Connect with us

National

കാശ്മീര്‍ മന്ത്രിയുടെ തറവാട് വീടിന് നേരെ ഭീകരാക്രമണം

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത് നാഗില്‍ ഭീകരാക്രമണം. മന്ത്രിയുടെ വീടിന് നേരെയും മാര്‍ക്കറ്റിലുമാണ് ആക്രമണമുണ്ടായത്. മന്ത്രിയും പി ഡി പി നേതാവുമായ അബ്ദുര്‍റഹ്മാന്‍ വിരിയുടെ തറവാട് വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ വൈകീട്ട് 7.30 ഓടെയാണ് സംഭവം. ആക്രമണ സമയത്ത് മന്ത്രി വീട്ടിലുണ്ടായിരുന്നില്ലെന്നാണ് വിവരം. കാവല്‍ നില്‍ക്കുന്ന പോലീസുകാര്‍ക്ക് നേരെ ഭീകരര്‍ നിറയൊഴിക്കുകയായിരുന്നു. വീടിനു പുറത്ത് ഭീകരരും സുരക്ഷാ സേനയും ഏറ്റുമുട്ടല്‍ തുടരുന്നതായാണ് റിപ്പോര്‍ട്ട്. കത്‌വ മാര്‍ക്കറ്റിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റു.
അതേസമയം, വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തിലും വെടിവെപ്പിലും ഒരു ബി എസ് എഫ് ജവാനും ആറ് വയസ്സുകാരനും കൊല്ലപ്പെട്ടു. ഒമ്പത് സാധാരണക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ജമ്മു ജില്ലയില്‍ ആര്‍ എസ് പുര, അര്‍ണിയ, സുചേത്ഗഢ്, കനാചക് പര്‍ഗ്വാല്‍ സെക്ടറുകളിലെ 25 ബി എസ് എഫ് അതിര്‍ത്തി പോസ്റ്റുകള്‍ക്ക് നേരെയാണ് പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായത്.
പാക് വെടിവെപ്പിനെ തുടര്‍ന്ന് ബി എസ് എഫ് പ്രത്യാക്രമണം നടത്തി. പാക് പ്രകോപനം സംബന്ധിച്ച് ബി എസ് എഫ്. ഡി ജി. കെ കെ ശര്‍മ വിവരം കൈമാറിയിട്ടുണ്ടെന്നും ആക്രമണത്തിന് തിരിച്ചടി നല്‍കാന്‍ ബി എസ് എഫ് സജ്ജമാണെന്നും ബഹ്‌റൈന്‍ സന്ദര്‍ശനത്തിനിടെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച പാക്കിസ്ഥാന്‍ നടത്തിയ വെടിവെപ്പിനെ തുടര്‍ന്ന് നടത്തിയ പ്രത്യാക്രമണത്തില്‍ ഏഴ് പാക് സൈനികരും തീവ്രവാദിയും കൊല്ലപ്പെട്ടിരുന്നു.

Latest