Connect with us

Articles

തീവ്രവാദവും മതപരിഷ്‌കരണവും തോളുരുമ്മി നടക്കുമ്പോള്‍

Published

|

Last Updated

തിരുനബി(സ)യുടെ ജീവിതകാലത്ത് തന്നെ വിശുദ്ധ ഇസ്ലാം കേരളത്തില്‍ എത്തിയിട്ടുണ്ട് എന്നാണ് പ്രബലമായ ചരിത്രം. പാരമ്പര്യമുസ്ലിം വിശ്വാസം പിന്തുടര്‍ന്ന ആളുകള്‍ അക്കാലം മുതല്‍ സഹിഷ്ണുതയോടെയും സൗഹാര്‍ദ ത്തോടെയും ജീവിച്ചുപോന്നു. തീവ്രവാദം പോയിട്ട്, ഇതരസമുദായക്കാരനായ ഒരു മനുഷ്യനെ മാനസികമായി ബുദ്ധിമുട്ടിക്കുക എന്നത് പോലും പാരമ്പര്യ മുസ്‌ലിമിന് സങ്കല്‍പിക്കാന്‍ കഴിഞ്ഞിരുന്നില്ല. അത്, മതപരമായ ജീവിതത്തിന്റെ ഭാഗമായിരുന്നു. ഒരു ബഹുസ്വര സംസ്‌കാരത്തില്‍ ജീവിക്കേണ്ടിവന്നതുകൊണ്ടുള്ള പരിമിതിയില്‍ നിന്നുണ്ടാകുന്ന ജീവിതശൈലി ആയിരുന്നില്ല. ഉള്ളില്‍ ഉറച്ച വിശ്വാസത്താല്‍ സഹജീവികളോട് സ്‌നേഹവും ആദരവും പുലര്‍ത്തിപ്പോന്ന പാരമ്പര്യമാണ് മുസ്ലിംകള്‍ക്കുണ്ടായിരുന്നത്. ഇന്ന് കാണുന്ന ഉപരിപ്ലവ മതസൗഹാര്‍ദവുമായിരുന്നില്ല അത്. ഈ സാംസ്‌കാരിക പൈതൃകത്തിന് മാറ്റം വന്നത് എന്നുമുതലാണ്? തീവ്രവാദ ചര്‍ച്ചകകളില്‍ സുപ്രധാനമായ ഒരു അന്വേഷണമാണത്. മുസ്ലിം ജനവിഭാഗത്തിനുള്ളില്‍ കടന്നുവന്ന് ആരാണത് തകര്‍ത്താത്? എന്നുമുതലാണ് ചില മുസ്‌ലിംകള്‍ക്ക് ഇതര വിശ്വാസികളെ സഹിക്കാന്‍ കഴിയാതെവന്നത്? ഐ എസ് പശ്ചാത്തലത്തില്‍ ചോദിക്കുകയാണെങ്കില്‍, ആരാണ് നമ്മുടെ രാജ്യം വിട്ട് ആടുജീവിതം നയിക്കാന്‍ ഓടിപ്പോകുന്നത്? കേരളത്തില്‍ നിന്ന് അപ്രത്യക്ഷരായവരെ ഇവിടംവിട്ട് ഓടിപ്പോകാന്‍ പ്രേരിപ്പിച്ച ചേതോവികാരം എന്താണ്?
തീവ്രവാദവും മതപരിഷ്‌കരണവാദവും ഇഴചേര്‍ന്നു നില്‍ക്കുന്ന ദശാസന്ധിയിലാണ് ഇത്തരം ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്താന്‍ കഴിയുക. മതത്തെ തീവ്രമായി അവതരിപ്പിക്കുകയും അതിന്റെ മഹാ സൗന്ദര്യത്തെ പരുഷമായ ചില ദുര്‍വ്യാഖ്യാനങ്ങള്‍ കൊണ്ട് ദുര്‍ബലപ്പെടുത്തുകയും ചെയ്തവരാണ് യഥാര്‍ഥത്തില്‍ കേരളീയ മുസ്‌ലിംകളുടെ മഹത്തായ പാരമ്പര്യത്തിനും ബഹുസ്വര കാഴ്ചപ്പാടുകള്‍ക്കും ഭീഷണിയായിത്തീര്‍ന്നത്. സലഫി ചിന്തകള്‍ അടിസ്ഥാന ആശയമായി സ്വീകരിച്ച, മതപരിഷ്‌കരണം വാദിച്ച മുഴുവന്‍ പ്രസ്ഥാനങ്ങളെയും വസ്തുതകളുടെ വെളിച്ചത്തില്‍ ഇവിടെ വിചാരണ ചെയ്യേണ്ടിയിരിക്കുന്നു. മതത്തിനകത്ത് ക്രിയാത്മകമായ ഒരു സംഭാവന പോലും ചെയ്യാത്ത ഇത്തരം സംഘടനകള്‍ പക്ഷേ, മാരകമായ പരുക്കുകളാണ് മുസ്‌ലിംകള്‍ക്ക് സമ്മാനിച്ചത്. മതത്തിനകത്ത് മുസ്‌ലിംകളുടെ വിശ്വാസവും കര്‍മവും ദുര്‍ബലപ്പെടുത്തിയപ്പോള്‍, മതത്തിന് പുറത്ത് വിശ്വാസികള്‍ സൂക്ഷിച്ചുപോന്ന മതസൗഹാര്‍ദവും സ്‌നേഹവും സാഹോദര്യവും തകര്‍ത്തു. ഇത് തിരിച്ചറിഞ്ഞ മുസ്ലിം പണ്ഡിതനേതൃത്വം ജീവിതത്തിന്റെ മുഴുവന്‍ മേഖലകളിലും മതപരിഷ്‌കരണ വാദികളെ ഒറ്റപ്പെടുത്താനും അതുവഴി തീവ്രമായ സലഫി ചിന്തകളെ പ്രതിരോധിക്കാനും ആഹ്വാനം ചെയ്തു. മുസ്ലിം പണ്ഡിതരുടെ ഈ നിലപാട് ശിരസ്സാവഹിച്ച മുസ്ലിംകള്‍ ശരിയായ ദിശയില്‍ ഇസ്ലാമിനെ മനസ്സിലാക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും കാണിച്ച ശ്രദ്ധയാണ് സത്യത്തില്‍ ഇന്ന് തീവ്രവാദത്തിനും അതിന് ചുക്കാന്‍ പിടിക്കുന്ന സലഫീചിന്തള്‍ക്കുമെതിരെ മുസ്ലിം സമുദായത്തിനകത്ത് നിന്ന് ശബ്ദമുയര്‍ത്താനെങ്കിലും സാധിക്കുന്നത്. ഈ വിശാലമായ സാധ്യതയുടെ പിന്‍ബലത്തില്‍ നിന്നുകൊണ്ട് സലഫികളെയും തീവ്രവാദപ്രവണതകളെയും പ്രതിരോധിക്കാന്‍ സാധിക്കാതെ പോകുന്ന മുസ്ലിം സംഘടനകളും രാഷ്ട്രീയപ്പാര്‍ട്ടികളും കൂടി ഐ എസ് കാലത്തെ തീവ്രവാദചര്‍ച്ചയില്‍ കടന്നുവരേണ്ടതുണ്ട്. തീവ്രവാദ പ്രവണതകളെ യാഥാര്‍ഥ്യ ബോധത്തോടെ പ്രതിരോധിക്കാന്‍ എന്തുകൊണ്ടാണ് മുസ്‌ലിംകള്‍ക്കുള്ളിലെ തന്നെ ചില സംഘടനകള്‍ക്ക് കഴിയാതെ പോകുന്നത് എന്ന ചോദ്യമാണ് മറ്റൊന്ന്. ഐ എസ് ഉള്‍പ്പെടെയുള്ള തീവ്രവാദപ്രവണതകളെ ആശയപരമായും പ്രായോഗികമായും മുന്നില്‍ നിന്ന് എതിര്‍ക്കാനോ പ്രതിരോധിക്കാനോ പോലും കഴിയാതെ ചില മുസ്ലിം സംഘടനകള്‍ മാത്രം എന്തുകൊണ്ടാണ് തീര്‍ത്തും ദുര്‍ബലപ്പെട്ടു പോകുന്നത്?
ഈ ചോദ്യത്തെ അഭിസംബോധന ചെയ്യേണ്ടത് ചരിത്രത്തിലെ ചില സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ്. ഉയയ്‌നയില്‍ സ്ഥിതി ചെയ്യുന്ന സൈദ് ബ്‌നുല്‍ ഖത്താബ്(റ)ന്റെ മഖ്ബറ തകര്‍ത്തു കൊണ്ടാണ് സലഫി പ്രസ്ഥാനം ആരംഭിച്ചത്. മുസൈലിമത്തുമായുണ്ടായ ഏറ്റുമുട്ടലില്‍ ശഹീദായ ഉറര്‍ (റ)ന്റെ സഹോദരനാണ് സൈദ് ബ്‌നുല്‍ ഖത്താബ്(റ). മക്കയിലും മദീനയിലും ത്വാഇഫിലും കര്‍ബലയിലും ഭീകരതാണ്ഡവമാടുകയും ഇസ്ലാമിക ചരിത്രത്തിലെ തിരുശേഷിപ്പുകള്‍, പൈതൃകസ്മാരകങ്ങള്‍ എന്നിവ നശിപ്പിക്കുകയും ചെയ്തത് സലഫികള്‍ തന്നെ. ദി റോഡ് ടു മക്ക എന്ന പുസ്തകത്തില്‍ മുഹമ്മദ് അസദ് ഇക്കാര്യം വിശദമായി പ്രതിപാതിക്കുന്നുണ്ട്. മക്കയും മദീനയും ഉള്‍പ്പെട്ട പഴയ ഹിജാസിലെ ഭരണാധികാരി ആയിരുന്ന ശരീഫ് ഗാലിബ് അഫന്ദിയുമായി അന്‍പതിലധികം തവണ ഏറ്റുമുട്ടാന്‍ സലഫികള്‍ മുന്നോട്ടുവന്നു. ഹിജ്‌റ 1212ല്‍ മക്ക ആക്രമിക്കുകയും രണ്ടായിരം പേരെ കൊന്നൊടുക്കുകയും ചെയ്തു. 1215-ല്‍ സലഫികള്‍ വീണ്ടും ആക്രമണം നടത്തി. ത്വാഇഫിലെ സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടെ ആയിരങ്ങളെ കൊന്നൊടുക്കി. വീടുകള്‍ കൊള്ളയടിച്ചു. ഇതെല്ലാം സലഫികള്‍ ചെയ്തത് ഇസ്‌ലാമിന് വേണ്ടി എന്ന പേരില്‍ തന്നെയായിരുന്നു. ത്വാഇഫിലെ കൂട്ടക്കൊല അവസാനിച്ചപ്പോള്‍ അവിടെ ബാക്കിയായത് മൂന്ന് കോപ്പി ഖുര്‍ആനും ഒരു കോപ്പി സ്വഹീഹുല്‍ ബുഖാരിയും മാത്രം. ഈ ചരിത്രം ഹുസൈന്‍ ഹില്‍മിഹ എഴുതിയ “Advices for the Vahabis” എന്ന പുസ്തകത്തില്‍ വിശദമായി വായിക്കാം. സൈനി ദഹലാന്‍ രചിച്ച ഖുലാസതുല്‍ കലാം എന്ന പഠനത്തില്‍ ഫിത്‌നത്തുല്‍ വഹാബിയ്യ എന്ന നീണ്ട അധ്യായമുണ്ട്. മസ്ജിദുകള്‍ കൈയേറി നിസ്‌കരിക്കുന്ന മുസ്ലിംകളെ കശാപ്പ് ചെയ്ത സലഫികളുടെ വിശദവിവരങ്ങള്‍ അതിലുണ്ട്. ഹിജ്‌റ 1217-ല്‍ സലഫികള്‍ വീണ്ടും വിശുദ്ധ മക്ക ആക്രമിക്കുകയും അബ്ദുല്ല ഇബ്‌നു അബ്ബാസ് (റ)ന്റെ മഖ്ബറ തകര്‍ക്കുകയും ചെയ്തു. 1218-ല്‍ ഹറം പരിസരത്തെ ഇസ്ലാമിക ചിഹ്നങ്ങള്‍ നശിപ്പിച്ചു. മുഹമ്മദ് നബി(സ) ജനിച്ച വീടും അതില്‍ പെടുന്നു. ഇന്ത്യന്‍ മുസ്‌ലിംകളും സ്വാതന്ത്ര്യപ്രസ്ഥാനവും എന്ന പുസ്തകത്തില്‍ ഇ മൊയ്തു മൗലവി തന്നെ ഈ സലഫിഭീകരത തുറന്നെഴുതുന്നുണ്ട്. ഭീകരതക്കെതിരായ അന്താരാഷ്ട്ര ജൂറി സമ്മേളനത്തില്‍, ലോകമെങ്ങുമുള്ള ഭീകരവാദത്തിന് പിന്നില്‍ സലഫികള്‍ ആണെന്നും യുവാക്കളില്‍ ഈ ആശയം കുത്തിവെക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു എന്നും നിയമപണ്ഡിതനായ രാം ജത്മലാനി കുറ്റപ്പെടുത്തുകയുണ്ടായി.
പതിമൂന്നും പതിനാലും നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന ഇബ്‌നുതൈമിയ്യ, മുഹമ്മദുബ്‌നുഖയ്യിം തുടങ്ങിയവരും പതിനെട്ടാം നൂറ്റാണ്ടില്‍ ഇബ്‌നു അബ്ദുല്‍ വഹാബും മുന്നോട്ടുവെച്ച സലഫി ആശയങ്ങള്‍ സ്വീകരിച്ചവരാണ് ഈ തീവ്രസലഫികള്‍. ഈ തീവ്രനിലപാടുകള്‍ ആശയപരമായി സ്വീകരിക്കുകയും അത് പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവന്ന് രാഷ്ട്രീയമായി ഇസ്‌ലാമിനെ വായിക്കാനും ശ്രമിച്ച നിരവധി സംഘങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലെ മുജാഹിദ് വിഭാഗങ്ങള്‍, ജമാഅത്തെ ഇസ്ലാമിയും അനുബന്ധ സംഘടനകളും, തബ്‌ലീഗ് ജമാഅത്ത്, തീവ്രവാദസ്വഭാവമുള്ള രാഷ്ട്രീയ സംഘടനകള്‍ തുടങ്ങിയവ ആശയം സ്വീകരിച്ചതും സലഫിസത്തില്‍ നിന്നാണ്. അതുകൊണ്ട് തന്നെയായിരിക്കണം, തീവ്രവാദത്തിലേക്ക് ആകൃഷ്ടരായി കേരളത്തില്‍ നിന്ന് കാണാതായവരെല്ലാം സലഫി ആശയം സ്വീകരിച്ചവരാണ് എന്ന വസ്തുത യാദൃശ്ചികമാകാതിരുന്നതും.
“ഇസ്‌ലാമിക പ്രസ്ഥാനം മുന്നില്‍ നടന്ന നേതാക്കള്‍” എന്ന പുസ്തകത്തില്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് മൗദൂദിയെ കണ്ട് കേരളത്തില്‍ മടങ്ങിയെത്തിയ കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമി സ്ഥാപകന്‍ ഹാജി വി പി മുഹമ്മഹദലി 1946ല്‍ “ജമാഅത്തുല്‍ മുസ്തര്‍ശിദീന്‍” രൂപവത്കരിച്ച സംഭവം പറയുന്നുണ്ട്. സംഘടനയുടെ ഒന്നാം വാര്‍ഷിക സമ്മേളനത്തില്‍ ഉമര്‍ മൗലവിയുമുണ്ടായിരുന്നു. അദ്ദേഹം തന്റെ ആശ ഇങ്ങനെ പ്രകടിപ്പിച്ചു: “ഈ നാട് മുഴുവന്‍ ദുഷിച്ചിരിക്കുന്നു. ഇവിടെ ശരിയായി ജീവിക്കാന്‍ കഴിയുകയില്ല. അതിനാല്‍ ഇസ്‌ലാമിനെ പൂര്‍ണമായും ഉള്‍ക്കൊള്ളണമെന്നാഗ്രഹിക്കുന്ന നമുക്കെല്ലാം ഹിജ്‌റ പോയി ഒരു സ്ഥലത്ത് ഒരുമിച്ചുകൂടി കോളനിയുണ്ടാക്കി അവിടെ ജീവിക്കാം. എന്നാല്‍ അനിസ്‌ലാമികമായ സ്വാധീനങ്ങളില്‍ നിന്നും നിയന്ത്രണങ്ങളില്‍ നിന്നും നമുക്ക് രക്ഷപ്പെടാമല്ലോ”
പത്താന്‍കോട്ടിലെ “ദാറുല്‍ ഇസ്‌ലാമി”ല്‍ ഖലീഫയായ മൗദൂദിയുടെ ശിക്ഷണത്തില്‍ ഒമ്പതുമാസം താമസിച്ചു ഹാജി സാഹിബ്. അവിടുത്തെ പരിശീലനത്തിനിടക്ക് ഇങ്ങോട്ട് സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരുന്നു. മഞ്ചേരിയിലെ സുഹൃത്തിന് എഴുതിയത് ഇങ്ങനെ: “ഇതൊരു കൊച്ചു ഇസ്‌ലാമിക രാഷ്ട്രമാണ്. ഇവിടെ പള്ളിയുണ്ട്. പഠനമുറിയും ഓഫീസും പ്രസിദ്ധീകരണശാലയും ഗ്രന്ഥശാലയും ആശുപത്രിയുമെല്ലാമുണ്ട്. സകലതും നിയന്ത്രിക്കുന്നത് ജമാഅത്ത് പ്രവര്‍ത്തകരാണ്. വിശാലമായൊരു പ്രദേശമാണിത്. വിവിധ ഭാഷക്കാരും വ്യത്യസ്ത വേഷക്കാരും ഇവിടെ ഒത്തുകൂടിയിരിക്കുന്നു. ചിലരെല്ലാം കുടുംബസമേതം ആണ് താമസം. ഈ രാഷ്ട്രത്തിലെ ഖലീഫ മൗലാനാ മൗദൂദി സാഹിബാണ്.”
ഇങ്ങനെയുള്ള പാരമ്പര്യം പേറുമ്പോള്‍ ഐ എസ് ചര്‍ച്ചയില്‍ മുഖം രക്ഷിച്ചെടുക്കാന്‍ വിഫലശ്രമം നടത്തുന്ന ജമാഅത്തെ ഇസ്‌ലാമിക്ക് എങ്ങനെയാണ് രക്ഷപ്പെടാന്‍ സാധിക്കുക? ഇസ്‌ലാമിക ഭരണം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായി എന്ന വിശേഷണത്തേക്കാള്‍, സ്ഥാപകനായ മൗദൂദി തന്റെ ആശയങ്ങള്‍ സ്വീകരിച്ചത് സലഫിസത്തില്‍ നിന്നാണ് എന്നതാണ് കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമിക്ക് നല്‍കാവുന്ന മികച്ച വിശേഷണം. അങ്ങനെ വരുമ്പോഴാണല്ലോ ഐ എസ് കാലത്തും തീവ്രവാദികളെ”പോരാളികള്‍ എന്ന് വിളിക്കുന്നതിന് അല്‍പം കൂടി ആധികാരികത കൈവരുന്നത്. യഥാര്‍ഥ ഖിലാഫത്തിന്റെ പതനം ഒഴിച്ചിട്ട രാഷ്ട്രീയ ശൂന്യതയിലേക്ക് കയറി നിന്ന എല്ലാ തീവ്രവാദ ഗ്രൂപ്പുകളും മൗദൂദിയുടെ ഈ ആഹ്വാനം പിന്‍പറ്റിയവരാണ്. മൗദൂദിയാണ് അവരുടെ ആശയ ആശ്രയം. ഇതാകട്ടെ ജനാധിപത്യത്തിന്റെയോ ഉള്‍ക്കൊള്ളലിന്റെയോ ബഹുസ്വരതയുടെയോ രാഷ്ട്രീയമല്ല. മറിച്ച് അടിച്ചേല്‍പ്പിക്കലിന്റെയും പിടിച്ചടക്കലിന്റെയും കൊന്നൊടുക്കലിന്റെയും ആസുരതയാണ്.
ഇസില്‍ സംഘം ഇപ്പോള്‍ കാണിച്ചു കൂട്ടുന്ന ക്രൂരതകള്‍ പരിശോധിച്ചാല്‍ ഇത് മനസ്സിലാകും. അവര്‍ക്ക് സൈനിക ആധിപത്യം കിട്ടിയ ഇടങ്ങളിലെല്ലാം അന്യമതസ്ഥരെയും വംശങ്ങളെയും തങ്ങളുടെ ആശയത്തിന് പുറത്തുള്ള മുസ്‌ലിംകളെയും ഉന്‍മൂലനം ചെയ്യാനാണ് മുതിര്‍ന്നത്. ഒരു ദാക്ഷിണ്യവുമില്ലാതെ അവരുടെ കാഴ്ചപ്പാടുകള്‍ നിഗ്രഹാത്മകമായി അടിച്ചേല്‍പ്പിക്കുന്നു. അവര്‍ നിഷ്‌കര്‍ഷിക്കുന്ന മതാനുഷ്ഠാനങ്ങള്‍ ഇസ്‌ലാമിന് തികച്ചും അന്യമായ നിലയില്‍ സ്ഥാപിക്കുന്നു. ഇക്കാര്യത്തില്‍ ഇസിലും മറ്റെല്ലാം ഇസ്‌ലാമിസ്റ്റ് ഭീകര സംഘങ്ങളും അങ്ങേയറ്റത്തെ സമാനത പുലര്‍ത്തുന്നു. ജിഹാദ് എന്ന വിശാലമായ കാഴ്ചപ്പാടിന്റെ അങ്ങേയറ്റം കുടുസ്സും മനുഷ്യത്വവിരുദ്ധവുമായ പ്രയോഗമാണ് മൗദൂദി ആഹ്വാനം ചെയ്യുന്നതും ഇസില്‍ സംഘം നടപ്പാക്കുന്നതും.
തീവ്രവാദത്തിന്റെ ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കാനിറങ്ങുന്നവരെയും നാം കരുതിയിരിക്കുക. ഹിന്ദുത്വവര്‍ഗീയത വളര്‍ത്താനും ഫാസിസ്റ്റ് നിലപാടുകള്‍ക്ക് ഊര്‍ജം പകരാനും ഈ സാഹചര്യം ഉപയോഗപ്പെടുത്തുന്നതിനെയും തടയേണ്ടതുണ്ട്. രാജ്യത്തിന്റെ മതേതരസ്വഭാവത്തിന്”ഭീഷണി ഉയര്‍ത്തുന്ന ഇത്തരം നീക്കങ്ങള്‍ തിരിച്ചറിയാതെ പോയാല്‍ തീവ്രവാദത്തിനെതിരെ നടക്കുന്ന പ്രതിരോധങ്ങള്‍ ദുര്‍ബാലമാകും. വസ്തുതകളുടെ അടിസ്ഥാനത്തില്‍ നിലവിലുള്ള അവസ്ഥകള്‍ വിലയിരുത്താനും അതനുസരിച്ച് മാറ്റങ്ങള്‍ കൊണ്ടുവരാനും കഴിഞ്ഞാല്‍ തീവ്രവാദത്തിനെതിരെ ജനകീയമുന്നേറ്റത്തിന് കൂടുതല്‍ ശക്തി പകരാന്‍ സാധിക്കും. പൊതുസമൂഹത്തില്‍ നവോത്ഥാനത്തിന്റെ കുപ്പായമിട്ടു ഇടം നേടാന്‍ ശ്രമിച്ച, മതപരിഷ്‌കരണ വാദം മുന്നോട്ടു വെച്ച എല്ലാ സംഘങ്ങളെയും പൊതുസമൂഹം തിരിച്ചറിഞ്ഞുതുടങ്ങി എന്നതാണ് ഐ എസ് ചര്‍ച്ചയിലെ ഗുണപരമായ പരിണതി.
(അവസാനിച്ചു)

---- facebook comment plugin here -----

Latest