വ്യവസായ സ്ഥാപനങ്ങള്‍ക്ക് വെള്ളം, വൈദ്യുതി, വാതകം എന്നിവ തുച്ഛമായ നിരക്കിലാണ് അനുവദിക്കുന്നത്. നികുതിയളവുകളും പദ്ധതി മൂലധനം കൈമാറ്റം നടത്തുന്നതിലുള്ള സ്വാതന്ത്ര്യവുമുള്‍പ്പെടെ നിക്ഷേപകരെ ആകര്‍ഷിക്കുന്ന ഘടകങ്ങല്‍ നിരവധിയുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.