അനിശ്ചിതത്വം ഉള്ളിലൊളിപ്പിച്ച് എത്രകാലം

Posted on: October 15, 2016 5:59 pm | Last updated: October 15, 2016 at 5:59 pm

gulf-kazhchaപുറമേ നിന്ന് നോക്കുമ്പോള്‍ എല്ലാം ഭദ്രം. പക്ഷേ, അകത്ത്, ഓരോരുത്തരുടെയും മാനസിക വ്യാപാരങ്ങളില്‍, അനിശ്ചിതത്വത്തിന്റെ കനലെരിയുന്നുണ്ടാകും. മിക്ക ഗള്‍ഫ് കുടുംബങ്ങളും അങ്ങിനെയാണ്. സാമൂഹികവും സാമ്പത്തികവുമായ പ്രശ്‌നങ്ങളാണ് ഏറെ. അജ്മാനിലെ ഒരു കുടുംബം ഉദാഹരണം. കുടുംബനാഥന്‍ ഏതാണ്ട് 50 വര്‍ഷം മുമ്പാണ് യു എ ഇയിലെത്തിയത്. മുംബൈയില്‍ നിന്നെത്തിയ അയാള്‍ പല ജോലികള്‍ ചെയ്തു. ഇതിനിടയില്‍ ഒരു മലയാളിയെ വിവാഹം ചെയ്തു. ഇരുവരുടെയും ലോകം അജ്മാന്‍ മാത്രമായി. നാട്ടിലേക്ക് പോകാതായി. നാട്ടിലെ കുടുംബ ബന്ധങ്ങളുടെ വേരുകളറ്റു.
35 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തില്‍ അഞ്ചു കുട്ടികള്‍. കഴിഞ്ഞ വര്‍ഷം ഭാര്യ മരിച്ചു. വിസാ കാലാവധി കഴിഞ്ഞിരുന്നതിനാല്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. ഭാര്യക്ക്, നാട്ടില്‍ ആരൊക്കെയുണ്ടെന്നും അറിയില്ലായിരുന്നു.
മക്കളില്‍ രണ്ടുപേര്‍ക്കുമാത്രമാണ് യു എ ഇ താമസ രേഖകള്‍. അതില്‍ മകളെ, മലയാളിയാണ് വിവാഹം ചെയ്തത്. അജ്മാനില്‍ ലളിതമായ ചടങ്ങോടെയായിരുന്നു വിവാഹം. ഇവര്‍, വിവാഹ ശേഷം കേരളത്തിലേക്ക് മടങ്ങി. കൊച്ചിയില്‍ ഇരുവരും ജോലി നേടി.
കുടുംബം പലയിടത്തായി ചിതറുന്നതിന്റെ വേദന മകള്‍ക്ക് നന്നായറിയാം. അവര്‍, പിതാവിനെയും സഹോദരങ്ങളെയും രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണിപ്പോള്‍. അവര്‍ യു എ ഇയില്‍ സന്ദര്‍ശക വിസയിലെത്തി പല വാതിലുകളും മുട്ടുന്നു. ഒരു സഹോദരന് യു എ ഇ താമസരേഖകളുണ്ട്. മറ്റ് മൂന്നു പേര്‍ക്കില്ല. മരിച്ചുപോയ മാതാവിന്റെയും അജ്മാനില്‍ താമസിക്കുന്ന പിതാവിന്റെയും പഴയ യാത്രാരേഖകള്‍, സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ അധികൃതര്‍ക്ക് സമര്‍പിച്ചിട്ടുണ്ട്. ചിലര്‍ സഹായിക്കാന്‍ മുന്നോട്ടു വന്നിട്ടുണ്ട്.
അനധികൃത താമസക്കാരായാല്‍ പല പ്രയാസങ്ങളും അനുഭവിക്കേണ്ടിവരുന്നു. കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സ എന്നിങ്ങനെ പലതിനും തടസ്സമാകും. കനത്ത പിഴയും തടവും ഭയന്ന് ഇക്കാലത്ത്, ആരും ജോലി നല്‍കുകയുമില്ല.
എന്നാല്‍, അനധികൃത താമസക്കാരെ സ്വന്തം നാട്ടിലേക്കയക്കാന്‍ യു എ ഇയിലെ താമസകുടിയേറ്റ വകുപ്പുകള്‍ അനുതാപ സമീപനമാണ് സ്വീകരിക്കാറുള്ളത്. അതാത്, നയതന്ത്ര കാര്യാലയങ്ങള്‍ അവസരത്തിനൊത്ത് ഉയര്‍ന്നാല്‍ മതി.
അനധികൃത താമസക്കാരെ കുറ്റവാളികളായി കണക്കാക്കാറില്ലെന്ന് ദുബൈ താമസകുടിയേറ്റ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി ഒരിക്കല്‍ വ്യക്തമാക്കിയതാണ്. വിസാകാലാവധി കഴിഞ്ഞവര്‍ക്ക് ഏത് നിമിഷവും ഉദ്യോഗസ്ഥരെ സമീപിക്കാം. നാട്ടിലേക്ക് പോകാനോ പുതിയ വിസയില്‍ യു എ ഇയില്‍ തുടരാനോ അനുവാദമുണ്ടായിരിക്കും. താമസക്കാരുടെ പരിദേവനങ്ങള്‍ക്കു നേരെ കണ്ണടക്കാറില്ല. മേജര്‍ ജനറല്‍ പറഞ്ഞു.
യു എ ഇയില്‍ ഉയര്‍ന്ന വേതനം വാഗ്ദാനം ചെയ്യപ്പെട്ട്, വഞ്ചിതരായി അനധികൃത താമസക്കാരായി മാറിയവര്‍ ധാരാളമാണ്. കഴിഞ്ഞ വര്‍ഷം ദുബൈയില്‍ പിടിയിലായ 60,000 ഓളം ആളുകളില്‍ മിക്കവരും ഇത്തരക്കാരാണ്. ഈ വര്‍ഷം 35,000 പേരാണ് പിടിയിലായത്.
കുടുംബമായി താമസിക്കുന്നരില്‍ പലരും ജീവിതോപാധി നഷ്ടപ്പെട്ടാല്‍ എളുപ്പം നാട്ടിലേക്ക് മടങ്ങില്ല. പല കെട്ടുപാടുകള്‍ തീര്‍ക്കാനുണ്ടാകും. ചിലര്‍ വായ്പക്ക് പകരമായി പാസ്‌പോര്‍ട്ട് പണയം വെച്ചിട്ടുണ്ടാകും.
ഏതാനും വര്‍ഷം മുമ്പ്, ദീര്‍ഘകാലം അനധികൃത താമസത്തിന് പിടിയിലായ ഒരു സ്ത്രീയുടെ കഥ പത്രവാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
2001ല്‍ ഇവരുടെ ഭര്‍ത്താവ് മരിച്ചു. രണ്ടുകുട്ടികളാണ് ഇവര്‍ക്ക്. ചെലവ് താങ്ങാന്‍ കഴിയാതായപ്പോള്‍ കുട്ടികളെ നാട്ടിലേക്കയച്ചു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ സ്ത്രീയുടെ വിസാകാലവധി കഴിഞ്ഞു. പല വീടുകളിലായി ജോലി ചെയ്തു. പക്ഷേ, നാട്ടിലേക്ക് പോകാന്‍ കഴിയുമായിരുന്നില്ല. നാട്ടില്‍ വരുമാനമാര്‍ഗമില്ല. കുട്ടികളുടെയും ബന്ധുക്കളുടെയും ജീവിതം സ്ത്രീയുടെ ഡ്രാഫ്റ്റിനെ ആശ്രയിച്ചായി. കാലം കടന്നുപോകുന്നതറിഞ്ഞില്ല. ഒടുവില്‍, പൊതുമാപ്പ് വേളയിലാണ് നാട്ടിലേക്ക് മടങ്ങിയത്.
കുടുംബത്തിലെ അസ്വാരസ്യങ്ങളാണ് മറ്റൊരു പ്രതിസന്ധി. കുടുംബനാഥന്‍ അമിത മദ്യപാനിയായാല്‍, താള ഭംഗം ഉറപ്പ് പലരും, വിവാഹ മോചനത്തിന് ഹരജി നല്‍കും. മിക്ക സന്ദര്‍ഭങ്ങളിലും കുട്ടികളുടെ സംരക്ഷണം മാതാവിന്റെ തലയിലാകും.
ജീവിതോപാധിയില്ലാത്ത സ്ത്രീയാണെങ്കില്‍ കുഴഞ്ഞത് തന്നെ. കുട്ടികളെയും കൊണ്ട് നാട്ടിലേക്ക് പോകണമെങ്കില്‍ ഭര്‍ത്താവിന്റെ അനുമതി വേണം. ചിലര്‍ ഭാര്യയെ പ്രയാസത്തിലാക്കാന്‍ അനുമതി നല്‍കില്ല. കടലിനും ചെകുത്താനും ഇടയിലാകും ജീവിതം.
മൂന്നു വര്‍ഷത്തിനിടയില്‍ 12,000ഓളം പേരാണ് യു എ ഇയില്‍ വിവാഹമോചനത്തിന് ഹരജി നല്‍കിയത്. ഇക്കൂട്ടത്തില്‍ സ്വദേശികള്‍ കുറവാണ്.
സാമൂഹിക മാധ്യമങ്ങളുടെ അതിപ്രസരം വിവാഹ മോചനത്തിന് മറ്റൊരു കാരണം. പുരുഷന്മാരായാലും സ്ത്രീകളായാലും സാമൂഹിക മാധ്യമങ്ങളില്‍ അധികം അഭിരമിക്കുന്നത്, ദാമ്പത്യത്തെ വലിയ തോതില്‍ ബാധിക്കുന്നു. അവിഹിത ബന്ധങ്ങള്‍ ഉടലെടുക്കുന്നത്, ഏറെയും സാമൂഹിക മാധ്യമം വഴിയാണ്. കുട്ടികളുടെ ഭാവി മിക്കവരും അവഗണിക്കും. പങ്കാളി വിഷാദരോഗത്തിന് അടിപ്പെടും.
സാമ്പത്തിക മാന്ദ്യം ഇടത്തരം കുടുംബങ്ങളുടെ വരുമാനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. മുണ്ടു മുറുക്കിയുടുത്താലും ജീവിതം പഴയപോലെ മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റാത്ത അവസ്ഥയിലാണ് പലരും. ഇത് കുടുംബത്തില്‍ സംഘര്‍ഷത്തിന് കാരണമാകുന്നു. ചിലര്‍ക്ക് പുതിയ അവസ്ഥയോട് പൊരുത്തപ്പെടാന്‍ കഴിയുന്നില്ല. താമസിയാതെ എല്ലാം ശരിയാകുമെന്ന് കരുതി വായ്പ വാങ്ങിയവരാണ് കുടുക്കിലായിരിക്കുന്നത്. ആയിരക്കണക്കിനാളുകള്‍ ഊരാന്‍ പറ്റാത്ത വിധം കടക്കെണിയിലാണ്.
രണ്ടുവര്‍ഷം മുമ്പ്, കടക്കെണിയില്‍പ്പെട്ട ഒരു കുടുംബം അല്‍ നഹ്ദയില്‍ ആത്മഹത്യ ചെയ്തതിന്റെ നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. സിനിമാ നിര്‍മാതാവ് സന്തോഷ് കുമാര്‍, ഭാര്യ മഞ്ജുള, മകള്‍ ഗൗരി എന്നിവരെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്.
ദുബൈയില്‍ 35 ജീവനക്കാരുള്ള കമ്പനി നടത്തിയിരുന്ന ആളാണ് സന്തോഷ്. പക്ഷേ, സാമ്പത്തിക പ്രയാസം സമനില തെറ്റിച്ചു. പ്രയാസങ്ങള്‍ ഉള്ളിലൊളിപ്പിച്ച് നടക്കുന്നത് ഉചിതമല്ല. ഉറ്റവരോടെ സുഹൃത്തുക്കളോടെ പങ്കുവെക്കണം. പരിഹാരമാര്‍ഗം തെളിഞ്ഞുവരാതിരിക്കില്ല.