ഒരുക്കാം ജൈവ പച്ചക്കറി തോട്ടം: ജൈവ ഭവനം പദ്ധതിയുമായി സേവ് ഗ്രീന്‍

Posted on: October 15, 2016 10:57 am | Last updated: October 15, 2016 at 10:57 am
ഡി ടി പി സി ഗ്രീന്‍വ്യു കര്‍ഷക കൂട്ടായ്മയുടെ അഭിമുഖ്യത്തില്‍ ആരംഭിച്ച പച്ചക്കറി വിപണന മേളയില്‍ നിന്ന്
ഡി ടി പി സി ഗ്രീന്‍വ്യു കര്‍ഷക കൂട്ടായ്മയുടെ അഭിമുഖ്യത്തില്‍ ആരംഭിച്ച പച്ചക്കറി വിപണന മേളയില്‍ നിന്ന്

കോഴിക്കോട്: വിഷാംശം നിറഞ്ഞ പച്ചക്കറികളില്‍ നിന്നു മോചനം നല്‍കുകയെന്ന ലക്ഷ്യത്തോടെ സേവ് ഗ്രീന്‍ ‘ജൈവ ഭവനം’ ജൈവ പച്ചക്കറി പ്രദര്‍ശനത്തിന് തുടക്കം. എല്ലാ വിഭാഗക്കാര്‍ക്കും അടുക്കളത്തോട്ടം എന്ന പുതിയൊരു സംസ്‌കാരത്തിന് വഴി തെളിയിക്കുകയുമാണ് സേവ് ഗ്രീന്‍ ഭാരവാഹികളും പ്രവര്‍ത്തകരും ജൈവ പച്ചക്കറി പ്രദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്.
ഗ്രീന്‍വ്യു കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ 5 ലക്ഷം പച്ചക്കറി തൈകളാണ് പ്രദര്‍ശനത്തില്‍ ഒരുക്കിയിരിക്കുന്നത്. മാനാഞ്ചിറ ഡി ഡി ഓഫീസില്‍ ഇന്നലെയാണ് ജൈവ പച്ചക്കറി തൈ വിതരണവും പ്രദര്‍ശനവുമാരംഭിച്ചത്. വേരു പിടിപ്പിച്ച തൈകളാണ് ഇവിടെ വില്‍പനക്കായി ഒരുക്കിയിട്ടുളളത്. മുപ്പത് ദിവസം കൊണ്ട് കായകള്‍ ഉണ്ടാകുമെന്നതാണ് ഈ ജൈവ പച്ചക്കറി തൈകളുടെ പ്രത്യേകത. വീടുകളില്‍ നേരിട്ടെത്തി ചെടികളെ പരിപാലിക്കുന്നതിനായി പരിശീലനം ലഭിച്ച ഏഴംഗ വിദഗ്ധ സംഘത്തെയും സേവ് ഗ്രീന്‍ സജ്ജമാക്കിയിട്ടുണ്ട്. തൈകള്‍ക്ക് പുറമേ തൈകള്‍ക്ക് വെളളമെത്തിക്കുന്നതിനുളള തുളളിനന സംവിധാനവും, പച്ചക്കറി തൈകള്‍ക്ക് കീടബാധ വരും മുമ്പ് തന്നെ തളിക്കാന്‍ ജൈവ കീടനാശിനി, അതിനുളള ഉപകരണം എന്നിവയും ഇവിടെ ലഭ്യമാണ്. 5 രൂപ മുതല്‍ 800 രൂപ വരെ വിലയുളള തൈകളാണ് പ്രദര്‍ശനത്തിലുള്ളത്്. മരതൈകള്‍ക്കാണ് കൂടുതല്‍ വില.
മണ്ണും വളവും നിറച്ച 60 ഗ്രോ ബാഗുകളില്‍ വിവിധതരം പച്ചക്കറി തൈകള്‍ വെച്ചു പിടിപ്പിച്ച് വീട്ടുവളപ്പില്‍ അടുക്കളത്തോട്ടം നിര്‍മ്മിച്ച് നല്‍കാനും സേവ് ഗ്രീന്‍ ഒരുക്കമാണെന്ന്്് ഭാരവാഹികള്‍ പറഞ്ഞു. പച്ചക്കറിതൈകള്‍, ജൈവ വള മിശ്രിതങ്ങള്‍, തുളളിനന സംവിധാനങ്ങള്‍, ജൈവ കീടനാശിനി, അത് ഉപയോഗിക്കാനുളള ഉപകരണം എന്നിങ്ങനെ 14000 രൂപയുടേതാണ് ഈ പദ്ധതി. കറിവേപ്പില, ടിഷ്യു ഇഞ്ചി, റെഡ്‌ലോഡി പപ്പായ, വിവിധ ഇനം മുളകുകള്‍, വഴുതന, വെണ്ട, പയര്‍, തക്കാളി തുടങ്ങിയ പച്ചക്കറി തൈകളും നോനി,രുദ്രാക്ഷം,കുടംപുളി, കരിനെച്ചി, പുലാസാന്‍, മലയാനാപ്പിള്‍,ജംബോട്ടിക്കാബ,മിറാക്കിള്‍ ഫ്രൂട്ട്, സ്‌ടോബറി, തേന്‍വരിക്ക,പേരക്ക,സപ്പോട്ട, റംബൂട്ടാന്‍, മാംഗോസ്റ്റിന്‍, തായ്ചാമ്പ, മാവ്, കടപ്ലാവ് തുടങ്ങി ഇനം ഫലവൃക്ഷ തൈകളും ഇവിടെ ലഭ്യമാണ്. കാലാവസ്ഥക്കനുസരിച്ചുളള സീസണല്‍ ചെടികളാണിവയെല്ലാം. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.