ഐഎസ്എല്‍: മുംബൈ സിറ്റി എഫ്‌സിയും ഡല്‍ഹി ഡൈനമോസും തമ്മിലുള്ള മത്സരം സമനിലയില്‍

Posted on: October 18, 2016 10:44 pm | Last updated: October 18, 2016 at 10:44 pm

2016mat17repമുംബൈ: ഐഎസ്എല്ലില്‍ മുംബൈ സിറ്റി എഫ്‌സിയും ഡല്‍ഹി ഡൈനമോസും തമ്മിലുള്ള മത്സരം സമനിലയില്‍. മൂന്നു ഗോളുകള്‍ വീതം നേടിയാണ് ഇരുടീമുകളും സമനില പാലിച്ചത്. രണ്ടു ഗോളുകള്‍ക്കു മുന്നിട്ടുനിന്നശേഷമാണ് മുംബൈ സമനില വഴങ്ങിയത്. ക്രിസ്റ്റ്യന്‍ വാഡോക്‌സ് മുംബൈക്കായി ഇരട്ടഗോള്‍ നേടി.

33ാം മിനിറ്റില്‍ വാഡോക്‌സിലൂടെ മുംബൈ മുന്നിലെത്തി. ആറു മിനിറ്റിനുശേഷം വാഡോക്‌സ് വീണ്ടും ലക്ഷ്യം കണ്ടു. ആദ്യ പകുതിയില്‍ മുംബൈ രണ്ടു ഗോളിനു മുന്നിട്ടുനിന്നു. രണ്ടാം പകുതി ആരംഭിച്ച് ആറു മിനിറ്റിനുള്ളില്‍ ഡല്‍ഹി തിരിച്ചടിച്ചു. റിച്ചാര്‍ഡ് ഗാഡ്‌സേയായിരുന്നു സ്‌കോറര്‍. എന്നാല്‍ 69ാം മിനിറ്റില്‍ സോണി നോര്‍ദെ നേടിയ ഗോളിലൂടെ മുംബൈ വീണ്ടും ലീഡുയര്‍ത്തി. പക്ഷേ വിട്ടുകൊടുക്കാന്‍ തയാറാകാതിരുന്ന ഡല്‍ഹി ബദാരാ ബാഡ്ജിയിലൂടെ മുംബൈയുടെ ലീഡ് ഒന്നാക്കി കുറച്ചു. കളി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച മാഴ്‌സലോ പെരേര ഡല്‍ഹിക്കു സമനിലയും സമ്മാനിച്ചു.

സമനില വഴങ്ങിയെങ്കിലും അഞ്ചു മത്സരങ്ങളില്‍നിന്ന് എട്ടു പോയിന്റുമായി മുംബൈ എഫ്‌സി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.