കാലിടറിയത് കണ്ണൂരിന്റെ കാര്‍ക്കശ്യത്തിന്‌

Posted on: October 15, 2016 12:30 am | Last updated: October 14, 2016 at 11:51 pm

jayarajanതിരുവനന്തപുരം; ജയരാജനെന്നാല്‍ ഉശിരുള്ളൊരു പാര്‍ട്ടി പ്രവര്‍ത്തകനാണ്. മുന്നും പിന്നും നോക്കാതെ ചാടിയിറങ്ങുന്ന, സഹായം ചോദിക്കുന്ന ആര്‍ക്കും കൈനീട്ടി നല്‍കുന്ന ഇ പി ഒടുവില്‍ ബന്ധു നിയമനത്തില്‍ മന്ത്രിസഭയില്‍ നിന്ന് പുറത്ത്. ഒരര്‍ഥത്തില്‍ യു ഡി എഫ് സര്‍ക്കാറിലെ പി സി ജോര്‍ജായിരുന്നു എല്‍ ഡി എഫ് മന്ത്രിസഭയിലെ ഇ പി ജയരാജന്‍. അബദ്ധങ്ങളും വിവാദങ്ങളും പിന്തുടര്‍ന്നപ്പോഴും പാര്‍ട്ടി നിലപാടുകളിലെ കര്‍ക്കശ്യവും വിട്ടുവീഴ്ചയില്ലാത്ത മനോഭാവവും മികച്ച നേതൃപാടവവും കൊണ്ട് അദ്ദേഹം ശ്രദ്ധേയനായി.
ബന്ധുവിനെ പൊതുമേഖലാ സ്ഥാപനത്തില്‍ നിയമിച്ചതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തരുടെ ചോദ്യത്തിന് ‘എന്റെ ബന്ധുക്കള്‍ പല സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നുണ്ടാകാം’ എന്ന മറുപടി തന്നെ ജയരാജന്റെ ആരെയും കൂസാത്ത പ്രകൃതത്തിന് ഉദാഹരണം. ദേശാഭിമാനി ബോണ്ട് വിവാദം, ചാക്ക് രാധാകൃഷ്ണന്റെ പരസ്യ വിവാദം, കണ്ടല്‍പാര്‍ക്ക് വിവാദം, ലാന്‍ഡ് റോവര്‍ വിവാദം, വിവാദ പ്രസംഗങ്ങള്‍ ,അഞ്ജു ബോബി ജോര്‍ജ്ജ് വിവാദം, ബോക്‌സിംഗ് താരം മുഹമ്മദലി വിവാദം ഇങ്ങനെ മന്ത്രിസഭയില്‍ അംഗമായപ്പോഴും വിവാദങ്ങള്‍ ജയരാജനെ പിന്തുടര്‍ന്നു. പരിഹാസ ട്രോളുകളിലൂടെ സോഷ്യല്‍ മീഡിയയും ജയരാജനെ ഏറ്റെടുത്തു. വിവാദത്തില്‍പ്പെട്ടപ്പോഴെല്ലാം ജയരാജന് തണലായി നിന്ന പിണറായി വിജയനും കൈവിട്ടതോടെ ഒടുവില്‍ അദ്ദേഹത്തിന് മന്ത്രിപദവി ഒഴിയേണ്ടിവന്നു.
സംഘടനാ പ്രവര്‍ത്തനത്തിനിടെ പലവട്ടം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. 1995 ല്‍ പതിനഞ്ചാം പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് മടങ്ങവേ ആന്ധ്രയില്‍ വെച്ച് വാടക കൊലയാളികളുടെ വെടിയേറ്റ ജയരാജന്‍ കഴുത്തിനേറ്റ വെടിയുണ്ടകളുടെ അസ്വസ്ഥതകളോടെയാണ് കഴിയുന്നത്. സി പി എം കേന്ദ്ര കമ്മിറ്റി അംഗമായ അദ്ദേഹം ഡി വൈ എഫ് ഐയുടെ പ്രഥമ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു. കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റും ദേശാഭിമാനി ജനറല്‍ മാനേജരുമായിരുന്നു. ദീര്‍ഘകാലം സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായും തൃശൂര്‍ ജില്ലാസെക്രട്ടറിയുടെ ചുമതലയിലും പ്രവര്‍ത്തിച്ചു.
കല്യാശ്ശേരി കണ്ണപുരം എല്‍ പി സ്‌കൂള്‍, ചെറുകുന്ന് ഗവ. ഹൈസ്‌കൂള്‍, കമ്പില്‍ ഗവ. ഹൈസ്‌കൂള്‍, കണ്ണൂര്‍ എസ് എന്‍ കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. വിദ്യാര്‍ഥിയായിരിക്കെ തന്നെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചു. സ്വന്തം നാട്ടിലെ കൈത്തറി തൊഴിലാളികള്‍ക്കായി ഇരിണാവ് വീവേഴ്‌സ് സൊസൈറ്റി നെയ്ത്തുശാല തുടങ്ങുന്നതിന് നേതൃത്വം നല്‍കി. ഇതിനിടയില്‍ ചിറക്കല്‍ ബേങ്കില്‍ ജോലി കിട്ടിയെങ്കിലും മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തനത്തിന് വേണ്ടി ഉപേക്ഷിച്ചു.
1987 ല്‍ അഴീക്കോട് മണ്ഡലത്തില്‍ എം വി രാഘവനോട് മത്സരിച്ച് തോറ്റ ഇ പി ജയരാജന്‍ 1991 ല്‍ അഴീക്കോട് നിന്ന് തന്നെ ജയിച്ച് നിയമസഭയിലെത്തി. എക്‌സൈസ് മന്ത്രിയായിരുന്ന രഘുചന്ദ്രബാല്‍ നടത്തിയ അഴിമതി നിയമസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത് ഇ പിയായിരുന്നു. 2011 ല്‍ മട്ടന്നൂര്‍ മണ്ഡലം രൂപവത്കരിച്ച് ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ അങ്കത്തിനിറങ്ങിയ ഇ പി ജയരാജന്‍ വന്‍ ഭൂരിപക്ഷത്തിനാണ് വിജയിച്ച് കയറിയത്.
രാഷ്ട്രീയ ഗുരുനാഥന്‍ കൂടിയായിരുന്ന എം വി രാഘവനോട് 1987ല്‍ അഴീക്കോട് മണ്ഡലത്തില്‍ നേരിട്ട തോല്‍വിയാണ് ഇ പി യുടെ ഒരേയൊരു തോല്‍വി. തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ വിജയക്കൊടി നാട്ടി ഇ പി ആ തോല്‍വിക്ക് പകരംവീട്ടി. കണ്ണൂര്‍ ജില്ലയിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തോടെയാണ് ഇത്തവണ മട്ടന്നൂരില്‍ നിന്ന് ഇപി ജയിച്ചത്. സംസ്ഥാനത്ത് രണ്ടാമത്തെ ഉയര്‍ന്ന ഭൂരിപക്ഷവുമാണിത്. ഇ പി ജയരാജന്‍ 84,030 വോട്ടുകള്‍ നേടിയപ്പോള്‍ 40,649 വോട്ടാണ് കെ പി പ്രശാന്തിന് ലഭിച്ചത്.
എതിര്‍സ്ഥാനാര്‍ഥിയുടെ വോട്ടിനേക്കാള്‍ ഭൂരിപക്ഷം നേടിയാണ് ജയരാജന്‍ വിജയം കുറിച്ചത്. സംഘടനാപ്രവര്‍ത്തനത്തിനിടെ ക്രൂരമായ പോലീസ് മര്‍ദനത്തിരയായ ഇ പി പലവട്ടം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയില്‍ കുടിയാന്മല രക്തസാക്ഷി അനുസ്മരണത്തില്‍ പ്രസംഗിച്ചതിന്റെ പേരില്‍ ആറുമാസം തടവിന് ശിക്ഷിക്കപ്പെട്ടു. 1971 ല്‍ നടന്ന ട്രാന്‍പോര്‍ട്ട് തൊഴിലാളി സമരത്തിന് നേതൃത്വം നല്‍കിയതിന്റെ പേരിലും ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞു.
മികച്ച സംഘാടക നൈപുണിയാണ് ദേശാഭിമാനി പത്രത്തിന്റെ തലപ്പത്ത് ഇ പിയെത്തന്നെ നിയോഗിക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചത്. പരേതനായ ബി എം കൃഷ്ണന്‍ നമ്പ്യാരുടെയും ഇ പി പാര്‍വതിയമ്മയുടെയും അഞ്ച് ആണ്‍മക്കളില്‍ ഇളയവനാണ് ഇ പി. മൂന്ന് സഹോദരിമാരുമുണ്ട്.
ഒരു സഹോദരന്‍ ഇ പി ജനാര്‍ദനന്‍ മുന്‍ കല്യാശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. ജില്ലാ സഹകരണബേങ്ക് മരങ്ങാട്ടുപറമ്പ് ശാഖയില്‍ സീനിയര്‍ മാനേജരായ പി കെ ഇന്ദിരയാണ് ഭാര്യ. ജെയ്‌സന്‍, ജിജിന്‍ രാജ് എന്നിവര്‍ മക്കളാണ്.