സ്വജനപക്ഷവാതം

Posted on: October 14, 2016 4:54 am | Last updated: October 13, 2016 at 11:56 pm

ep jayarajanമിന്നല്‍ പണിമുടക്ക്. ബസുകാരാണ് ആദ്യം തുടങ്ങിയത്. നമ്മള്‍ ബസിന് കാത്ത് കാത്ത് വടിയാകുമ്പോഴാണ് മനസ്സിലാകുക, മിന്നല്‍ പണിമുടക്കാണ്. ബസ് ജീവനക്കാരനെ ആരോ മര്‍ദിച്ചതാണ് കാരണം. ആയതിനാല്‍ ഈ റൂട്ടില്‍ ബസുകളോടുന്നില്ല. മിന്നലായി വരുന്നു പണിമുടക്ക്. യാത്ര നിര്‍ത്തി നാം വീട്ടിലേക്ക് മടങ്ങുന്നു. ദൂരസ്ഥലങ്ങളില്‍ കുടുങ്ങിപ്പോയവര്‍ എന്ത് ചെയ്യണമെന്നറിയാതെ… ചില പ്പോള്‍ ഓട്ടോക്കാരും ഇറങ്ങും മിന്നലുമായി. യാത്രക്കാര്‍ വലഞ്ഞത് തന്നെ.
മിന്നലാക്രമണമാണ്. അതിര്‍ത്തിയിലാണ് തുടങ്ങിയത്. ശത്രുവിന് തിരിച്ചടിക്കാന്‍ കഴിയും മുമ്പ് സംഗതി കഴിഞ്ഞിരിക്കും. വേണമെങ്കില്‍ പുതിയൊരു പേര് നല്‍കാം. നല്ലൊരു കിടിലന്‍ പേര്.
ഹര്‍ത്താലുമുണ്ട് മിന്നലായി. വാര്‍ഡ് മുതല്‍ സംസ്ഥാനം വരെ നീണ്ടുകിടക്കുന്നു അവ. രാവിലെ എഴുന്നേല്‍ക്കുമ്പോഴാണ് മനസ്സിലാകുക, ഇന്ന് നമ്മുടെ വാര്‍ഡില്‍ ഹര്‍ത്താലാണെന്ന്. രാത്രി നമ്മള്‍ ഉറങ്ങുമ്പോള്‍ ആരൊക്കെയോ ഉറങ്ങാതിരുന്ന് തീരുമാനിച്ചതാണ്. ഓഫിസിന് നേരെ കല്ലേറോ, കൊടിമരം നശിപ്പിച്ചതോ ആകാം കാരണം. വലിയ കുഴപ്പമില്ല, സാധനങ്ങള്‍ അടുത്ത വാര്‍ഡിലെ കടയില്‍ പോയി വാങ്ങാം. താലൂക്ക് ഹര്‍ത്താലും ഒപ്പിക്കാം, കുറച്ച് ദൂരം യാത്ര ചെയ്താല്‍ കാര്യം നടക്കുമല്ലോ.
സംസ്ഥാനതലത്തില്‍ മിന്നല്‍ ഹര്‍ത്താല്‍ വന്നാലാണ് പുകില്. വൈകുന്നേരം കടകളില്‍ വന്‍തിരക്ക്. എന്തോ ഓഫര്‍ ഉണ്ടെന്ന് വിചാരിക്കും ആളുകളുടെ തിരക്ക് കണ്ടാല്‍. ചിക്കന്‍ സ്റ്റാളിലാണ് തിരക്ക് കൂടുതല്‍. മിന്നലാണ്. എന്തെങ്കിലും വാങ്ങിയില്ലെങ്കില്‍ മോശമല്ലേ. നാളെ അവധിയാണ്. ആഘോഷിക്കാമല്ലോ എന്ന്. ആയതിനാല്‍ രണ്ട് കിലോ കോഴിയും മരച്ചീനിയും വാങ്ങണം. കുപ്പി കൂടി കിട്ടിയാല്‍ കുശാലായി. ഒന്നും വാങ്ങാതെ ചെന്നാല്‍ ഭാര്യ ചോദിക്കും, നിങ്ങള് എന്ത് മനുഷ്യനാ, നാളെ ഹര്‍ത്താലല്ലേ…? എന്തെങ്കിലും രണ്ട് സാധനം വാങ്ങി കൈയില്‍പിടിക്കേണ്ടേ, മനുഷ്യാ എന്ന്. എന്തോ വലിയ കുറ്റം ചെയ്ത മാതിരിയാകും കാര്യങ്ങള്‍.
ഒന്നുരണ്ട് ആഴ്ച സാധാരണ മട്ടില്‍ ഇങ്ങനെ പോകുമ്പോള്‍ വിചാരിക്കും, ഹര്‍ത്താല്‍ വന്നെങ്കിലെന്ന്. അവധി കിട്ടിയെങ്കിലെന്ന്. ബോറടി മാറ്റാനാണ്.
അപ്പോഴതാ, ഹര്‍ത്താല്‍. സംശയം തീര്‍ക്കാന്‍ നലാളോട് വിളിച്ചു ചോദിക്കും, നാളെ ഹര്‍ത്താലാണോ, ഉറപ്പാണല്ലോ എന്നൊക്കെ. എന്നിട്ടും വിശ്വാസം വന്നില്ലെങ്കില്‍ ടി വി കണ്ട് ബോധ്യപ്പെടും. മിന്നല്‍ ഹര്‍ത്താല്‍ വാട്‌സ് ആപ്പിലിട്ട് ഇറങ്ങുകയായി. മിന്നലോട്ടം ടൗണിലേക്ക്. അറിഞ്ഞില്ലേ, നാളെ ഹര്‍ത്തലാണ്. കണ്ടവരോടെല്ലാം പറയും. ഇതാണല്ലോ നമ്മുടെ വ്യവസായം.
അങ്ങനെ പലതരം വ്യവസായങ്ങളുമായി കഷ്ടിച്ച് കഴിഞ്ഞുകൂടുമ്പോഴാണ് ബന്ധുവിവാദം. ഏതോ ജന്തു ചോര്‍ത്തിക്കൊടുത്തതാകും. മിന്നലാക്രമണം എന്ന് പറയാം. കണ്ണായ സ്ഥാനങ്ങളിലൊക്കെ ബന്ധുക്കളെയാണ് നിയമിച്ചതെന്ന്. കണ്ണുകടി കൊണ്ട് പറയുകയാകും. കുറെ നാളായി പത്രത്തില്‍ നിറഞ്ഞ് നില്‍ക്കുകയല്ലേ. പണ്ട് മൂന്ന് കോടി വാങ്ങിയെന്ന പരാതി വന്നപ്പോള്‍ വലുതായി തടിക്ക് കൊണ്ടില്ല. ചെറിയോന്റെ ജാഗ്രതക്കുറവാണെന്ന് പറഞ്ഞ് തടിയൂരിയതാ. അതുപോലെയല്ല ഇത്. മിന്നലായാണ് വന്നത്.
നാട്ടുകാര്‍ കാണുമ്പോള്‍ ചിരിക്കുകയാ. ഒരു തരം ആക്കല്‍. നല്ല വ്യവസായവത്കരണം തന്നെ എന്ന മട്ട്. സ്വജനപക്ഷപാതമാണ് രോഗം. സ്വജനപക്ഷവാതമെന്നും പറയാം. നല്ല ചികിത്സ വേണ്ടി വരും. ഉഴിച്ചിലും പിഴച്ചിലും വേണ്ടിവരും. ഫെയ്‌സ് ബുക്കില്‍ പോസ്റ്റിടാനൊന്നും പോകേണ്ട. ശ്രീമതിക്ക് കിട്ടിയത് പോരേ? മുഖ്യ മിന്നലാക്രമണം തന്നെ. ഫെയ്‌സടക്കിയല്ലേ കിട്ടിയത്. കേന്ദ്രത്തിലുള്ളവരും തുറിച്ച് നോക്കുന്നുണ്ട്.
കണ്ണൂരിലാണെങ്കില്‍ ശരിക്കും മിന്നലാക്രമണം തന്നെ. അതിര്‍ത്തിയിലൊന്നും പോകേണ്ട. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ സാധാരണക്കാരനാണെങ്കില്‍ ജീവനോടെ തിരിച്ചെത്തുമെന്ന് പ്രതീക്ഷ വേണ്ട. പട്ടാപ്പകലാണ് വെട്ടിനിരത്തല്‍. കാരുണ്യമില്ലാതെ. കണ്ണേ മടങ്ങുക.