ഗോ സംരക്ഷണം മറയാക്കി അക്രമം: സുപ്രീം കോടതി ഇടപെടുന്നു

Posted on: October 22, 2016 6:11 am | Last updated: October 22, 2016 at 12:13 am

519157-gau-rakshaks-scന്യൂഡല്‍ഹി: പശുസംരക്ഷണത്തിന്റെ മറവില്‍ രാജ്യവ്യാപകമായി സംഘ്പരിവാര്‍ സംഘടനകള്‍ അക്രമമഴിച്ചുവിടുന്ന പശ്ചാതലത്തില്‍ പ്രശ്‌നത്തില്‍ സുപ്രീം കോടതി ഇടപെടുന്നു. പശു സംരക്ഷണത്തിന്റെ പേരില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്്‌ലിംകള്‍ക്കും ദളിതുകള്‍ക്കും എതിരായി നടക്കുന്ന അക്രമങ്ങള്‍ വ്യാപകമയതോടയാണ് വിഷയത്തില്‍ ഇടപെടാന്‍ സുപ്രിം കോടതി മുന്‍കൈയെടുത്തത്. ഇക്കാര്യത്തില്‍ സഹായിക്കാനായി ഒരു അഭിഭാഷകനെ ഏര്‍പ്പെടുത്താന്‍ കോടതി കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒപ്പം അക്രമങ്ങള്‍ നടന്ന സംസ്ഥാന സര്‍ക്കാറുകള്‍ക്കും ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആക്രമണം ഉണ്ടായ ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് പെറ്റീഷന്റെ പകര്‍പ്പ് അയക്കാന്‍ കോടതി ഉത്തരവിട്ടത്. ഇതു സംബന്ധിച്ച പൊതുതാത്പര്യ ഹരജികള്‍ ഫയലില്‍ സ്വീകരിച്ച കോടതി കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നോട്ടീസയക്കാന്‍ നിര്‍ദേശിച്ചു. കോണ്‍ഗ്രസ് നേതാവ് തഹ്്‌സീന്‍ പൂനാവാല ആഗസ്റ്റില്‍ ഫയല്‍ ചെയ്തതുള്‍പ്പെടെ മൂന്ന് പൊതു താത്പര്യ ഹരജി പരിഗണിച്ചാണ് പരമോന്നത കോടതി ഈ തീരുമാനത്തിലെത്തിയത്.
ഗോ സംരക്ഷണക്കാര്‍ അതിന്റെ മറവില്‍ മുസ്‌ലിംകള്‍ക്കും ദളിതുകള്‍ക്കുമെതിരെ വെറുപ്പ് പ്രചരിപ്പിക്കുകയാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. പശുസം രക്ഷണത്തിന്റെ പേരില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മാട്ടിറച്ചി വാങ്ങിയെന്നും കടത്തിയെന്നും ആരോപിച്ച് ആളുകളെ മര്‍ദിക്കുകയാണ് ഗോ സംരക്ഷകരെന്ന പേരില്‍ അഴിഞ്ഞാടുന്നവര്‍. കഴിഞ്ഞ വര്‍ഷം ഉത്തര്‍പ്രദേശ് സ്വദേശിയായ മുഹമ്മദ് അഖ്‌ലാഖിനെ ഇതേകുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം അടിച്ചുകൊന്നിരുന്നു. രാസ പരിശോധനയില്‍ അഖ്‌ലാഖ് പശുമാംസം ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമായിരുന്നു. ചത്ത പശുവിന്റെ തോലുരിച്ചെന്ന പേരില്‍ ഗുജറാത്തില്‍ നാല് ദളിത് യുവാക്കള്‍ക്ക് ക്രൂരമായിമര്‍ദനമേല്‍ക്കുകയുമുണ്ടായി. ഇത്തരത്തില്‍ നിരവധി സംഭവങ്ങളുണ്ടെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. അടുത്ത മാസം ഏഴിന് കേസ് കോടതി വീണ്ടും പരിഗണിക്കും.