വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാന്‍ എത്തിച്ച ലഹരി സ്‌പ്രേ പിടികൂടി

Posted on: October 28, 2016 11:36 pm | Last updated: October 28, 2016 at 11:36 pm

mlp-super-candy-mouth-sprayതാനൂര്‍: വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് ലഹരിവസ്തുക്കള്‍ നിറക്കൂട്ടിലൊളിപ്പിച്ച് വിപണിയിലെത്തുന്നതായി കണ്ടെത്തി. ഇന്നലെ വൈലത്തൂരിലെ ഒരു ബേക്കറിയില്‍ നിന്നുമാണ് സൂപ്പര്‍ സ്‌പ്രേ കാന്‍ഡി എന്ന മൗത്ത് സ്‌പ്രേ പിടികൂടിയത്. കടകള്‍ വഴി വിദ്യാര്‍ഥികള്‍ക്ക് വില്‍പ്പന നടത്തിവരുന്ന ലഹരി അടങ്ങിയ സ്‌പ്രേ യാണ് പൊന്‍മുണ്ടം ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും തിരൂര്‍ എക്‌സൈസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടികൂടിയത്. താനൂര്‍ അയ്യായ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ നിന്നും കണ്ടെടുത്ത ലഹരി സ്‌പ്രേയുടെ ഉറവിടം തേടി രക്ഷിതാക്കളും സ്‌കൂള്‍ അധ്യാപകരും പുറപ്പെട്ടതോടെയാണ് വൈലത്തൂരിലെ ഹലാല്‍ ബേക്കറിയില്‍ നിന്നാണ് ഇത് വില്‍പ്പന നടത്തിയതെന്ന് വ്യക്തമായത്. തിരൂര്‍ ഫോറിന്‍ മാര്‍ക്കറ്റില്‍ നിന്നും കുറഞ്ഞ വിലക്കാണ് ഈ സ്‌പ്രേ സമീപത്തെ കടകളിലേക്കെത്തുന്നതെന്നാണ് ബേക്കറി ഉടമ ഉദ്യോഗസ്ഥരോട് പറഞ്ഞു.
വീര്യം കൂടിയ ആല്‍ക്കഹോളാണ് ഈ സ്‌പ്രേയില്‍ അടങ്ങിയിട്ടുള്ളതെന്നും ഇതു കുട്ടികളുടെ വായയില്‍ അടിക്കുന്നതു കാരണം കഞ്ചാവിന്റെ ഫലമാണത്രെ ലഭിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാരകമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യതയുള്ള ഈ ഉത്പ്പന്നം ബുദ്ധി ശക്തി പെട്ടെന്ന് നഷ്ടപ്പെടുത്തുമെന്നും എക്‌സെസൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. സൂക്ഷ്മമായ പരിശോധനക്കുവേണ്ടി പിടിച്ചെടുത്തവ സ്‌പ്രേ തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചു.