Connect with us

Eranakulam

റവന്യൂ വകുപ്പിന് പുതുജീവന്‍ നല്‍കാന്‍ കലക്ടര്‍മാര്‍ മുന്‍കൈയെടുക്കണം: മന്ത്രി ചന്ദ്രശേഖരന്‍

Published

|

Last Updated

കൊച്ചി: റവന്യൂ വകുപ്പിന് പുതുജീവന്‍ പകരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ തലത്തില്‍ കലക്ടര്‍മാര്‍ മുന്‍കൈയെടുക്കണമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. കളമശേരി പി ഡബ്ല്യു ഡി റസ്റ്റ് ഹൗസില്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താലൂക്ക്, വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് ജില്ലാ കലക്ടര്‍മാര്‍ പരിശോധന കര്‍ശനമാക്കണം.
ഭൂമി സംബന്ധമായ പ്രശ്‌നങ്ങളില്‍ ഉടന്‍ പരിഹാരം കാണുകയും ഫയലുകള്‍ തീര്‍പ്പാക്കുകയും വേണം. 4200 ഓളം വരുന്ന കൈയേറ്റ ഭൂമി ഏറ്റെടുക്കാനുള്ള തടസ്സമെന്തെന്ന് വിശദമായി പരിശോധിക്കണം. ഏറ്റെടുത്ത ഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാനും നടപടികള്‍ ഊര്‍ജിതമാക്കണം. ഓരോ വില്ലേജിലുമുള്ള പാറമടകളുടെ കൃത്യമായ കണക്കുകള്‍ ശേഖരിച്ച് അനധികൃതമായി പ്രവര്‍ത്തിക്കുന്നവ കണ്ടെത്തണമെന്നും അത്തരം പാറമടകള്‍ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
റവന്യൂ വകുപ്പിന് പുറമേ എല്ലാ വകുപ്പുകളുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കേണ്ടി വരുന്നതിനാല്‍ ഭാരിച്ച ഉത്തരവാദിത്തമാണ് ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍വഹിക്കേണ്ടി വരുന്നത്. വിവിധ യോഗങ്ങളടക്കമുള്ള ഔദ്യോഗിക തിരക്കുകള്‍ വര്‍ധിക്കുന്നതിനാല്‍ റവന്യൂ വകുപ്പിന്റെ ഭരണത്തില്‍ വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോകുന്നുണ്ടോ എന്നു പരിശോധിക്കണം. കലക്ടര്‍മാരില്‍ വലിയ പ്രതീക്ഷയാണ് ജനങ്ങള്‍ക്കുള്ളത്. ജില്ലയില്‍ സര്‍ക്കാരിനെ നേരിട്ട് പ്രതിനിധീകരിക്കുന്നത് ജില്ലാ ഭരണാധികാരി എന്ന നിലയില്‍ കലക്ടറാണ്. താലൂക്ക് ഓഫീസിന് താഴെയുള്ള പ്രവര്‍ത്തനങ്ങള്‍ തഹസില്‍ദാറും വില്ലേജ് ഓഫീസിന് കീഴിലുള്ള പ്രവര്‍ത്തനങ്ങള്‍ വില്ലേജ് ഓഫീസറും കൃത്യമായി പരിശോധിച്ച് ഏകോപിപ്പിക്കണം. ദശാബ്ദങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന ഭരണ മികവ് ഇന്ന് റവന്യൂ വകുപ്പിനില്ല. ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് പല ഉദ്യോഗസ്ഥരും ശ്രമിക്കുന്നത്.
പ്രശ്‌നങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യാതെ നിയമത്തിന്റെയും ചട്ടത്തിന്റെയും അടിസ്ഥാനത്തില്‍ ജനോപകാരപ്രദമായ രീതിയില്‍ എങ്ങനെ നിയമം ഉപയോഗപ്പെടുത്താം എന്ന് നിശ്ചയിക്കാനുള്ള ഉത്തരവാദിത്വം എല്ലാ ഉദ്യോഗസ്ഥര്‍ക്കുമുണ്ട്. ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റാന്‍ പ്രത്യേക ശ്രദ്ധ വേണം. ജനങ്ങളുടെ ദൈനംദിന പ്രശ്‌നങ്ങളിലെല്ലാം ഇടപെടാന്‍ ബാധ്യതപ്പെട്ട റവന്യൂ വകുപ്പിനെ വകുപ്പുകളുടെ മാതാവ് എന്ന് വിളിക്കാം. താലൂക്ക്, വില്ലേജ് തലങ്ങളില്‍ പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങള്‍ മാത്രമേ ജില്ലാ തലത്തിലെത്തേണ്ടതുള്ളൂ.
സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടുന്നത് തടയാന്‍ കര്‍ശന നടപടി വേണം. ഭൂമി കൈയേറ്റം നടക്കുന്നത് റവന്യൂ വകുപ്പിലെ വിവിധ ശ്രേണിയിലുള്ള ഉദ്യോഗസ്ഥര്‍ അറിയാതെയാണെന്നു കരുതുക സാധ്യമല്ല. ഭൂമി ഏറ്റെടുക്കുന്നതിലെ വീഴ്ചകള്‍ പരിശോധിച്ച് പരിഹരിക്കണം. മിച്ചഭൂമി ഏറ്റെടുത്ത് പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാതെ ഭൂരഹിതര്‍ക്കു മുന്നില്‍ ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തരുത്.
ലാന്‍ഡ് ബോര്‍ഡുകളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ പരിഹരിക്കണം. ഭൂമി സംബന്ധമായ കേസുകളെക്കുറിച്ച് കൃത്യമായ ധാരണ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കുണ്ടാകണം. ഏറ്റെടുത്തതും പ്രഖ്യാപിച്ചതും ഏറ്റെടുക്കാന്‍ ബാക്കിയുള്ളതുമായ ഭൂമിയുടെ കണക്കുകള്‍ ലഭ്യമാണെങ്കിലും വിതരണം ചെയ്ത ഭൂമി സംബന്ധിച്ച് കണക്കുകളില്ല. സാങ്കേതികത്വത്തിന്റെ പേരില്‍ ഭൂമിയുടെ കൈവശ രേഖ കിട്ടാത്തവര്‍, ഉദ്യോഗസ്ഥരുടെ സമീപനങ്ങള്‍ മൂലമുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ ജില്ല കളക്ടര്‍മാര്‍ ഉറച്ച നിലപാട് സ്വീകരിക്കണം.
സാമൂഹ്യ ഉത്തരവാദിത്തം നിറവേറ്റി പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാകണം. റവന്യൂ വകുപ്പില്‍ വിവിധ തലങ്ങളിലുള്ളവര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം.
വിവിധ വിഷയങ്ങള്‍ക്ക് അതോടെ പരിഹാരമാകും. ഉദ്യോഗസ്ഥരുടെ സഹകരണത്തിലൂടെയല്ലാതെ മറ്റൊരു വഴിയിലൂടെയും സര്‍ക്കാരിന് മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ച വെക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

 

Latest