വടക്കാഞ്ചേരി പീഡനം: ജയന്തനെ സിപിഐ(എം)ല്‍ നിന്ന് സസ്പന്‍ഡ് ചെയ്തു

Posted on: November 4, 2016 6:50 pm | Last updated: November 5, 2016 at 10:27 am

jayandanതൃശൂര്‍: വടക്കാഞ്ചേരി കൂട്ട ബലാത്സംഗ കേസില്‍ ആരോപണ വിധേയനായ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും വടക്കേഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ ജയന്തനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തു. ജയന്തനൊപ്പം ആരോപണ വിധേയനായ വിനീഷിനെയും സസ്‌പെന്‍ഡ് ചെയ്തതായി സിപിഎം ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണന്‍ അറിയിച്ചു. പാര്‍ട്ടിയില്‍നിന്നും സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും കൗണ്‍സിലറായി ജയന്തന്‍ തുടരും. വിവാദമായ സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണത്തിനൊപ്പം പാര്‍ട്ടി തല അന്വേഷണം നടക്കും. വടക്കാഞ്ചേരി ഏരിയ കമ്മിറ്റിയാണ് അന്വേഷണം നടത്തുകയെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനമുണ്ടായത്. കുറ്റം ചെയ്തയാളെ പാര്‍ട്ടി സംരക്ഷിക്കില്ല. അതിന് വലിപ്പചെറുപ്പം നോക്കാറില്ല. എന്നാല്‍ നിരപരാധിയായ ആളെ സംരക്ഷിക്കുന്ന പാര്‍ട്ടികൂടിയാണ് സിപിഎമ്മെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയുടെ പശ്ചാത്തലം പരിശോധിച്ചാല്‍ ഇത് കെട്ടിച്ചമച്ചതാകാനുള്ള സാധ്യതയില്ലാതില്ല. പെണ്‍കുട്ടിയും ഭര്‍ത്താവും ഒമ്പതു വര്‍ഷമായി സ്വന്തം കുട്ടികളെ സംരക്ഷിക്കാത്തവരാണ്. മാതാപിതാക്കള്‍ വധഭീഷണിയുണ്ടെന്നുകാട്ടി ഇവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.