നാലു പുതിയ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ഒരു വര്‍ഷത്തിനകം: എം എ യൂസുഫലി

Posted on: October 24, 2016 10:14 pm | Last updated: October 24, 2016 at 10:14 pm

yusafali1ദോഹ: ഖത്വറില്‍ ഒരു വര്‍ഷത്തിനകം നാലു പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ തുറക്കുമെന്ന് എം കെ ഗ്രൂപ്പ് എം ഡി. എം എ യൂസുഫലി അറിയിച്ചു. ദോഹ ഡി റിംഗ് റോഡില്‍ ലുലു റീജ്യനല്‍ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതില്‍ ആദ്യത്തേത് മസീലയില്‍ രണ്ടു മാസത്തിനകം തുറക്കും. മൈദറിലായിരിക്കും അടത്തത്. ശേഷിക്കുന്ന രണ്ടു ശാഖകള്‍ എവിടെയെന്ന് പിന്നിട് പ്രഖ്യാപിക്കും. നാലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ക്കായി 500 ദശലക്ഷം റിയാല്‍ നിക്ഷേപമാണ് നടത്തുക. മികച്ച ഉത്പന്നം, കുറഞ്ഞ വില, മെച്ചപ്പെട്ട സേവനം എന്ന ലക്ഷ്യത്തോടെ ഉപഭോക്താക്കളുടെ സമീപത്ത് സേവനമെത്തിക്കുന്ന പ്രവര്‍ത്തനമാണ് ലുലുവിന്റേത്. സുരക്ഷയില്‍ ലോകത്തെ രണ്ടാമത്തെ രാജ്യമായ ഖത്വര്‍ ദാര്‍ശനീക ശക്തിയുള്ള ഭരണാധികാരികളുടെ നേതൃത്വത്തില്‍ സാമ്പത്തിക രംഗത്ത് മുന്നോട്ടു കുതിക്കുകയാണ്. നിരവധി വിദേശ നിക്ഷേപം രാജ്യത്തേക്കു വരുന്നു. എണ്ണിവിലക്കുറവിനെ മറിടകക്കാവുന്ന സാമ്പത്തികാസൂത്രണമാണ് ഗള്‍ഫ് ഭരണകൂടങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. മുമ്പ് നാലു തവണ ഇതേ സാഹചര്യം നേരിട്ടപ്പോഴും മറികടന്ന് മുന്നോട്ടു പോകാന്‍ ഗള്‍ഫിനു കഴിഞ്ഞിട്ടുണ്ട്.
മാറി വരുന്ന എല്ലാ സര്‍ക്കാറുകളിലും പ്രതീക്ഷ പുലര്‍ത്തുന്ന നയമാണ് താന്‍ സ്വീകരിച്ചു വരുന്നതെന്ന് അദ്ദേഹം ചോദ്യത്തിനു മറുപടിയായി പറഞ്ഞു. രണ്ടു സര്‍ക്കാറുകളെ താരതമ്യം ചെയ്യാന്‍ മുതിരാറില്ല. എല്ലാ സര്‍ക്കാറുകളുമായും സഹകരിക്കും. ഒരു ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറില്‍ തുടങ്ങി ഇന്ന് ഖത്വറില്‍ ആറു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ എന്ന നിലയിലേക്ക് ലുലു വളര്‍ന്നുവെന്നും രാജ്യത്തെ ഭരണാധികാരികളും ഉപഭോക്താക്കളും മികച്ച പിന്തുണയാണ് ലുലുവിന് നല്‍കുന്നതെന്നും ഉദ്ഘാടന വേളയില്‍ അദ്ദേഹം പറഞ്ഞു.