വിദ്വേഷ പ്രാസംഗികനെതിരെ കര്‍ശന നടപടി വേണം: എസ് വൈ എസ്്‌

Posted on: October 20, 2016 1:45 pm | Last updated: October 20, 2016 at 1:42 pm

മലപ്പുറം: മുസ്്‌ലിം സമുദായത്തെയും മലപ്പുറം ജില്ലയെയും അപഹസിക്കും വിധത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ സംഘപരിവാര്‍ സഹയാത്രികന്‍ ഡോ. എന്‍ ഗോപാലകൃഷ്ണനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് എസ് വൈ എസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ളതും വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നതുമായ പ്രസംഗം പൊതു സമൂഹം ഗൗരവമായി കാണണം. നേരത്തെ ഇത്തരത്തില്‍ പ്രസംഗിച്ച ശംസുദ്ദീന്‍ പാലത്തിനെതിരെ യു എ പി എ ചുമത്തിയ രീതിയില്‍ അടിയന്തിയ നടപടി സ്വീകരിക്കണം. ഇത്തരം പ്രഭാഷകരെ നിയന്ത്രിക്കാന്‍ അധികാരികളും ബഹിഷ്‌ക്കരിക്കാന്‍ പൊതുജനങ്ങളും തയ്യാറാകണമെന്നും യോഗം അഭ്യര്‍ഥിച്ചു. മുത്വലാഖ് അടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്രമന്ത്രി ഉള്‍പെടെയുള്ള ഉത്തരവാദപ്പെട്ടവര്‍ പ്രാഥമിക വിവരം പോലും നേടാതെ നടത്തുന്ന പ്രസ്താവനകള്‍ അപഹാസ്യമാണെന്നും ഇസ്്‌ലാം വിഭാവനം ചെയ്യുന്ന ദര്‍ശനങ്ങളെ ക്രിയാത്മകമായി പഠിക്കാനും ഉള്‍കൊള്ളാനും ഇവര്‍ തയ്യാറാകണമെന്നും യോഗം ഉണര്‍ത്തി. സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി അധ്യക്ഷത വഹിച്ചു.