റാഞ്ചി ഏകദിനത്തില്‍ കിവീസിന് ജയം

Posted on: October 27, 2016 8:10 am | Last updated: October 27, 2016 at 8:10 am
SHARE

newzilandറാഞ്ചി: ക്യാപ്റ്റന്‍ എം എസ് ധോണിയുടെ നാടായ റാഞ്ചിയില്‍ വെച്ച് ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പര റാഞ്ചാമെന്ന ടീം ഇന്ത്യയുടെ മോഹം പൊലിഞ്ഞു. നാലാം ഏകദിനം പത്തൊമ്പത് റണ്‍സിന് റാഞ്ചിയത് കിവീസ്. ഇതോടെ, അഞ്ച് മത്സര പരമ്പര 2-2ന് തുല്യം.
ടോസ് ജയിച്ച ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കാന്‍ വില്യംസന്‍ ബാറ്റിംഗ് തിരഞ്ഞെടുത്തു. നിശ്ചിത അമ്പതോവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സാണ് സന്ദര്‍ശകര്‍ ഉയര്‍ത്തിയത്. ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ രഹാനെയുടെയും കോഹ്‌ലിയുടെയും മികവില്‍ പ്രതീക്ഷ നിലനിര്‍ത്തിയെങ്കിലും തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി 48.4 ഓവറില്‍ 241ന് ആള്‍ ഔട്ടായി.
72 റണ്‍സെടുത്ത ന്യൂസിലാന്‍ഡ് ഓപണര്‍ മാര്‍ട്ടിന്‍ ഗുപ്ടില്‍ മാന്‍ ഓഫ് ദ മാച്ചായി. കഴിഞ്ഞ മത്സരത്തിലും ഗുപ്ടില്‍ അര്‍ധസെഞ്ച്വറി നേടിയിരുന്നു. ടോം ലാഥം (39), കാന്‍ വില്യംസന്‍ (41), റോസ് ടെയ്‌ലര്‍ (35) എന്നിങ്ങനെ കിവീസിന്റെ ടോപ് ഓര്‍ഡര്‍ റണ്‍സടിച്ചതാണ് ഇന്ത്യക്ക് വിനയായത്. വ്യത്യസ്ത ബൗണ്‍സില്‍ പന്ത് ബാറ്റ്‌സ്മാന്‍മാരെ പരീക്ഷിച്ച പിച്ചില്‍ കൂടുതല്‍ നേരം ക്രീസില്‍ നില്‍ക്കുക ദുഷ്‌കരമായിരുന്നു. രഹാനെ (57), കോഹ്‌ലി (45), അക്ഷര്‍ പട്ടേല്‍ (38), ധവാല്‍ കുല്‍ക്കര്‍ണി (25) ഇന്ത്യന്‍ നിരയില്‍ പൊരുതി.
കിവീസ് ബൗളിംഗില്‍ തുടരെ രണ്ട് വിക്കറ്റെടുത്ത നീഷാമാണ് ഇന്ത്യയുടെ കണക്ക് കൂട്ടല്‍ തെറ്റിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here