അഖിലേഷിന് ജനസമ്മതി കൂടിയെന്ന് സര്‍വേ

Posted on: October 29, 2016 6:02 am | Last updated: October 28, 2016 at 11:55 pm

akhilesh yadavuന്യൂഡല്‍ഹി: സമാജ്‌വാദി പാര്‍ട്ടിയില്‍ ആഭ്യന്തര കലഹം രൂക്ഷമായി നിലനില്‍ക്കുമ്പോഴും പാര്‍ട്ടി സ്ഥാപക നേതാവ് മുലായം സിംഗ് യാദവിനേക്കാള്‍ കൂടുതല്‍ ജനപിന്തുണ അഖിലേഷ് യാദവിനെന്ന് സര്‍വേ റിപ്പോര്‍ട്ട്. പോളിംഗ് ഏജന്‍സിയായ സീ വോട്ടേഴ്‌സ് നടത്തിയ സര്‍വേ പ്രകാരം കഴിഞ്ഞ ഒരു മാസത്തിനിടെ അഖിലേഷ് യാദവിന് എസ് പിയെ പാരമ്പര്യമായി അനുകൂലിക്കുന്നവരുടെ പിന്തുണയുണ്ടെന്ന് പറയുന്നു.
കഴിഞ്ഞ മാസം ആദ്യത്തിലും ഈ മാസം രണ്ടാം വാരത്തിലുമാണ് ഏജന്‍സി സര്‍വേ നടത്തിയത്. മുലായം സിംഗ്-അഖിലേഷ് യാദവ്-ശിവ്പാല്‍ തര്‍ക്കം രൂക്ഷമായിട്ടും അഖിലേഷിന്റെ ജനപ്രീതി കുറഞ്ഞിട്ടില്ലെന്ന് സര്‍വേ പറയുന്നു. ഉത്തര്‍ പ്രദേശിലെ 403 നിയോജക മണ്ഡലങ്ങളിലായി 12,121 പേരിലാണ് സര്‍വേ നടത്തിയത്. എസ് പിയുടെ വോട്ടുബേങ്കായ മുസ്്‌ലിംകളും യാദവരും അഖിലേഷിന്റെ കൂടെയാണെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടില്‍ ശിവ്പാല്‍ യാദവിന് അഖിലേഷിന്റെ മുന്നില്‍ വെല്ലുവിളി ഉയര്‍ത്താന്‍ സാധിക്കില്ലെന്നും പറയുന്നുണ്ട്. പാര്‍ട്ടിയില്‍ ഗുണ്ടാരാജ് രീതിയില്‍ നടത്തികൊണ്ടിരിക്കുന്ന നടപടയില്‍ ക്ലീന്‍ ഇമേജാണ് അഖിലേഷിന് സര്‍വേയില്‍ പങ്കെടുത്തവര്‍ നല്‍കിയത്. 68 ശതമാനം പേര്‍ ഈ നടപടികളെ അനുകൂലിക്കുന്നു.