വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ജേക്കബ് തോമസ്

Posted on: October 18, 2016 7:50 pm | Last updated: October 19, 2016 at 9:48 am
ജേക്കബ് തോമസ്്
ജേക്കബ് തോമസ്്

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ജേക്കബ് തോമസ്. വ്യക്തിപരമായ കാരണങ്ങളാല്‍ സ്ഥാനത്തു തുടരാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ജേക്കബ് തോമസ് ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോക്ക് കത്ത് നല്‍കി. കത്ത് മുഖ്യമന്ത്രിക്കു കൈമാറിയെന്നും വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും നളിനി നെറ്റോ വ്യക്തമാക്കി. സ്ഥാനം ഒഴിയാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ കത്തില്‍ കൂടുതല്‍ വിശദീകരണങ്ങളില്ല.
ബന്ധുനിയമനത്തില്‍ ഇ പി ജയരാജനെതിരെ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ട് നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ജേക്കബ് തോമസിന്റെ അപ്രതീക്ഷിത നീക്കം. ജേക്കബ് തോമസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പ്രതിപക്ഷവും ജേക്കബ് തോമസിനെതിരെ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ചില അന്വേഷണങ്ങളുമായി ബന്ധപ്പെട്ട് ഐ എ എസ് ഉദ്യോഗസ്ഥരും ജേക്കബ് തോമസിനെതിരെ കരുക്കള്‍ നീക്കിയിരുന്നു.
പ്രവര്‍ത്തനരഹിതമായ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചതിലും അനുമതിയില്ലാതെ ധൃതിപിടിച്ചു ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ വാങ്ങിയതിലും കോടികളുടെ ക്രമക്കേട് കണ്ടെത്തിയ ജേക്കബ് തോമസിനെതിരെ വകുപ്പുതല അച്ചടക്ക നടപടി വേണമെന്നായിരുന്നു ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ ശിപാര്‍ശ. ഇ പി ജയരാജന് മന്ത്രിസ്ഥാനം നഷ്ടമായ ബന്ധുനിയമനവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ജേക്കബ് തോമസിനെ പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു. എന്നാല്‍, ജേക്കബ് തോമസിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സഭയില്‍ കൈക്കൊണ്ടത്. ഇത്തരത്തിലുള്ള വാര്‍ത്തകളില്‍ തളരില്ലെന്ന് സ്വകാര്യ ചടങ്ങില്‍ വ്യക്തമാക്കിയതിന് തൊട്ടടുത്ത ദിവസമാണ് ജേക്കബ് തോമസ് രാജിസന്നദ്ധത അറിയിച്ചുകൊണ്ട് കത്ത് നല്‍കിയത്. വിഷയം വിവാദമാകാനിടയുള്ളതിനാല്‍ തത്കാലം സ്ഥാനം ഒഴിയേണ്ടെന്ന് മുഖ്യമന്ത്രി നിര്‍ദേശിക്കാനാണ് സാധ്യത.
2009-13 കാലയളവില്‍ തുറമുഖ ഡയറക്ടറായിരിക്കെ തുറമുഖ ഓഫീസുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചതില്‍ 52 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നായിരുന്നു കണ്ടെത്തല്‍. പതിനാല് ഓഫീസുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചതില്‍ മിക്കവയും പ്രവര്‍ത്തനസജ്ജമായിരുന്നില്ലെന്നും അനെര്‍ട്ടിന്റെ സാങ്കേതിക ഉപദേശം അവഗണിച്ചാണ് പദ്ധതി നടപ്പാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ വാങ്ങിയതില്‍ ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ ക്രമക്കേടില്‍ ജേക്കബ് തോമസിനെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നുമുള്ള ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന്മേല്‍ നടപടി സംബന്ധിച്ച് ആലോചന സജീവമായിരുന്നു.
ആരോപണയുര്‍ന്നതിനു പിന്നാലെ സഭയിലും പുറത്തും പ്രതിപക്ഷം ജേക്കബ് തോമസിനെതിരെ രംഗത്തു വന്നിരുന്നു. ജേക്കബ് തോമസിന്റെ കീഴില്‍ നിഷ്പക്ഷ അന്വേഷണം നടക്കില്ലെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ പ്രതികരിച്ചിരുന്നു. യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് ബാര്‍കോഴ ഉള്‍പ്പെടെ നിരവധി കേസുകളില്‍ ശക്തമായ നടപടി സ്വീകരിച്ചയാളാണ് ജേക്കബ് തോമസ്.