അനുയായികളോട് പിന്തിരിയരുതെന്ന് ബഗ്ദാദി

Posted on: November 4, 2016 12:52 am | Last updated: November 3, 2016 at 11:53 pm

abu-bakr-al-baghdadiv2ബഗ്ദാദ്: മൊസൂളില്‍ നിന്ന് അനുയായികളോട് പിന്‍വാങ്ങരുതെന്ന് ഇസില്‍ തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി. ഇസില്‍ ശക്തി പ്രദേശമായ വടക്കന്‍ ഇറാഖിലെ മൊസൂളില്‍ സഖ്യസേന ആക്രമണം ശക്തമാക്കുന്നതിനിടെ അനുയായികളോടുള്ള നേതാവിന്റെ ആവശ്യം. സഖ്യസേനക്കെതിരെ പോരാടണമെന്നും മൊസൂളില്‍ നിന്ന് സ്വന്തം ഭൂമി വിട്ടുകൊടുക്കരുതെന്നും ധീരതയോടെ മുന്നോട്ടുപോകണമെന്നും ബഗ്ദാദി ആവശ്യപ്പെടുന്നു. ബഗ്ദാദിയുടെ പേരിലുള്ള ഓഡിയോ ടേപ്പ് ഇസിലുമായി ബന്ധമുള്ള അല്‍ഫുര്‍ഖാന്‍ മീഡിയയാണ് പുറത്തുവിട്ടത്. ടേപ്പ് റെക്കോര്‍ഡുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും ഇത് ബഗ്ദാദിതന്നെയെന്നാണ് വിദഗ്ധര്‍ സൂചന നല്‍കിയത്.
അതിനിടെ, ബഗ്ദാദി താമസിക്കുന്നുവെന്ന് കരുതുന്ന മൊസൂളിലെ കേന്ദ്രങ്ങള്‍ സഖ്യസേനയുടെ നിയന്ത്രണത്തിലാണെന്നും ഇയാളുടെ വീട് സൈന്യം വളഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഓഡിയോ സന്ദേശം പുറത്തായത്. രണ്ട് വര്‍ഷം മുമ്പ് ബഗ്ദാദി ഖിലാഫത്ത് പ്രഖ്യാപനം നടത്തിയ മൊസൂളില്‍ ഇറാഖ്, കുര്‍ദ് സേനകളുടെ നേതൃത്വത്തിലുള്ള സഖ്യസേന മികച്ച മുന്നേറ്റമാണ് നടത്തുന്നത്.
ഇസില്‍ ഭീകരരുടെ നിയന്ത്രണത്തില്‍ നിന്ന് നിരവധി നഗരങ്ങളും ഗ്രാമങ്ങളും സൈന്യം തിരിച്ചുപിടിച്ചിട്ടുണ്ട്. കിഴക്കന്‍ മൊസൂളിലെ ചില മേഖലകള്‍ മാത്രമാണ് ഇനി പിടിച്ചെടുക്കാനുള്ളത്. വ്യോമ, കരസേന വിഭാഗത്തിലായി വന്‍ സൈനിക സന്നാഹം തന്നെ മൊസൂള്‍ തിരിച്ചുപിടിക്കാന്‍ രംഗത്തുണ്ട്. ഇറാഖിനും കുര്‍ദുകള്‍ക്കും പിന്തുണയുമായി നിരവധി പ്രാദേശിക സായുധ സംഘങ്ങളും രംഗത്തെത്തിയിരുന്നു.
മൊസൂളിലെ ഇസിലന്റെ ശക്തി ക്ഷയിച്ചിട്ടുണ്ടെന്നും വീടുകള്‍ കയറിക്കൊണ്ടുള്ള പരിശോധന സൈന്യം ശക്തമാക്കിയിട്ടുണ്ടെന്നും ഇറാഖ് പ്രതിരോധ മന്ത്രാലയം വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇറാഖിലെ അവസാന ഇസില്‍ സ്വാധീന പ്രദേശമായ മൊസൂള്‍ തിരിച്ചുപിടിക്കാന്‍ ഏതറ്റം വരെയുംപോകുമെന്ന് ഇറാഖ് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.