ചിറ്റപ്പന്റെ രക്തം, ചിറകൊടിഞ്ഞ തത്ത

Posted on: October 18, 2016 10:18 am | Last updated: October 18, 2016 at 10:18 am

niyamasabha-2016രക്ത സാക്ഷികളുടെ ചോര വീണ മണ്ണെന്നൊക്കെ പറയും പോലെ ചിറ്റപ്പന്റെ രക്തം വീണ സ്ഥലം എന്ന് സഭാതലം അടയാളപ്പെടുത്തേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. കാരണം രക്തത്തിന് വേണ്ടി ദാഹിച്ചവര്‍ക്ക് സഭയില്‍വെച്ച് തന്നെ അത് നല്‍കാന്‍ ഇ പി ജയരാജന്‍ തയ്യാറാടെക്കുകയാണ്. രാജ്യത്തെ സംരക്ഷിക്കാനിറങ്ങി മാഫിയ, മാധ്യമ കൂട്ടുകെട്ടുകളാല്‍ വേട്ടയാടപ്പെട്ടതിന്റെ വേദനയിലാണ് ജയരാജന്‍ സഭയിലെത്തിയത്.
തൊഴില്‍ രഹിതനായ ഒരു ചെറുപ്പക്കാരന് ജോലി നല്‍കാന്‍ ശ്രമിച്ചതാണ് കുറ്റം. അതും ചുമട്ട് തൊഴിലാളികളെ ആവശ്യത്തിന് നല്‍കുന്ന ഒരു സ്ഥാപനത്തില്‍. മറ്റൊരു നിയമനം മൂന്ന് മാസത്തിനകം പൂട്ടേണ്ട സ്ഥാപനത്തിലാണ്. ഇതിനാണ് ഇന്ദിരാഗാന്ധി വെടിയേറ്റ് മരിച്ചപ്പോള്‍ പോലും ലഭിക്കാത്ത മാധ്യമ പ്രചരണം ഉണ്ടായതെന്നും ജയരാജന്‍.
മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ചുള്ള ജയരാജന്റെ രാജിയെക്കുറിച്ച് മുഖ്യമന്ത്രിക്ക് കൃത്യമായ ഉത്തരമുണ്ട്. യു ഡി എഫില്‍ നിന്ന് കാര്യങ്ങളേറെ വ്യത്യസ്തമാണിപ്പോള്‍. ആരോപണങ്ങള്‍ വന്നാല്‍ തെളിവ് ചോദിക്കുന്നതായിരുന്നു മുന്‍കാല രീതി. തെളിവ് നല്‍കിയാല്‍ നിയമം നിയമത്തിന്റെ വഴിക്കെന്ന് പറയും. നിയമം നിയമത്തിന് വഴിക്ക് പോയാല്‍ കോടതി തീരുമാനിക്കട്ടെയെന്നാകും. കോടതി ഉത്തരവ് വന്നാല്‍ ജനകീയ കോടതിക്ക് വിടും. ജനകീയ കോടതിയും ശിക്ഷിച്ചാല്‍ പിന്നെ മനഃസാക്ഷി തീരുമാനിക്കുമെന്നാകും നിലപാട്. ഇത്തരം അഴകുഴമ്പന്‍ നിലപാട് എല്‍ ഡി എഫിനില്ലെന്നും മുഖ്യമന്ത്രി.
ജയരാജന്‍ നല്ല ചിറ്റപ്പനാണ്. ചിറ്റപ്പന്റെ ജോലി നന്നായി നിര്‍വഹിച്ചിട്ടുണ്ടെന്നും ചെന്നിത്തല. സെന്‍ ബുദ്ധിസ്റ്റുകളുടെ കഥയോടാണ് ചെന്നിത്തല ഇതിനെ ഉദാഹരിച്ചത്. സെന്‍ ബുദ്ധിസ്റ്റുകള്‍ പാപം പരിഹരിക്കാന്‍ എന്ത് ചെയ്യണമെന്ന് പുരോഹിതന്‍ ശിഷ്യനോട് ചോദിച്ചു. അതിനായി ആദ്യം പാപം ചെയ്യണമെന്നായിരുന്നു ശിഷ്യന്റെ മറുപടി. പാപം ചെയ്താലേ അതിന് പരിഹാരം ചെയ്യാന്‍ കഴിയുകയുള്ളു. ഇവിടെ ഇ പി ജയരാജന്‍ ചെയ്തത് അതാണ്. ഇടതുമുന്നണിയുടെ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കാന്‍ ആദ്യം അധാര്‍മികത ചെയ്യുന്നു. പിന്നീട് ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുന്നു. നാല് മാസമായ സര്‍ക്കാറിന്റെ ഇതാണെങ്കില്‍ നാലര വര്‍ഷം കൊണ്ട് എന്തായിരിക്കും നടക്കാന്‍ പോകുന്നതെന്നും ചെന്നിത്തല.
വിജിലന്‍സ് തത്തയെ കൂട്ടില്‍ നിന്ന് വിട്ടെങ്കിലും അത് ക്ലിഫ് ഹൗസ് കോംപൗണ്ടില്‍ വട്ടമിട്ട് പറക്കുകയാണെന്ന് വി ഡി സതീശന്‍ പരിഹസിച്ചു. തത്തയുടെ പേരില്‍ ഇപ്പോള്‍ ആരോപണം വന്നിരിക്കുകയാണ് അതിന് ആര് ഉത്തരം പറയുമെന്ന് ചെന്നിത്തലയും. തത്തയെ കാല് തല്ലിയൊടിച്ച് ചിറകൊടിച്ച് കളിപ്പിക്കുന്ന രീതി മാറിയെന്നായി പിണറായി. അതിന് ഒരു പോറലും ഏല്‍പ്പിക്കില്ലെന്ന മുന്നറിയിപ്പും.
ഇ പി ജയരാജന്റെ നിലപാട് മാതൃകാപരമെന്ന് എസ് രാജേന്ദ്രന്‍. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണനിക്ഷേപം കഴിഞ്ഞാല്‍ ഏറ്റവുമധികം സ്വര്‍ണനിക്ഷേപമുള്ളത് മുന്‍മന്ത്രി കെ ബാബുവിന്റെ പക്കലാണെന്ന് ജോര്‍ജ് എം തോമസ്. ബാബുവിന്റെ രാജി സ്വീകരിക്കാതെ പോക്കറ്റിലിട്ട് നടന്ന അന്നത്തെ മുഖ്യമന്ത്രിയും കൂട്ടരുമാണ് ഇന്ന് ജയരാജനെ വിമര്‍ശിക്കുന്നത്. ഈ നിലക്ക് പോയാല്‍ ഏറെകഴിയും മുമ്പേ കോണ്‍ഗ്രസ് വാലില്ലാത്ത അമ്പായി മാറുമെന്നും അദ്ദേഹം പറഞ്ഞു. എല്‍ ഡി എഫ് സര്‍ക്കാര്‍ നാല് മാസം പിന്നിട്ടപ്പോഴേക്കും പുലിമുരുകുന്‍ സിനിമ പോലെയായെന്ന് അനില്‍ അക്കര. അഴിമതിക്കെതിരേ പുലിമുരുകനായി വന്ന് ഏറെകഴിയും ഡാഡി ഗിരിജയായി (വില്ലന്‍ കഥാപാത്രം) മാറി. എല്ലാം ശരിയാക്കാനായി വന്ന സര്‍ക്കാരിപ്പോള്‍ ഓടിനടന്ന് റോഡിലെ ഓടഅടക്കുകയാണ്. പുലിമുരുകനായ പൊതുമരാമത്ത് മന്ത്രിയുടെ അധികാരം ധനമന്ത്രി കവര്‍ന്നെടുക്കുന്നു. അധികാര വികേന്ദ്രീകരണം പൂര്‍ണമായും തകര്‍ത്തതിലൂടെ ഡാഡി ഗിരിജയുടെ സര്‍ക്കാറായി മാറിയെന്നും അനില്‍ അക്കര പറഞ്ഞു. ദേശീയരാഷ്ട്രീയത്തില്‍ ശിഥിലമായ കോണ്‍ഗ്രസിന്റെ അവസ്ഥയില്‍ വിലപിക്കുന്നവരുടെ കൂട്ടത്തിലാണ് അനില്‍ അക്കരെയെന്നായിരുന്നു ഇ കെ വിജയന്‍. മനുഷ്യന്റെ വേദന എന്താണെന്ന് മനസ്സിലാക്കിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തു പുതുതായി നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ കണ്ടാല്‍ കേരളമാണെന്ന് പറയുന്ന നിലയിലേക്ക് മാറ്റം വരണമെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവെച്ചു.
രാത്രിയും പകലും പുറത്തിറങ്ങാന്‍ പറ്റില്ലെന്നാണ് പി കെ ബശീറിന്റെ പരാതി. പകല്‍ പുറത്തിറങ്ങിയാല്‍ തെരുവുനായ കടിക്കും രാത്രി ഇറങ്ങിയാല്‍ സി പി എമ്മുകാര്‍ കൊല്ലും. അധികാരമെല്ലാം കവര്‍ന്നെടുത്തതും പോരാഞ്ഞിട്ട് സുധാകരനെ മാനസികമായി തളര്‍ത്താനാണ് പാര്‍ട്ടിയുടെ ശ്രമം. മുഖ്യമന്ത്രിയുടെ പിന്നിലിരുന്ന സുധാകരനെ മുന്‍നിരയില്‍ വി എസ്സിന് സമീപം ഇരുത്തിയത് ഈ ലക്ഷ്യംവെച്ചാണ്. സര്‍ക്കാറിന് നാലാം കൊല്ലത്തില്‍ പറ്റേണ്ട അവസ്ഥ നാലാം മാസത്തില്‍ പറ്റിയെന്നും ബശീര്‍ പറഞ്ഞു.

ALSO READ  സഭാ സമ്മേളനം മറ്റന്നാൾ; നിയമസഭയിൽ ആൻറിജൻ ടെസ്റ്റ് നടത്തും