Connect with us

Kerala

ശബരിമല: ദക്ഷിണേന്ത്യന്‍ മന്ത്രിമാരുടെ യോഗം എട്ടിന് ചേരും

Published

|

Last Updated

തിരുവനന്തപുരം: മണ്ഡല മകരവിളക്കുകാലത്തെ ഇതരസംസ്ഥാനത്ത് നിന്നെത്തുന്ന തീര്‍ഥാടകരുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ എട്ടിന് മുഖ്യമന്ത്രി ദക്ഷിണേന്ത്യന്‍ മന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ അറിയിച്ചു. ശുദ്ധജല വിതരണവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി തിങ്കളാഴ്ച ജലവിഭവ വകുപ്പുമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം നടക്കും. സന്നിധാനത്തു നിലവിലുള്ള ആശുപത്രിയെ ശസ്ത്രക്രിയ സംവിധാനമടക്കം ഉള്‍പ്പെടുത്തി സൂപ്പര്‍ സ്‌പെഷ്യാലിറ്റിയാക്കും.
ഹൃദയാഘാതമടക്കമുള്ള രോഗങ്ങള്‍ ചികില്‍സിക്കുന്നതിനുള്ള സൗകര്യങ്ങളും ആശുപത്രിയിലൊരുക്കും. തീര്‍ഥാടനമുന്നൊരുക്കത്തിന്റെ ഭാഗമായി പ്രധാന റോഡുകളുടെ നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയാക്കി. ഇടറോഡുകളുടെ പണികള്‍ നടക്കുകയാണ്.
കുപ്പിവെള്ളം നല്‍കുന്നത് ഹൈക്കോടതി തടഞ്ഞ സാഹചര്യത്തില്‍ ഇടത്താവളങ്ങളില്‍ കുടിവെള്ള കിയോസ്‌ക്കുകള്‍ സ്ഥാപിക്കാന്‍ ത്വരിത ഗതിയില്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു. പമ്പ മുതല്‍ സന്നിധാനം വരെ 142 കുടിവെള്ള കിയോസ്‌ക്കുകള്‍ വാട്ടര്‍അതോറിറ്റി സ്ഥാപിച്ചിട്ടുണ്ട്. കെ എസ് ആര്‍ ടി സി തീര്‍ഥാടകര്‍ക്കു മാത്രമായി ചെങ്ങന്നൂര്‍- പമ്പ നോണ്‍ സ്റ്റോപ്പ് ശബരി ബസുകള്‍ സര്‍വീസ് നടത്തും. 69 വര്‍ഷമായി നടന്നു വരുന്ന രീതിയാണു മകരജ്യോതി തെളിയിക്കുന്നതില്‍ ഉള്ളത്. ഇതു മാറ്റാന്‍ സര്‍ക്കാര്‍ ഉദ്ദേശിച്ചിട്ടില്ല. ദേവസ്വം ബോര്‍ഡിന്റെ അധികാരങ്ങള്‍ പിടിച്ചെടുക്കാന്‍ ഒരുതരത്തിലും ശ്രമിക്കുന്നില്ലെന്നും ദേവസ്വം ബോര്‍ഡും സര്‍ക്കാരും തമ്മില്‍ തര്‍ക്കങ്ങളില്ലെന്നും ഒ രാജഗോപാലിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായി മന്ത്രി അറിയിച്ചു.

Latest