എയർപോർട്ട് മാർച്ച് വിജയിപ്പിക്കാൻ പ്രവാസികൾ മുന്നിട്ടിറങ്ങുക – ഐ സി എഫ്

Posted on: November 2, 2016 8:09 pm | Last updated: November 2, 2016 at 8:36 pm

ദുബായ്: കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കാന്‍ നടക്കുന്ന ഗൂഢാലോചനയില്‍ പ്രതിഷേധിച്ച് എസ്.വൈ.എസ് നവംബര്‍ മൂന്നിന് നടത്തുന്ന എയര്‍പോര്‍ട്ട് മാര്‍ച്ച് വന്‍ വിജയമാക്കാന്‍ നാട്ടില്‍ അവധിയിലുള്ള മുഴുവന്‍ പ്രവാസികളും രംഗത്തിറങ്ങണമെന്ന് ഐ.സി.എഫ് മിഡില്‍ ഈസ്റ്റ് കമ്മറ്റി ആഹ്വാനം ചെയ്തു.

റണ്‍വേ പുനരുദ്ധാരണ ജോലികള്‍ തീര്‍ന്നാലുടന്‍ ജംബോ വിമാന സര്‍വീസ് പുനസ്ഥാപിക്കുമെന്നു പറഞ്ഞാണ് കരിപ്പൂരില്‍ വിമാന സര്‍വ്വീസ് നിര്‍ത്തല്‍ ചെയ്തത്. എന്നാല്‍ ഇനിയും റണ്‍വേ നീളം കൂട്ടണമെന്ന ഉദ്യോഗസ്ഥ ശാഠ്യത്തിന്റെ പിന്നാമ്പുറങ്ങള്‍ പുറത്തു കൊണ്ടുവരപ്പെടേണ്ടതുണ്ട്.

2015 ഏപ്രില്‍ 30 ലെ സ്റ്റാറ്റസ്‌ക്കോ പുനസ്ഥാപിക്കുക, കരിപ്പൂരില്‍ ഹജ്ജ് സര്‍വീസ് പുനസ്ഥാപിക്കുക, ഗള്‍ഫിലേക്കുള്ള സീസണുകളിലെ വിമാന കൊള്ള അവസാനിപ്പിക്കുക തുടങ്ങിയ ന്യായമായ ആവശ്യങ്ങളാണ് നവംബര്‍ മൂന്നിലെ എയര്‍പോര്‍ട്ട് മാര്‍ച്ചിന്റെ ലക്ഷ്യങ്ങള്‍.

കരിപ്പൂര്‍ വിമാനത്താവളത്തിനെതിരായി ഉദ്യോഗസ്ഥ ഗൂഡാലോചനകള്‍ ശക്തമാകുന്നുവെന്നത് വ്യക്തമായ സാഹചര്യത്തിലാണ് എസ്.വൈ.എസ് ബഹുജന പങ്കാളിത്തത്തോടെ സമരരംഗത്തിറങ്ങുന്നത്.

‘തിരികെ വേണം കരിപ്പൂര്‍’ എന്ന ക്യാമ്പയിന്റെ ഭാഗമായി കരിപ്പൂരിന തകര്‍ക്കാനുള്ള ഗൂഢാലോചനക്കെതിരെ ബഹുജന സാധവല്‍ക്കരണത്തിനായി നൂറു കണക്കിന് കേന്ദ്രങ്ങളില്‍ ഇതിനകം പ്രഭാഷണങ്ങള്‍ നടത്തിക്കഴിഞ്ഞു. അഞ്ചു ലക്ഷം പേര്‍ ഒപ്പു വെച്ച ഭീമഹരജി കേന്ദ്ര വ്യോമയാന വകുപ്പിനു കൈമാറാനിരിക്കുകയാണ്.

പരമാവധി പ്രവാസികളെ മാര്‍ച്ചില്‍ പങ്കെടുപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കാന്‍ മുഴുവന്‍ പ്രവര്‍ത്തകരോടും അഭ്യര്‍ത്ഥിക്കുന്നതായി സെക്രട്ടറി അബ്ദുല്‍ അസീസ് സഖാഫി മമ്പാട് (ദുബൈ), പ്രസിഡണ്ട് സയ്യിദ് ആറ്റക്കോയ തങ്ങള്‍ (അല്‍കോബാര്‍ ) എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ലക്ഷക്കണക്കിനു പ്രവാസികളെ ബാധിക്കുന്ന വിഷയമായതിനാല്‍ കരിപ്പൂരിനെതിരെ ചരടു വലിക്കുന്ന ഉദ്യോഗസ്ഥ ലോബിയെ നിലക്കുനിര്‍ത്താന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം ഉടന്‍ തയാറാകണമെന്നും. അതിനായി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സംസ്ഥാന സര്‍ക്കാരും മുന്നിട്ടിറങ്ങണമെന്നും ഐ സി എഫ് മിഡില്‍ ഈസ്റ്റ് കമ്മറ്റി ആവശ്യപ്പെട്ടു.