വിദ്യാഭ്യാസ രംഗത്തെ സേവനങ്ങള്‍; കാന്തപുരത്തിന് അന്താരാഷ്ട്ര അവാര്‍ഡ്‌

Posted on: October 19, 2016 12:27 am | Last updated: October 19, 2016 at 12:27 am

KANTHAPURAMക്വലാലംപൂര്‍: ക്വലാലംപൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒ ഐ സി ടുഡേ മാഗസിന്‍ ഏര്‍പ്പെടുത്തിയ 2016ലെ ‘ദി ജ്വല്‍സ് ഓഫ് മുസ്ലിം വേള്‍ഡ് ബിസ്’ അവാര്‍ഡിന്് കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാരെ തിരഞ്ഞെടുത്തു. വിദ്യാഭ്യാസ ധിഷണാരംഗത്ത് സ്തുത്യര്‍ഹമായ സേവനം ചെയ്യുന്നവരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരെയാണ് 2011 മുതല്‍ ഈ അവാര്‍ഡ് നല്‍കി ആദരിക്കുന്നത്. മലേഷ്യന്‍ സര്‍ക്കാറിന്റെ പിന്തുണയോടെ 57 രാഷ്ട്രങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ഒ ഐ സി ഗ്രൂപ്പ് വിദ്യാഭ്യാസമുള്‍പ്പെടെയുള്ള രംഗങ്ങളില്‍ വ്യത്യസ്തവും നൂതനവുമായ പദ്ധതികള്‍ നടത്തിവരുന്നു. ധൈഷണികമായും വിദ്യാഭ്യസപരമായും ഇടപെടുന്ന യുവാക്കളെ വളര്‍ത്തിക്കൊണ്ടുവന്നതിന് കാന്തപുരം നല്‍കിയ സേവനത്തിനാണ് അവാര്‍ഡ് നല്‍കുന്നതെന്ന് ഒ ഐ സി ചെയര്‍മാന്‍ അറിയിച്ചു. ക്വലാലംപൂരില്‍ ഇന്ന് നടക്കുന്ന ചടങ്ങില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ക്ക് അവാര്‍ഡ് സമ്മാനിക്കും.
മലേഷ്യന്‍ യാത്രയില്‍ സി മുഹമ്മദ് ഫൈസി, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, ആപ്കോ ഗ്രൂപ് ചെയര്‍മാന്‍ അബ്ദുല്‍ കരീം ഹാജി, അപ്പോളോ ഗ്രൂപ് എം ഡി സി പി മൂസ ഹാജി, സിദ്ദീഖ് ഹാജി എന്നിവര്‍ കാന്തപുരത്തെ അനുഗമിച്ചിട്ടുണ്ട്.
മലേഷ്യയിലെ ആത്മീയ, വിദ്യാഭ്യാസ, സാംസ്‌കാരിക പരിപാടികളില്‍ കാന്തപുരം പങ്കെടുക്കും.