സഹപാഠിക്കുള്ള സ്‌നേഹവീടിന്റെ പണി തുടങ്ങി

Posted on: October 25, 2016 12:40 pm | Last updated: October 25, 2016 at 12:40 pm
 മുട്ടാഞ്ചേരിയില്‍ ജനകീയ കൂട്ടായ്മയില്‍ നിര്‍മിക്കുന്ന വീടിന്റെ നിര്‍മാണത്തില്‍ സഹായിക്കുന്നവര്‍
മുട്ടാഞ്ചേരിയില്‍ ജനകീയ കൂട്ടായ്മയില്‍ നിര്‍മിക്കുന്ന വീടിന്റെ നിര്‍മാണത്തില്‍ സഹായിക്കുന്നവര്‍

നരിക്കുനി: മടവൂര്‍ ഗ്രാമപഞ്ചായത്ത് 17ാം വാര്‍ഡിലെ മുട്ടാഞ്ചേരി ഈച്ചരങ്ങോട്ട് മലയിലെ ബിജിഷ്മയുടെ കുടുംബത്തിന് നിര്‍മിച്ച് നല്‍കുന്ന വീടിന്റെ പണി തുടങ്ങി. മുട്ടാഞ്ചേരി ഹസനിയ എ യു പി സ്‌കൂളിലെ വിദ്യാര്‍ഥികളും പി ടി എയും നാട്ടുകാരും ചേര്‍ന്നാണ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ ബിജിഷ്മക്കും അനിയത്തിയും മാതാവുമടങ്ങുന്ന കുടുംബത്തിന് വീട് നിര്‍മിച്ച നല്‍കുന്നത്. ഒരു മാസം മുമ്പ് ഭര്‍ത്താവ് ഭാസ്‌കരന്‍ ക്യാന്‍സര്‍ രോഗം മൂലം മരണപ്പെട്ടതോടെ മക്കളുമായി മലമുകളിലെ അടച്ചുറപ്പില്ലാത്ത ഷെഡില്‍ നിസ്സഹായാവസ്ഥയിലാണ് മാതാവ് ശാന്ത.
നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം മടവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി സി അബ്ദുല്‍ ഹമീദ് നിര്‍വഹിച്ചു. പി ടി എ പ്രസിഡന്റ് സലീം മുട്ടാഞ്ചേരി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി സി റിയാസ് ഖാന്‍, വാര്‍ഡ് അംഗം ഇ അംബുജം, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി അലിയ്യി, യു ശറഫുദ്ദീന്‍, സി മനോജ്, കെ ഡോളി, യൂസഫലി സംസാരിച്ചു.
മലയുടെ താഴെ റോഡ് അവസാനിക്കുന്നിടത്ത് നിന്നും വീട് നിര്‍മാണ സ്ഥലത്തേക്ക് സാധനങ്ങള്‍ എത്തിക്കാന്‍ കുന്ദമംഗലം എച്ച് എസ് എസിലെ നാഷനല്‍ സര്‍വീസ് സ്‌കീം വളന്റിയര്‍മാരും സഹായിച്ചു. നിര്‍മാണ പ്രവര്‍ത്തനത്തിലും സഹായികളായി ഈ വിദ്യാര്‍ഥി കുട്ടമുണ്ടായിരുന്നു. മുട്ടാഞ്ചേരിയിലെ ദോസ്ത്, റെഡ്, ക്രസന്റ് എന്നീ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബുകളും കുടുംബശ്രീ യൂനിറ്റും സേവനത്തിന് അണിചേര്‍ന്നു.