അഭിഭാഷകരുടെ വാദം പരിഹാസ്യം: പത്രപ്രവര്‍ത്തക യൂനിയന്‍

Posted on: November 3, 2016 1:02 am | Last updated: November 3, 2016 at 1:02 am

KUWJ-media-workersതിരുവനന്തപുരം: ഹൈക്കോടതിയുടെ വജ്ര ജൂബിലി വിശദമായി റിപ്പോര്‍ട്ട് ചെയ്യാത്തതുകൊണ്ടാണ് എറണാകുളം സെഷന്‍സ് കോടതിയില്‍ ഇന്നലെ റിപ്പോര്‍ട്ടര്‍മാരെ തടഞ്ഞത് എന്ന ചില മുതിര്‍ന്ന അഭിഭാഷകരുടെ വാദം പരിഹാസ്യമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍. ഹൈക്കോടതിയില്‍ കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി മാധ്യമ പ്രവര്‍ത്തകരെ കയറ്റാന്‍ അനുവദിച്ചിട്ടില്ല. രജിസ്ട്രാറും ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയും പ്രഖ്യാപിച്ചിട്ടും മാധ്യമ വിലക്ക് നീക്കാന്‍ കുറച്ച് വക്കീലന്മാര്‍ തയ്യാറായിട്ടില്ല. ചീഫ് ജസ്റ്റിസിന്റെ അഭ്യര്‍ഥന മാനിച്ച് സെപ്തംബര്‍ 30ന് കോടതിയിലെത്തിയ മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ കൈയേറ്റം ചെയ്തു. പോലീസ് സംരക്ഷണത്തിലായിരുന്നു റിപ്പോര്‍ട്ടര്‍മാര്‍ പുറത്തുകടന്നത്. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലും സമാനസംഭവം തന്നെയാണുണ്ടായത്.
മാധ്യമ പ്രവര്‍ത്തകരെ ഈ രീതിയില്‍ വിലക്കിയ സ്ഥലത്ത് നടത്തുന്ന പരിപാടിക്ക് പോകാത്തതില്‍ പ്രകോപിതനായ ശിവന്‍ മഠത്തിലിനെ പോലെയുള്ളവര്‍ പഴിക്കേണ്ടത് സ്വന്തം സഹപ്രവര്‍ത്തകര്‍ക്കിടയിലെ യുക്തി ബോധമില്ലായ്മയെയാണെന്നും യൂനിയന്‍ പ്രസ്താവനയില്‍ പറഞ്ഞു.