ഹിന്ദുത്വ: ഈ ഇടര്‍ച്ചക്ക് ആര് പിഴയൊടുക്കും?

ആകെയുള്ളത് മനുസ്മൃതിയാണ്. അതാകട്ടെ വര്‍ണവ്യവസ്ഥയെ അരക്കിട്ട് ഉറപ്പിക്കുകയും സവര്‍ണ കോയ്മ ഉദ്‌ഘോഷിക്കുകയും ചെയ്യുന്നു. അതാണ് സംഘ്പരിവാരം മുന്നോട്ടുവെക്കുന്ന ഹിന്ദുത്വയുടെയും ഹിന്ദുയിസമെന്ന മേനി പറച്ചിലിന്റെയും ആധാരം. അതിനെയാണോ പരമോന്നത കോടതി ജീവിത രീതിയെന്ന് വിശേഷിപ്പിച്ചത്? അതിലൊരു പുനരാലോചന വേണ്ടതില്ല എന്നാണോ ഇപ്പോള്‍ സുപ്രീം കോടതിയുടെ ഏഴംഗ ബഞ്ച് കല്‍പ്പിക്കുന്നത്? ഏതെങ്കിലും വിധത്തിലുള്ള ജീവിത രീതിയായി ഹിന്ദുത്വയും ഹിന്ദുയിസവും മാറിയിട്ടുണ്ടെങ്കില്‍ തന്നെ അത് നിയമപരമെന്ന് സ്ഥാപിച്ചെടുക്കേണ്ട ഉത്തരവാദിത്തം, മതനിരപേക്ഷ ജനാധിപത്യമെന്ന ഭരണഘടനാ വ്യവസ്ഥ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ട, നീതിന്യായ സംവിധാനത്തിനുണ്ടോ? അത്തരത്തിലൊരു ശ്രമമുണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിച്ച് തിരുത്തുക എന്നത് പരമോന്നത കോടതിയുടെ ബാധ്യതയല്ലേ?
Posted on: October 31, 2016 8:58 am | Last updated: October 31, 2016 at 8:58 am
SHARE

supreme-court”ഈ രാജ്യം ഹിന്ദുക്കളുടേതാണെന്നും അതങ്ങനെ ആയിരിക്കുമെന്നും മനസ്സിലുണ്ടാകണം. ശിവ സേന അധികാരത്തിലെത്തിയാല്‍, അങ്ങനെ അധികാരത്തിലെത്തുന്നുവെന്ന് ആദ്യം ഉറപ്പാക്കണം, ഹിന്ദു മതത്തിലേക്കുള്ള പാത എല്ലാവരും സ്വീകരിക്കേണ്ടിവരും” – 1987ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ ശിവസേനാ നേതാവ് ബാല്‍ താക്കറെ ആവര്‍ത്തിച്ച വാക്യങ്ങളാണിവ. ബാല്‍ താക്കറെ, തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയായ മനോഹര്‍ ജോഷി, മറ്റ് പതിനൊന്ന് പേര്‍ എന്നിവര്‍ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ച് പ്രചാരണം നടത്തിയെന്ന് കാണിച്ച് നല്‍കിയ പരാതി പരിശോധിച്ച ബോംബെ ഹൈക്കോടതി ആരോപണം അടിസ്ഥാനമുള്ളതാണെന്ന് കണ്ടെത്തി. തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കും വിധത്തില്‍ ഹിന്ദുത്വയും ഹിന്ദൂയിസവും ഉയര്‍ത്തിക്കാട്ടുകയാണ് ഇവര്‍ ചെയ്തതെന്നും ആയത് കുറ്റകരമാണെന്നും ബോംബെ ഹൈക്കോടതി വിധിച്ചു.
ഈ ഉത്തരവ് ചോദ്യം ചെയ്ത് ബാല്‍ താക്കറെ ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ജസ്റ്റിസുമാരായ ജെ എസ് വര്‍മ, എന്‍ പി സിംഗ്, കെ വെങ്കടസ്വാമി എന്നിവരടങ്ങുന്ന ബഞ്ച് ഹിന്ദുത്വ, ഹിന്ദുയിസം എന്നിവ സംബന്ധിച്ച തര്‍ക്ക വിധേയമായ നിര്‍വചനം മുന്നോട്ടുവെച്ചത്. ഹിന്ദുത്വ, ഹിന്ദുയിസം എന്നിവയെ ഹിന്ദു മതവുമായി നേരിട്ട് ബന്ധിപ്പിക്കാനാകില്ലെന്നും ഈ പ്രയോഗങ്ങള്‍ മതത്തെയല്ല, ജീവിത രീതിയെയാണ് (വേ ഓഫ് ലൈഫ്) പ്രതിനിധാനം ചെയ്യുന്നതെന്നുമായിരുന്നു സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ചിന്റെ വ്യാഖ്യാനം. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് നേട്ടം ലാക്കാക്കി മതത്തെ ഉപയോഗിക്കുന്നതോ ദുരുപയോഗിക്കുന്നതോ തടയുന്ന ജനപ്രാതിനിധ്യ നിയമത്തിലെ 123-ാം വകുപ്പിലെ മൂന്നാം ഉപവകുപ്പ് പ്രകാരമുള്ള കുറ്റം ബാല്‍ താക്കറെ അടക്കമുള്ളവര്‍ ചെയ്തതായി കണക്കാക്കാനാകില്ലെന്നും സുപ്രീം കോടതി വിധിച്ചു. രാമക്ഷേത്ര നിര്‍മാണം അജന്‍ഡയായെടുത്ത് എല്‍ കെ അദ്വാനിയുടെ നേതൃത്വത്തില്‍ രഥയാത്ര അരങ്ങേറുകയും 1992 ഡിസംബര്‍ ആറിന് ബാബ്‌രി മസ്ജിദ് തകര്‍ക്കപ്പെടുകയും ചെയ്തതിന് ശേഷം, 1995ലായിരുന്നു ഈ വിധി.
ഹിന്ദുത്വ, ഹിന്ദുയിസം എന്നിവ ജീവീത രീതിയാണെന്ന വ്യാഖ്യാനം ശരിയോ തെറ്റോ എന്ന തര്‍ക്കം അന്നുതന്നെ ഉയര്‍ന്നിരുന്നു. ഈ വ്യാഖ്യാനം ശരിയല്ലെന്നും എല്ലാ മതവിഭാഗങ്ങള്‍ക്കും തുല്യ പരിഗണന വിഭാവനം ചെയ്യുന്ന ഭരണഘടന നിലനില്‍ക്കുന്ന ഇന്ത്യന്‍ യൂനിയനില്‍ ഹിന്ദുത്വയും ഹിന്ദുയിസവും ജീവിതരീതിയായി നിര്‍വചിക്കുന്നത് ഭൂരിപക്ഷ മത വിഭാഗത്തിന്റെ പ്രാതിനിധ്യം അവകാശപ്പെടുന്നവര്‍ക്ക് അവസരങ്ങള്‍ ഒരുക്കുന്നതായി മാറുമെന്നും വാദമുയര്‍ന്നു. രാഷ്ട്രീയത്തെ മതത്തില്‍ നിന്ന് വേറിട്ടതാക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകയായ ടീസ്റ്റ സെതല്‍ലവാദിനെപ്പോലുള്ളവരും ഹിന്ദുത്വ നിര്‍വചനത്തില്‍ വ്യക്തത ആവശ്യപ്പെട്ട് ഒ പി ഗുപ്തയെപ്പോലുള്ളവരും സമര്‍പ്പിച്ച ഹരജി പരിഗണിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി എസ് താക്കൂര്‍ അധ്യക്ഷനായ ഏഴംഗ ബഞ്ച്, ജസ്റ്റിസ് ജെ എസ് വര്‍മ അധ്യക്ഷനായ ബഞ്ച് നല്‍കിയ നിര്‍വചനം പുനഃപരിശോധിക്കേണ്ടതില്ലെന്നാണ് തീരുമാനിച്ചത്. രണ്ട് ദശകം മുമ്പ് സുപ്രീം കോടതി നല്‍കിയ വ്യാഖ്യാനം ഹിന്ദുത്വ, ഹിന്ദുയിസം തുടങ്ങിയ വാക്കുകളും അതിന്റെ പരിധിയില്‍ വരുന്നതായി സംഘപരിവാരം അവകാശപ്പെടുന്ന സംഗതികളും തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കുന്നതിന് അവസരമൊരുക്കിയിരുന്നു. ഇത് തുടരാന്‍ അനുവദിക്കേണ്ടതുണ്ടോ എന്ന നിര്‍ണായക സംഗതി പരിഗണിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ് രാജ്യത്തെ പരമോന്നത കോടതി ചെയ്തിരിക്കുന്നത്.
രാഷ്ട്രീയ പ്രസംഗങ്ങളില്‍ മതത്തെ അടിസ്ഥാനമാക്കിയുള്ള പരാമര്‍ശങ്ങളുണ്ടാകുകയാണെങ്കില്‍, അത് പ്രത്യേകം പ്രത്യേകമായി പരിഗണിക്കണമെന്നും ഏത് സാഹചര്യത്തിലാണ് ഇവ്വിധം ഉപയോഗിച്ചത് എന്ന് പരിശോധിക്കണമെന്നുമാണ് സുപ്രീം കോടതിയുടെ നിലപാട്. രാഷ്ട്രീയ പ്രഭാഷണങ്ങളില്‍ പറയാവുന്നതിന്റെയും പറയരുതാത്തതിന്റെയും പട്ടിക തയ്യാറാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. ജനപ്രാതിനിധ്യ നിയമത്തിലെ 123 (3) വകുപ്പ്, സ്ഥാനാര്‍ഥിയുടെയോ അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരുടെയോ മതത്തെയാണോ അതോ വോട്ടര്‍മാരുടെ മതത്തെയാണോ വ്യവഹരിക്കുന്നത് എന്ന് പരിശോധിക്കുകയാണ് ലക്ഷ്യമെന്നും കോടതി വ്യക്തമാക്കുന്നു.
ഹിന്ദുത്വക്കും ഹിന്ദുയിസത്തിനും മതവുമായി ബന്ധമില്ലെന്ന വ്യാഖ്യാനം നിലനിര്‍ത്തുകയെന്നാല്‍ ഹിന്ദുത്വ എന്നത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതില്‍ തടസ്സമില്ലെന്നാണ് അര്‍ഥം. അതങ്ങനെ നിലനിര്‍ത്തിക്കൊണ്ട് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകളെക്കുറിച്ച് നടത്തുന്ന പരിശോധന പ്രഹസനത്തില്‍ അപ്പുറം ഒന്നുമാകാന്‍ ഇടയില്ല. ഹിന്ദുത്വ ജീവിത രീതിയാണെന്നത്, അക്രമോത്സുകമായ വര്‍ഗീയ അജന്‍ഡകള്‍ക്ക് മറയിടാനായി സംഘ്പരിവാരം കാലങ്ങളായി മുന്നോട്ടുവെക്കുന്ന ന്യായമാണ്. അതിനെ അംഗീകരിച്ചു കൊടുത്തുകൊണ്ട് മതത്തെ രാഷ്ട്രീയത്തില്‍ ഉപയോഗിക്കുന്നതിലെ ന്യായാന്യായങ്ങള്‍ പരിശോധിക്കുക എന്നത് ഏറെക്കുറെ അസാധ്യമാണ്. അങ്ങനെ പരിശോധിച്ചാല്‍ അതില്‍ വിവേചനമുണ്ടാകാനുള്ള സാധ്യത ഏറെയുമാണ്.
ഹിന്ദുവായി ജനിച്ച് ഇപ്പോഴും അങ്ങനെ ജീവിക്കുന്ന (ആധികാരികമെന്ന് സര്‍ക്കാര്‍ കരുതുന്ന എല്ലാ രേഖകളിലും മതം എന്നതിന് ഹിന്ദു എന്നാണ് രേഖപ്പെടുത്തിയത്) എനിക്ക് ആ മതം ഏതെങ്കിലും വിധത്തിലുള്ള ജീവിത രീതി നിഷ്‌കര്‍ഷിച്ച് നല്‍കിയിട്ടില്ല. സംഘ്പരിവാരം മുന്നോട്ടുവെക്കുന്ന ഹിന്ദുത്വവും ഈ മത വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള ജീവിത രീതി നിഷ്‌കര്‍ഷിക്കുന്നില്ല. ജാതി, ഭാഷ, ആചാരങ്ങള്‍ എന്ന് തുടങ്ങി വിവിധങ്ങളായ തിരിവുകള്‍ അതിരിട്ട വിഭാഗങ്ങളെയാണ് ഹിന്ദു എന്ന പൊതു വാക്കുകൊണ്ട് പ്രതിനിധാനം ചെയ്യാന്‍ ശ്രമിക്കുന്നത്. അവര്‍ക്കെല്ലാം യോജിക്കുന്ന വിധത്തിലുള്ള പൊതുരീതി ഉണ്ടാകുക എന്നത് ഏറെക്കുറെ അസാധ്യവുമാണ്. ആകെയുള്ളത് മനുസ്മൃതിയാണ്. അതാകട്ടെ വര്‍ണവ്യവസ്ഥയെ അരക്കിട്ട് ഉറപ്പിക്കുകയും സവര്‍ണ കോയ്മ ഉദ്‌ഘോഷിക്കുകയും ചെയ്യുന്നു. അതാണ് സംഘ്പരിവാരം മുന്നോട്ടുവെക്കുന്ന ഹിന്ദുത്വയുടെയും ഹിന്ദുയിസമെന്ന മേനി പറച്ചിലിന്റെയും ആധാരം. അതിനെയാണോ പരമോന്നത കോടതി ജീവിത രീതിയെന്ന് വിശേഷിപ്പിച്ചത്? അതിലൊരു പുനരാലോചന വേണ്ടതില്ല എന്നാണോ ഇപ്പോള്‍ സുപ്രീം കോടതിയുടെ ഏഴംഗ ബഞ്ച് കല്‍പ്പിക്കുന്നത്? ഏതെങ്കിലും വിധത്തിലുള്ള ജീവിത രീതിയായി ഹിന്ദുത്വയും ഹിന്ദുയിസവും മാറിയിട്ടുണ്ടെങ്കില്‍ തന്നെ അത് നിയമപരമെന്ന് സ്ഥാപിച്ചെടുക്കേണ്ട ഉത്തരവാദിത്തം, മതനിരപേക്ഷ ജനാധിപത്യമെന്ന ഭരണഘടനാ വ്യവസ്ഥ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ട, നീതിന്യായ സംവിധാനത്തിനുണ്ടോ? അത്തരത്തിലൊരു ശ്രമമുണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിച്ച് തിരുത്തുക എന്നത് പരമോന്നത കോടതിയുടെ ബാധ്യതയല്ലേ?
ഇന്ത്യന്‍വത്കരണത്തിന്റെ പര്യായമെന്ന നിലക്ക് ഹിന്ദുത്വയെ മനസ്സിലാക്കുകയും പ്രയോഗിക്കുകയും വേണമെന്നും നിലനില്‍ക്കുന്ന സംസ്‌കാരങ്ങള്‍ തമ്മിലുള്ള അന്തരം ഇല്ലാതാക്കി ഏക സംസ്‌കാരം വികസിപ്പിക്കുകയാണ് ഈ ഇന്ത്യന്‍വത്കരണമെന്നും 1995ല്‍ കോടതി പറഞ്ഞുവെച്ചിട്ടുണ്ട്. ഏക സംസ്‌കാരത്തില്‍ അധിഷ്ഠിതമായ രാഷ്ട്രമെന്ന രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ ദര്‍ശനത്തിനുള്ള നിയമപരമായ അംഗീകാരമായാണ് ഹിന്ദുത്വത്തിന് കോടതി നല്‍കിയ വിശാലമായ വ്യാഖ്യാനത്തെ സംഘ്പരിവാര നേതാക്കള്‍ സ്വീകരിച്ചത്. അതങ്ങനെ നിലനില്‍ക്കുക എന്നാല്‍ ഹിന്ദു രാഷ്ട്ര സ്ഥാപനത്തിലേക്ക് നീങ്ങാന്‍ സമയമായെന്ന ആര്‍ എസ് എസ് നേതൃത്വത്തിന്റെ പ്രസ്താവനകള്‍ നിയമപരമായി സാധുവാകുകയാണെന്നാണ് അര്‍ഥം. ഹൈന്ദവ പാരമ്പര്യം അംഗീകരിക്കുന്നവരെ മാത്രമേ വോട്ടര്‍ പട്ടികയില്‍ പേരുള്‍പ്പെടുത്താന്‍ അനുവദിക്കാവൂ എന്ന് സുബ്രഹ്മണ്യന്‍ സ്വാമിയെപ്പോലുള്ളവര്‍ ആഹ്വാനം ചെയ്യുന്ന കാലത്താണ് ഏക സംസ്‌കാരം വികസിപ്പിക്കാനുള്ള ഉപാധിയായി ഹിന്ദുത്വയെ ഉപയോഗിക്കണമെന്ന സുപ്രീം കോടതി വിധി നിലനില്‍ക്കുന്നതും അത് പുനഃപരിശോധിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്യുന്നത് എന്നത് ഏഴംഗ ബഞ്ചിന്റെ നിലപാടിനെ കൂടുതല്‍ പ്രധാനമാക്കുന്നുണ്ട്.
ജനപ്രാതിനിധ്യ നിയമത്തില്‍ പറയുന്നത്, സ്ഥാനാര്‍ഥിയുടെയോ അവരെ പിന്തുണക്കുന്നവരുടെയോ മതമാണോ സമ്മതിദായകരുടെ മതമാണോ എന്ന് കോടതി തിട്ടപ്പെടുത്തിയാലും ഹിന്ദുത്വ എന്നത് അതിന് പുറത്താണ് നില്‍ക്കുക. ഹിന്ദുത്വയുടെ ഭാഗമെന്ന നിലക്ക് സംഘ്പരിവാരം മുന്നോട്ടുവെക്കുന്ന/മുന്നോട്ടുവെക്കാനിടയുള്ള വിഷയങ്ങളൊക്കെ നിയമത്തിന്റെ കണ്ണില്‍ മതബാഹ്യമായിരിക്കുമെന്ന് ചുരുക്കം. ഗോ സംരക്ഷണവും ഘര്‍വാപസിയും ഹിന്ദുത്വ അജന്‍ഡയുടെ ഭാഗമാണ്. ഗോ സംരക്ഷണത്തിന് വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍, കോടതിയുടെ വിശദീകരണ പ്രകാരമാണെങ്കില്‍ സംസ്‌കാരങ്ങള്‍ക്കിടയിലുള്ള ഭിന്നത ഇല്ലാതാക്കി ഏക സംസ്‌കാരത്തിലേക്ക് കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. ഗോ സംരക്ഷണം, അതിന് വേണ്ടി നടത്തുന്ന അക്രമോത്സുകമായ പ്രവൃത്തി ഒക്കെ, അടുത്ത തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് സംഘപരിവാരം ഉപയോഗിച്ചാല്‍ നിയമപരമായി ചോദ്യംചെയ്യാനാകില്ലെന്ന് ചുരുക്കം. ഘര്‍ വാപസിയുടെ കാര്യവും ഭിന്നമാകില്ല. ഹിന്ദുത്വ അജണ്ടകളോടുള്ള എതിര്‍പ്പ്, ഇന്ത്യന്‍വത്കരണത്തോടുള്ളതാണെന്ന് വ്യാഖ്യാനിച്ച് രാജ്യദ്രോഹ മുദ്ര ചാര്‍ത്തിക്കൊടുക്കാനും വഴിയുണ്ട്.
1995ല്‍ ജസ്റ്റിസ് ജെ എസ് വര്‍മയുടെ നേതൃത്വത്തിലുള്ള ബഞ്ച് ഈ വിധി പുറപ്പെടുവിച്ചപ്പോഴുണ്ടായിരുന്നതില്‍ അധികം ഭീഷണി, മതനിരപേക്ഷ സമൂഹം ഇന്ന് നേരിടുന്നുണ്ട്. രാജ്യദ്രോഹിയെന്ന് ആര്‍ത്ത്, ആക്രമിക്കാന്‍ മടികാട്ടാത്ത അഭിഭാഷകക്കൂട്ടത്തെ കണ്ടത് സുപ്രീം കോടതിയില്‍ നിന്ന് കിലോമീറ്ററുകള്‍ മാത്രം അകലെയുള്ള കോടതിയിലാണ്. സംഘ്പരിവാരത്തിലെ ഇളമുറക്കാരുമായുണ്ടായ വാക്കേറ്റത്തിന് ശേഷം വിദ്യാര്‍ഥിയെ കാണാതായത് സുപ്രീം കോടതിയില്‍ നിന്ന് അധികം അകലെയല്ലാത്ത സര്‍വകലാശാലയിലാണ്. കോടതികളിലും വിദ്യാലയങ്ങളിലും മാത്രമല്ല അടുക്കളയിലേക്ക് വരെ സംഘ്പരിവാരത്തിന്റെ കൈകള്‍ നീളുകയും ജീവനെടുക്കാന്‍ മടി കാട്ടാതിരിക്കുകയും ചെയ്യുന്ന കാലം. അതിനെയൊക്കെ മൗനം കൊണ്ട് പിന്തുണക്കുന്ന ഭരണകൂടം രാജ്യസ്‌നേഹത്തിന്റെയും ദേശീയതയുടെയും വ്യാജ വേലിയേറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന കാലം. രാജ്യത്തെ സാമൂഹിക സാഹചര്യം നേരിടുന്ന നിര്‍ണായക പ്രതിസന്ധിയെ കാണുന്നില്ലെന്ന് നടിച്ച്, നീതിപീഠമെടുക്കുന്ന തീരുമാനങ്ങള്‍ നിയമപരമായി ശരിയായിരിക്കും, പക്ഷേ, അതൊരിക്കലും സമൂഹത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതായി മാറില്ല.
തെറ്റായ തീരുമാനങ്ങളെടുത്തവര്‍ പിന്നീട് പരിതപിച്ച കാഴ്ച മുമ്പുണ്ടായിട്ടുണ്ട്. പൗരാവകാശങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്ന് അടിയന്തരവാസ്ഥക്കാലത്ത് വിധിച്ചത് തെറ്റായിപ്പോയെന്ന് ജസ്റ്റിസ് പി എന്‍ ഭഗവതിയെപ്പോലുള്ളവര്‍ പിന്നീട് പറഞ്ഞത് ഓര്‍ക്കുക. 1976ല്‍ പി എന്‍ ഭഗവതിയുടെ നേതൃത്വത്തിലുള്ള ബഞ്ചിന്റെ ഭൂരിപക്ഷ വിധിക്ക് വിയോജനക്കുറിപ്പെഴുതാന്‍ ജസ്റ്റിസ് എച്ച് ആര്‍ ഖന്നയെപ്പോലെ നട്ടെല്ല് വളയാത്ത ഒരാളെങ്കിലുമുണ്ടായിരുന്നു. ഇന്ന് അതുപോലും ഉണ്ടാകുന്നില്ല. ജഡ്ജി നിയമനത്തില്‍ ഇടപെടാന്‍ അവസരം നോക്കുന്ന സര്‍ക്കാറിനെ നേരില്‍ കാണുമ്പോഴും.

LEAVE A REPLY

Please enter your comment!
Please enter your name here