സമാജ്‌വാദി പാര്‍ട്ടിയിലെ ചേരിപ്പോര്

Posted on: October 26, 2016 10:08 am | Last updated: October 26, 2016 at 10:08 am

മുലായംസിഗ് യാദവ് വിളിച്ചുചേര്‍ത്ത അനുരജ്ഞന യോഗം തെറ്റിപ്പിരിഞ്ഞതോടെ സമാജ് വാദി പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുന്നുവെന്ന തോന്നലാണ് ഉണ്ടാക്കിയിരുന്നത്. ശിവപാല്‍ യാദവ് ഉള്‍പ്പെടെ അഞ്ച് പേരെ മന്ത്രിസഭയില്‍ നിന്നു രാംഗോപാല്‍ യാദവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതിനെ തുടര്‍ന്ന് പാര്‍ട്ടിയിലുളവായ പ്രതിസന്ധി പരിഹരിക്കാനാണ് മുലായം തിങ്കളാഴ്ച തന്റെ വസതിയില്‍ പാര്‍ട്ടി നേതൃയോഗം വിളിച്ചത്. യോഗത്തില്‍ ശിവപാലിനെ പിന്തുണക്കുന്ന നിലപാടാണ് മുലായം സ്വീകരിച്ചത്. അഖിലേഷിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. പാര്‍ട്ടിക്കും തനിക്കും വേണ്ടി ശിവപാല്‍ യാദവ് സഹിച്ച ത്യാഗങ്ങളെ മറക്കാനും അദ്ദേഹത്തെ ഉപേക്ഷിക്കാനും ഒരുക്കമല്ലെന്ന് വ്യക്തമാക്കിയ മുലായം അഖിലേഷിന് അധികാരം തലക്ക് പിടിച്ചിരിക്കയാണെന്നും മുഖ്യമന്ത്രിയായതോടെ നിലമറന്നിരിക്കയാണെന്നും കുറ്റപ്പെടുത്തുകയുമുണ്ടായി. ഗുണ്ടകളെയും മദ്യപാനികളെയും കുത്തി നിറച്ചു അഖിലേഷ് പാര്‍ട്ടിയെ നശിപ്പിക്കുന്നതായും മുലായം ആരോപിച്ചു. തുടര്‍ന്ന് അഖിലേഷും ശിവപാല്‍ യാദവും പരസ്യമായി ഏറ്റുമുട്ടുകയും യോഗം തെറ്റിപ്പിരിയുകയുമായിരുന്നു.
ഇതിനു പിറകെ ഇന്നലെ മുലായം സിംഗ് അഖിലേഷും ശിവപാലുമായും വെവ്വേറെ ചര്‍ച്ചകള്‍ നടത്തി. ഇതോടെ പ്രശ്‌നം പരിഹാരത്തിലേക്ക് നീങ്ങുകയാണെന്നാണ് വാര്‍ത്തകള്‍. ആസന്നമായ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരിക്കണം ഈ സന്ധിയെന്നാണ് കരുതേണ്ടത്. മന്ത്രിസഭയിലെ രണ്ടാമനും മുലായമിന്റെ സോഹദരനുമായ ശിവപാല്‍ യാദവും മുഖമന്ത്രി അഖിലേഷ് യാദവുമായുളള ചേരിപ്പോരാണ് പ്രശ്‌നത്തിന്റെ തുടക്കം. അതിനിടെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് അഖിലേഷ് യാദവിനെ മാറ്റി പകരം ശിവപാല്‍ യാദവിനെ മുലായം നിയമച്ചത് അഖിലേഷിനെ ചൊടിപ്പിച്ചു. ഇതോടെ മുലായമും അഖിലേഷും തമ്മില്‍ അകന്നു. ശിവപാല്‍ യാദവില്‍ നിന്നും പ്രധാന വകുപ്പുകള്‍ എടുത്തുമാറ്റിയാണ് അഖിലേഷ് ഇതിനോട് പ്രതികരിച്ചത്. പാര്‍ട്ടിയില്‍ നിന്നു അകന്ന അമര്‍സിംഗിനെ തിരച്ചെടുത്തതും അദ്ദേഹവുമായുള്ള മുലായമിന്റെ അടുത്ത ബന്ധവും അഖിലേഷിന് ഇഷടപ്പെടുന്നില്ല.
കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പില്‍ മുഖ്യമന്ത്രി പദത്തിന് കുപ്പായം തുന്നിച്ചതായിരുന്നു ശിവ്പാല്‍ യാദവ്. അദ്ദേഹത്തിന്റെ താത്പര്യം അവഗണിച്ചു മകന്‍ അഖിലേഷ് യാദവിന് മുഖ്യമന്ത്രിപദം കൈമാറിയതോടെയാണ് പ്രശ്‌നങ്ങള്‍ പുകയാന്‍ തുടങ്ങിയത്. തന്നെ അവഗണിച്ചു അഖിലേഷ് ഏകാധിപത്യ നിലപാട് സ്വീകരിക്കുന്നതായി മുലായമിന് തോന്നിത്തുടങ്ങിയതോടെ മുലായം ശിവപാലുമായി അടുത്തു. സംസ്ഥാനത്തെ ഖനന പ്രവര്‍ത്തനങ്ങളില്‍ സി ബി ഐ അന്വേഷണം വന്നതിനെ തുടര്‍ന്ന് മുലായമിന്റെ വിശ്വസ്തന്‍ ഗായത്രി പ്രജാപതി അടക്കം രണ്ടു മന്ത്രിമാരെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയ അഖിലേഷിന്റെ നടപടി മുലായമിനെ ഏറെ ചൊടിപ്പിച്ചിരുന്നു. ഗായത്രിയെ തിരിച്ചെടുക്കാന്‍ മുലായം അഖിലേഷിനോട് ആവശ്യപ്പെട്ടെങ്കിലും നിരസിക്കുകയാണുണ്ടായത്. ശിവപാല്‍ യാദവുമായുള്ള മുലായമിന്റെ അടുപ്പം ആസന്നമായ തിരഞ്ഞെടുപ്പിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഫലിക്കുമോ എന്ന് അഖിലേഷ് ആശങ്കിക്കുന്നുണ്ട്.
കുടുംബാധിപത്യം, സ്വജനപക്ഷപാതം, പ്രാദേശിക വാദം, വര്‍ഗീയത, ജാതീയത എന്നിവയെല്ലാമാണിപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുഖമുദ്രകള്‍. സമൂഹത്തിന്റെ പൊതുവായുള്ള പുരോഗതിയും ഉന്നമനവും ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയം പാര്‍ട്ടി നേതൃത്വങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കാലത്ത് മാത്രം പ്രയോഗിക്കാനുള്ളതാണ്. ആദര്‍ശാധിഷ്ടിത രാഷ്ട്രീയം രാജ്യത്ത് നിന്ന് അസ്തമിച്ചിട്ട് കാലമേറെയായി. ഇതിന്റെയൊരു പതിപ്പായി കുടുംബാധിപത്യമാണ് എസ് പിയിലും നിലനില്‍ക്കുന്നത്. പാര്‍ട്ടിയെയും സര്‍ക്കാറിനെയും മുലായം കുടുംബ സ്വത്താക്കി മാറ്റി. ഇതിന്റെ പ്രത്യാഘാതമാണ് ഇപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നത്.
സമാജ്‌വാദി പാര്‍ട്ടിയെ സംസ്ഥാനനത്തെ രാഷ്ട്രീയ ശക്തിയായി വളര്‍ത്തിയതില്‍ മതന്യുനപക്ഷത്തിന്റെ പിന്തുണ നിര്‍ണായകമാണ്. എന്നാല്‍ പാര്‍ട്ടി നേതൃത്വത്തിന്റെ ന്യൂനപക്ഷ സ്‌നേഹം കപടമാണെന്ന് പിന്നിട് വ്യക്തമക്കപ്പെട്ടു. ന്യൂനപക്ഷ സംരക്ഷകരെന്ന് അവകാശപ്പെടുമ്പോള്‍ തന്നെ മൃദുഹിന്ദുത്വ നയങ്ങളിലേക്ക് നീങ്ങി. മുസാഫര്‍ നഗറിലേതടക്കുമുള്ള കലാപങ്ങളിലെല്ലാം ഇരട്ട മുഖമായിരുന്നു മുലായമിന്റെ പാര്‍ട്ടിക്കും സര്‍ക്കാറിനും. കലാപത്തിന്റെ മുഖ്യസൂത്രധാരരായി അറിയപ്പെടുന്നത് സംഘ് പരിവാറാണെങ്കിലും എസ് പിക്കും പരോക്ഷമായ പങ്കുണ്ടെന്നാണ് അതെക്കുറിച്ചു പഠനം നടത്തിയവര്‍ പറയുന്നത്. സമുദായ സംഘര്‍ഷങ്ങളേയും കലാപങ്ങളേയും മുതലെടുത്താണ് കഴിഞ്ഞ കാലങ്ങളില്‍ പാര്‍ട്ടി അധികാരത്തിലെത്തിയത്.
ഫാസിസമുയര്‍ത്തുന്ന വെല്ലുവിളിയോ മതേതര കക്ഷികളുടെ യോജിപ്പോ ഒന്നും സമാജ്‌വാദി പാര്‍ട്ടിക്ക് പ്രശ്‌നമല്ല. കുടുംബാധിപത്യവും അധികാരവും മാത്രം ലക്ഷ്യമാകുമ്പോള്‍ സംഭവിക്കുന്ന സ്വാഭാവിക കാര്യങ്ങളാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. താല്‍ക്കാലിക വെടിനിര്‍ത്തലുകള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ രക്ഷിക്കുമെന്ന് വിശ്വസിക്കുക പ്രയാസം. ഈ ഘട്ടത്തില്‍ യു പിയിലെ മതേതര കക്ഷികള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വം വരികയാണ്.