മ്യാന്മറില്‍ മുസ്‌ലിംകളല്ലാത്തവര്‍ക്ക് സൈന്യത്തിന്റെ ആയുധ പരിശീലനം

Posted on: November 4, 2016 4:52 am | Last updated: November 3, 2016 at 11:52 pm

റാഖിന: മ്യാന്‍മറിലെ റാഖിനയില്‍ മുസ്‌ലിംകളല്ലാത്ത സാധാരണക്കാര്‍ക്ക് മ്യാന്‍മര്‍ സൈന്യം ആയുധം വിതരണം ചെയ്യുന്നു. മ്യാന്‍മര്‍ അധികൃതര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആയുധ വിതരണത്തിന് പുറമെ ഇവര്‍ക്ക് ആയുധ പരിശീലനവും നല്‍കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ വെളിപ്പെടുത്തല്‍. റോഹിംഗ്യന്‍ വംശജരായ ആളുകളില്‍ നിന്നുള്ള ഭീഷണിയെ ചെറുക്കുക എന്ന ലക്ഷ്യമാണ് ഈ നീക്കത്തിന് പിന്നിലെന്ന് അധികൃതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും കടുത്ത വിവേചനവും മുസ്‌ലിം വിരുദ്ധ നീക്കവും ആണ് ഇതിന് പിന്നിലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. റാഖിന സംസ്ഥാനത്തെ റോഹിംഗ്യന്‍ വംശജര്‍ക്കെതിരെ ഇപ്പോള്‍ തന്നെ വന്‍ തോതില്‍ ആക്രമണങ്ങളും സംഘര്‍ഷങ്ങളും അരങ്ങേറുന്നുണ്ടെന്നും പുതിയ രീതിയോടെ ഇത് കൂടുതല്‍ സങ്കീര്‍ണമാകുമെന്നും പ്രദേശം വീണ്ടും സംഘര്‍ഷഭരിതമാകുമെന്നും മനുഷ്യാവകാശ സംഘടനകളും ചൂണ്ടിക്കാട്ടുന്നു.
റാഖിനയുള്ള ബുദ്ധന്മാരായ ആളുകള്‍ക്കിടയില്‍ നിന്നും മറ്റു മുസ്‌ലിമേതര വിഭാഗങ്ങളില്‍ നിന്നും റീജ്യനല്‍ പോലീസ് എന്ന പേരിലാണ് ആളുകളെ റിക്രൂട്ട് ചെയ്യുന്നതെന്ന് കേണല്‍ സെയ്ന്‍ ലവിന്‍ വ്യക്തമാക്കി. അതേസമയം, സാധാരണ നിലയില്‍ പോലീസിലെടുക്കുമ്പോള്‍ ആവശ്യമായ മാനദണ്ഡങ്ങളൊന്നും ഈ വിഷയത്തില്‍ സ്വീകരിക്കുന്നില്ലെന്നും വിദ്യാഭ്യാസ യോഗ്യതയോ ഉയരമോ നോക്കാതെ അവരെ റിക്രൂട്ട് ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിക്രൂട്ട് ചെയ്യപ്പെടുകയാണെങ്കിലും ഇവരെയെല്ലാം സാധാരണക്കാരായി തന്നെയാണ് പരിഗണിക്കപ്പെടുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മ്യാന്മറിലെ റാഖിനയില്‍ പതിനൊന്ന് ലക്ഷത്തോളം റോഹിംഗ്യന്‍ വംശജരായ മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ക്ക് രാജ്യത്തിന്റെ പൗരത്വം നല്‍കാന്‍ ഇതുവരെ അധികൃതര്‍ തയ്യാറായിട്ടില്ല. എന്നു മാത്രമല്ല, ഇവര്‍ക്കെതിരെ ആസൂത്രിതമായ നീക്കങ്ങള്‍ നടത്തുകയും ചെയ്യുകയാണ് സര്‍ക്കാര്‍. മ്യാന്മറില്‍ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പില്‍ ആംഗ് സാന്‍ സൂകിയുടെ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയിരുന്നു. ഇവരുടെ അധികാരാരോഹണം റോഹിംഗ്യന്‍ വംശജരുടെ വിഷയത്തില്‍ ചില സുതാര്യ നടപടികള്‍ക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നെങ്കിലും അക്രമങ്ങള്‍ക്കെതിരെയും വിവേചനങ്ങള്‍ക്കെതിരെയും ക്രൂരമായ മൗനമവലംബിക്കുകയാണ് ആംഗ് സാന്‍ സൂകി. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ സൂകിയുടെ ഈ ഇരട്ടത്താപ്പിനെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്.