Connect with us

Articles

ചരിത്ര ദൗത്യം കൈയേല്‍ക്കാന്‍ മുസ്‌ലിം ജമാഅത്ത്

Published

|

Last Updated

കേരളത്തിലെ മുസ്‌ലിം പരിസരത്തെ പ്രോജ്ജ്വലമാക്കിയ പ്രൗഢമായ പുരാവൃത്തമുള്ള “സമസ്ത” ഒരു നൂറ്റാണ്ടോടടുക്കുന്ന മുഹൂര്‍ത്തത്തിലാണ് ആ പണ്ഡിത സഭയുടെ ആദര്‍ശങ്ങള്‍ വിഭാവനം ചെയ്യുന്ന ബഹുജന സംഘടന കേരള മുസ്‌ലിം ജമാഅത്ത് നിലവില്‍ വരുന്നത്. മുസ്‌ലിംകളുടെ ആദര്‍ശ പ്രസ്ഥാനം എന്ന നിലയില്‍ ബൃഹത്തായ ലക്ഷ്യങ്ങളും ദൗത്യങ്ങളും മുന്നോട്ട് വെക്കുമ്പോള്‍ തന്നെ സമുദായത്തിന്റെയും സമൂഹത്തിന്റെയും ആവശ്യങ്ങളും അനിവാര്യതകളും തോളേറ്റാനും മുസ്‌ലിം ജമാഅത്ത് സ്വയം സന്നദ്ധമാകുകയാണ്. സേവന നവോത്ഥാന സംരംഭങ്ങള്‍ കൂടുതല്‍ ഏകോപിതവും സമഗ്രവുമായ മുന്നേറ്റങ്ങള്‍ ആവശ്യപ്പെടുന്ന സാഹചര്യമാണല്ലോ മുന്നിലുള്ളത്. ഈ ചരിത്ര സന്ദര്‍ഭത്തെ ഏറ്റെടുക്കാന്‍ വലിയ സംരംഭങ്ങളുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന കേരള മുസ്‌ലിം ജമാഅത്ത്.
“നിങ്ങള്‍ ഉത്തമസമുദായമാണ്” എന്ന ആശയത്തില്‍ തുടങ്ങുന്ന ഖുര്‍ആന്‍ വാക്യം മൂന്ന് കാര്യങ്ങള്‍ ഉദ്‌ബോധിപ്പിക്കുന്നുണ്ട്. നന്മ കല്‍പ്പിക്കുക, തിന്മ വിരോധിക്കുക, വിശ്വാസത്തില്‍ അടിയുറച്ച് നില്‍ക്കുക. ഈ തത്വത്തില്‍ ഊന്നി നിന്നുകൊണ്ട് മുസ്‌ലിം സമുദായം ശക്തിയാര്‍ജിക്കണം. അത് വിശ്വാസാടിസ്ഥാനത്തിലേ സാധ്യമാകുകയുള്ളൂ എന്ന് സംഘടന മനസ്സിലാക്കുന്നു. സമൂഹത്തിന്റെ പൊതുവളര്‍ച്ചക്ക് ഉപയുക്തമായതും സമുദായത്തിന്റെ പുരോഗതിയെ ലാക്കാക്കിയുള്ളതുമായ പ്രവര്‍ത്തനങ്ങളും വേണം. ഇസ്‌ലാമിക പ്രബോധനം, പ്രചാരണം, ധാര്‍മിക ഉന്നതി- ഈ ലക്ഷ്യത്തിലായി സമുദായ ശാക്തീകരണം അനിവാര്യമാണ്. എല്ലാ സമുദായത്തിനും ഓരോ വഴികളുണ്ട് എന്നും മുസ്‌ലിം സമുദായത്തിനും നിശ്ചിത മാര്‍ഗമുണ്ടെന്നും ഖുര്‍ആന്‍ ഉദ്‌ബോധിപ്പിച്ചല്ലോ. അത് മുഹമ്മദ് നബി(സ) കാണിച്ചു തന്ന വഴിയാണ്. ഇതിലൂടെ വെല്ലുവിളികളെ അതിജീവിക്കാന്‍ കഴിയണം.
വര്‍ഗീയത, തീവ്രവാദം, അക്രമം, അധാര്‍മികത തുടങ്ങി രാജ്യം നേരിടുന്ന വെല്ലുവിളികള്‍ ഒരുപാടുണ്ട്. രാഷ്ട്രീയ വെല്ലുവിളികള്‍ സമുദായത്തിനു നേരെ പല്ലിളിച്ചുകൊണ്ടിരിക്കുന്നു. ഫാസിസം ഉദിച്ചുനില്‍ക്കുന്ന സന്ദര്‍ഭമാണിത്. ഗോവാദികള്‍ അപരന്റെ അടുപ്പിലും തീന്മേശയിലും പരതി നോക്കുന്നു. ഏക സിവില്‍ കോഡ് എന്നത് തലക്ക് മീതെ തൂങ്ങിക്കിടക്കുന്നു. സാംസ്‌കാരിക ദേശീയത ഹിംസാത്മക സ്വത്വം കൂടുതല്‍ രൗദ്രമാക്കിയിരിക്കുന്നു. ഇതിനെ ആശയപരമായി അതിജയിക്കാന്‍ കഴിയണം. സൗഹൃദത്തിന്റെയും സമാധാനത്തിന്റെയും വഴികള്‍ തന്നെ ഈ നാട്ടില്‍ നിലവില്‍ വരണം.
മതം പരിഷ്‌കരിക്കാനിറങ്ങിയവര്‍ സമുദായത്തിന് വരുത്തിവെച്ച വിനകളും അപകീര്‍ത്തിയും ഇന്ന് കേരളീയ പൊതു സമൂഹത്തിന്റെ മുന്നിലുണ്ട്. ഭീകരവാദ ബന്ധത്തില്‍ പിടിയിലായവരും പോരാടാനായി നാടുവിട്ടവരുമെല്ലാം പാരമ്പര്യ ഇസ്‌ലാമിനെ തള്ളിപ്പറഞ്ഞവരാണ്. അവര്‍ക്ക് ഈ നീക്കങ്ങള്‍ക്ക് പ്രചോദനമായ ആശയത്തെ തുറന്നുകാട്ടേണ്ടത് അനിവാര്യമായിരിക്കുന്നു. സമുദായത്തിന്റെ അടിയന്തിര കര്‍ത്തവ്യം അത്തരം തീവ്രവാദ ചേരുവകള്‍ വഹിക്കുന്ന പിഴച്ച വഴികളിലേക്ക് മുസ്‌ലിം സമുദായത്തില്‍ നിന്ന് ആളുകള്‍ എത്തിച്ചേരാതിരിക്കാന്‍ ബോധവത്കരണം നടത്തുക എന്നതാണ്. മുജാഹിദ്/ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ വഴി പിഴച്ച ആശയങ്ങള്‍ എവിടേക്കാണ് ആളുകളെ വഴി നടത്തുന്നതെന്ന് സമീപകാല സന്ദര്‍ഭങ്ങള്‍ വാചാലമാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇസ്‌ലാമിന്റെ പാരമ്പര്യവും അന്തസത്തയും ഉയര്‍ത്തിപ്പിടിച്ചുള്ള പ്രവര്‍ത്തനം വേണം. അങ്ങനെ മുസ്‌ലിം അസ്തിത്വം സംരക്ഷിക്കപ്പെടണം. തീര്‍ത്തും ഇസ്‌ലാമിക ആദര്‍ശത്തിലും സംസ്‌കാരത്തിലും അടിയുറച്ചുനിന്നുകൊണ്ടായിരിക്കണം ആ സംരക്ഷണം. അതാണ് മുസ്‌ലിം ജമാഅത്ത് വിഭാവനം ചെയ്യുന്ന ആദര്‍ശ പരിസരം.
2015 ഒക്‌ടോബര്‍ 10ന് നിലവില്‍ വന്ന മുസ്‌ലിം ജമാഅത്ത് കേരളത്തിലെ മുസ്‌ലിംകളുടെ മതപരവും സാംസ്‌കാരികവും സാമൂഹികവുമായ എല്ലാ തലങ്ങളെയും ഉള്‍ക്കൊള്ളുന്ന പ്രഥമ നയരേഖയും കര്‍മ പദ്ധതികളുമായി പ്രവര്‍ത്തന സജ്ജമായിരിക്കുന്നു “വിഷന്‍ 2020” എസ് എസ് എഫ്, എസ് വൈ എസ്, എസ് ജെ എം, എസ് എം എ, എസ് വി ബി തുടങ്ങി സംഘടനാ കുടുംബത്തിലെ എല്ലാ ഘടകങ്ങളെയും ശാക്തീകരിക്കുക എന്ന ദൗത്യം കൂടി ഇതിനനുബന്ധമായി നടക്കും.
അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅയുടെ ആദര്‍ശവഴിയില്‍ സമുദായത്തിന് ദിശാബോധം നല്‍കുക എന്നത് പ്രധാനമാണ്. ദീനിനെ മാനദണ്ഡമാക്കി സംഘടിത ശക്തി വിപുലപ്പെടുത്തണം. അതിന് എല്ലാ മേഖലകളിലും പ്രാസ്ഥാനിക ശാക്തീകരണം യാഥാര്‍ഥ്യമാക്കുന്നതിന് സാഹചര്യങ്ങള്‍ സൃഷ്ടിക്കും. സമുദായത്തിന്റെ സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റങ്ങള്‍ക്ക് പദ്ധതികള്‍ വരും. ഉന്നത വിദ്യാഭ്യാസ പ്രൊഫഷനല്‍ സ്ഥാപനങ്ങള്‍ ആരംഭിക്കും. ജാമിഅത്തുല്‍ ഹിന്ദിന്റെ പ്രവര്‍ത്തനം കൂടുതല്‍ സമഗ്രവും വിപുലവുമാക്കും. വിമന്‍സ് ഹോസ്റ്റലുകള്‍, സ്റ്റുഡന്‍സ് ഹോസ്റ്റലുകള്‍ എന്നിവ സ്ഥാപിക്കും. സാംസ്‌കാരിക രംഗത്തെ വെല്ലുവിളികളെ സാഹചര്യമനുസരിച്ച് പ്രതിരോധിക്കാന്‍ മുന്നിട്ടിറങ്ങും. രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങളില്‍ ഇടപെടുകയും ആവശ്യമായ നയനിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യും.
ഒരു മുസ്‌ലിം ബഹുജന സംഘടന എന്ന നിലയില്‍ മതപ്രബോധനം കൂടുതല്‍ ശാസ്ത്രീയവും സമഗ്രവുമാക്കേണ്ട ആവശ്യം നിലവിലുണ്ട്. ഇതിന് വിദ്യാര്‍ഥികള്‍ക്കും വനിതകള്‍ക്കും പ്രയോജനപ്രദമായ രീതിയില്‍ പ്രത്യേക ദഅ്‌വ സംരംഭങ്ങള്‍ സംവിധാനിക്കും. ഇതേപോലെ, ഡ്രൈവര്‍മാര്‍, വ്യാപാരികള്‍, വ്യവസായികള്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയ സാമൂഹിക വിഭാഗങ്ങളെ മുന്നില്‍കണ്ടും പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തും. സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍, പ്രഭാത ദര്‍സുകള്‍, തര്‍ബിയത്ത് സദസ്സുകള്‍ എന്നിവ നടന്നുവരുന്നുണ്ട്. എല്ലാ മഹല്ലുകളിലും മാസത്തിലൊരിക്കല്‍ ആത്മീയ സദസ്സ് മഹഌറത്തുല്‍ ബദ്‌രിയ്യ ആരംഭിച്ചുകഴിഞ്ഞു. പ്രസാധന രംഗം സമ്പന്നമാക്കാനും പ്രസിദ്ധീകരണങ്ങള്‍ കൂടുതല്‍ സമഗ്രമാക്കാനും ആലോചനയുണ്ട്.
മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ചികിത്സ തുടങ്ങിയവ നല്‍കാന്‍ ഫലപ്രദമായ പദ്ധതികള്‍ നടപ്പാക്കും. നിലവിലുള്ള സാന്ത്വനം പദ്ധതി ബൃഹത്തായ സംവിധാനങ്ങളോടെ കൂടുതല്‍ സമഗ്രമാക്കും. ദാറുല്‍ ഖൈര്‍ ഭവനപദ്ധതി, ആംബുലന്‍സ് സര്‍വീസ്, സാന്ത്വന കേന്ദ്രങ്ങള്‍, വളണ്ടിയര്‍ കോര്‍, സ്‌കോളര്‍ഷിപ്പുകള്‍, പഠനോപകരണ വിതരണം, മുഅല്ലിം ക്ഷേമനിധി, ഖതീബ് മുദര്‍റിസ് ക്ഷേമനിധി/ പെന്‍ഷന്‍, പലിശരഹിത ബേങ്ക് തുടങ്ങിയവ സംരംഭങ്ങളാണ്. തിരുവനന്തപുരം ആര്‍ സി സിയില്‍ ഒരേ സമയം അഞ്ഞൂറ് രോഗികള്‍ക്ക് താമസത്തിനും പരിചരണത്തിനും സംവിധാനം ഒരുങ്ങുകയാണ്. ഈ സേവന സംരംഭങ്ങള്‍ക്ക് കോടിക്കണക്കിന് രൂപയാണ് ചെലവ് വരുന്നത്. പ്രവാസികള്‍ക്കിടയില്‍ ഏറ്റവും ജനകീയ പ്രസ്ഥാനമായി പ്രവാസി ഘടകത്തെ മാറ്റാനാണ് ആലോചന. അവരുടെ ധാര്‍മിക ഉന്നമനത്തിനും ജീവിത ക്ഷേമത്തിനും പദ്ധതി നടപ്പിലാക്കും.
കേരളത്തില്‍ മുസ്‌ലിം സാമൂഹിക ജീവിതത്തില്‍ മഹല്ലുകളുടെ സാന്നിധ്യവും അത് നിര്‍വഹിക്കുന്ന ദൗത്യവും അവിതര്‍ക്കിതമാണല്ലോ. സമഗ്ര മഹല്ല് എന്ന ലക്ഷ്യത്തില്‍ മഹല്ലുകളെ സ്വയംപര്യാപ്തമാക്കാനും അംഗങ്ങള്‍ക്ക് താങ്ങാകാനും മുസ്‌ലിം ജമാഅത്ത് മുന്നിലുണ്ടാകും. മഹല്ല് കമ്മിറ്റി ആര് ഭരിക്കുന്നു എന്നതല്ല കാര്യം. എന്തൊക്കെ പ്രവര്‍ത്തിക്കുന്നു, എങ്ങനെയൊക്കെ മുന്നോട്ട് പോകുന്നു എന്നതാണ് പ്രധാനം. മഹല്ലുകളിലെ സമുദായത്തിന്റെ സാമൂഹിക സാംസ്‌കാരിക സ്ഥിതി ആരായേണ്ടതുണ്ട്. സമുദായം ഇത്രമേല്‍ വളര്‍ന്നിട്ടും ഇസ്‌ലാമിനെക്കുറിച്ച് ബാലപാഠം പോലുമറിയാത്തവര്‍ പല മഹല്ലുകളിലുമുണ്ട്. കുറ്റകൃത്യങ്ങളില്‍ മുഴുകിയവര്‍, തിന്മകളിലും അനാചരങ്ങളിലും അകപ്പെട്ടവര്‍ അങ്ങനെ പോകുന്നു കാര്യങ്ങള്‍. കുടുംബ ബന്ധങ്ങളില്‍ തീരാ പ്രശ്‌നങ്ങള്‍ ഒരു വലിയ ദുരന്തമാണ്. വിവാഹം, വിവാഹ മോചനം, സ്ത്രീ പീഡനം, പുരുഷ പീഡനം, കാണാതാകുന്ന പെണ്‍കുട്ടികളുടെ പ്രശ്‌നം തുടങ്ങിയവ ഉയര്‍ന്നുവരുന്നു. കോടതി വരാന്തകളിലും പോലീസ് സ്റ്റേഷന്‍ ഉമ്മറത്തും കൈക്കുഞ്ഞുങ്ങളെയും തോളിലേറ്റിയുള്ള നില്‍പ്പ് ഹൃദയഭേദകമാണ്. ഇത് സമുദായത്തിന്റെ കണ്ണ് തുറപ്പിക്കേണ്ടതാണ്. മഹല്ല് ജമാഅത്തുകള്‍ കേന്ദ്രീകരിച്ച് തന്നെ പ്രാഥമികമായി ഇവര്‍ക്ക് പരിഹാരം കാണാന്‍ കഴിയും. ഒന്നും രണ്ടും ഘട്ടങ്ങളില്‍ അനുരഞ്ജന ശ്രമങ്ങള്‍ നടത്താനെങ്കിലും മഹല്ല് സംവിധാനം തയ്യാറാകണം. ഇതിന് വേണ്ടി സമുദായത്തിലെ ഉന്നതരും മഹല്ല് ഭരണാധികാരികളും പണ്ഡിതരും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കണം.
രാഷ്ട്രീയം എന്ന വാക്കിന് തന്നെ അര്‍ഥലോപം വരുന്ന തരത്തിലാണ് ഇന്ന് രാജ്യത്ത് നടമാടുന്ന സംഗതികള്‍. ആകെ കലുഷിതമായിരിക്കുന്നു. രാഷ്ട്രീയത്തിന്റെ പേരില്‍ അക്രമങ്ങളും കൊലകളും അനുദിനം വര്‍ധിച്ചുവരുന്നു. രാഷ്ട്രീയ ലാഭത്തിനായി വര്‍ഗീയ കലാപങ്ങള്‍ ആസൂത്രണം ചെയ്യുന്നു. ബഹുസ്വരമായ നമ്മുടെ രാജ്യത്ത് മതനിരപേക്ഷത ആശങ്കാജനകമായ അവസ്ഥയിലാണ്. വര്‍ഗീയ ഫാസിസ്റ്റുകള്‍ ഒരു ഭാഗത്ത് പിടിമുറുക്കുമ്പോള്‍ തീവ്രവാദികളും ഭീകരവാദികളും രാജ്യത്ത് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നു. ഇതിനെ ഗൗരവത്തോടെ സമീപിക്കാന്‍ മുസ്‌ലിം പൗരന്മാര്‍ക്ക് ബാധ്യതയുണ്ട്. ഏകസിവില്‍ കോഡിലൂടെയും മുത്തലാഖിനെതിരായ നിലപാടിലൂടെയും ശരീഅത്തിനെതിരെ പോലൂം ഗൂഢ നീക്കങ്ങള്‍ നടക്കുന്നു. പാര്‍ലിമെന്റിനെയും ജുഡീഷ്യറിയെയും ഈ വഴിയിലേക്ക് നയിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ 70 ആണ്ട് പിന്നിടുമ്പോള്‍ ഇന്ത്യയിലെ ജനകോടികള്‍ക്ക് നിലവിലെ സിവില്‍ നിയമം കൊണ്ട് എന്ത് നഷ്ടമാണ് ഉണ്ടായത് എന്ന് ചര്‍ച്ച ചെയ്യണം. ഇത്തരം വെല്ലുവിളികള്‍ക്കിടയിലും ജനിച്ച നാടിന്റെ അഖണ്ഡതക്കും വളര്‍ച്ചക്കും വേണ്ടി ഓരോ മുസ്‌ലിമിനും മുന്നോട്ട് നീങ്ങാന്‍ കഴിയണം. അതാണ് ഇസ്‌ലാമിന്റെ പാഠം. ഈ രാഷ്ട്രീയ കാഴ്ചപ്പാടാണ് മുസ്‌ലിം ജമാഅത്ത് മുന്നോട്ട് വെക്കുന്നത്. മുസ്‌ലിം ജമാഅത്ത് ഒരു രാഷ്ട്രീയ കക്ഷിയല്ല എന്നത് ശരിയാണ്. എന്നാല്‍, രാഷ്ട്രീയത്തെ ജാഗ്രതയോടെ സമീപിക്കുന്ന ഒരു സംഘടനയായി അത് തുടരും. സമുദായത്തന്റെ നന്മക്കു രാഷ്ട്രീയത്തെ എങ്ങനെ ഉപയുക്തമാക്കാമെന്ന് സംഘടന ആലോചിക്കും.
വിശ്വാസ വ്യതിയാനം സംഭവിക്കാത്ത എല്ലാവര്‍ക്കുമിടയിലും ദീനീ കൂട്ടായ്മയും ഐക്യവും വേണം. സാമൂഹികമോ രാഷ്ട്രീയമോ ആയ ഏതെങ്കിലും തരത്തിലുള്ള ഭിന്നതകള്‍ ദീനീ കൂട്ടായ്മയില്‍ കടന്നുവരാതെ മുന്നോട്ട് പോകാന്‍ കഴിയണം. സംഘടനാപരമായ സ്വാതന്ത്ര്യം രാജ്യത്ത് എല്ലാവര്‍ക്കുമുണ്ട്. അത് സംഘടനയില്‍ പരിമിതപ്പെടുത്തി ഭിന്നതകള്‍ പരിഹരിച്ച് ദീനീ കൂട്ടായ്മയും സമുദായ അസ്തിത്വവും ശക്തിപ്പെടുത്തണം. ആദര്‍ശത്തില്‍ വിട്ടുവീഴ്ചയില്ലാതെ പരസ്പരം സ്‌നേഹവും സഹകരണവും സമന്വയവും സംഘടനാ ശൈലിയായി മുസ്‌ലിം ജമാഅത്ത് സ്വീകരിക്കുന്നു. സമൂഹത്തിന് പൊതുവിലും സമുദായത്തിന് വിശേഷമായും വലിയൊരു തുറസ്സ് നല്‍കുന്നതായിരിക്കും സംഘടനയുടെ ചുവടുകള്‍. നന്മയും സേവനവും ലക്ഷ്യം വെച്ചുള്ള ഈ സംരംഭങ്ങള്‍ക്ക് കോടികളുടെ ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിന് സര്‍വവിധ പിന്തുണയും പ്രതീക്ഷിക്കുകയാണ്. സമൂഹം ഈ സംരംഭത്തെ നെഞ്ചേറ്റുമെന്ന് തന്നെയാണ് പ്രസ്ഥാനം പ്രത്യാശിക്കുന്നത്.

Latest