ബിജെപി ഹര്‍ത്താല്‍ പൂര്‍ണം; വ്യാപക അക്രമം

Posted on: October 13, 2016 6:17 pm | Last updated: October 14, 2016 at 10:01 am

harthal

തിരുവനന്തപുരം: കണ്ണൂരില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ബി ജെ പി ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താലില്‍ പരക്കെ അക്രമം. ഒറ്റപ്പാലത്ത് അഞ്ച് പേര്‍ക്ക് വെട്ടേറ്റു. ബി ജെ പി പ്രവര്‍ത്തകരുമായുണ്ടായ സംഘര്‍ഷത്തിനിടെ ഡി വൈ എഫ് ഐ പ്രവര്‍ത്തകരായ കണ്ണിയംപുറം സ്വദേശികളായ കിരണ്‍, സുജിത്, ശിവരാജ്, കാര്‍ത്തികേയന്‍, വിഷ്ണുരാജ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരത്തും തൃശൂരും കോഴിക്കോടും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അക്രമമുണ്ടായി. ഒറ്റപ്പാലത്ത് മാധ്യമപ്രവര്‍ത്തകനായ കൃഷ്ണദാസിന് ഹര്‍ത്താല്‍ അനുകൂലികളുടെ മര്‍ദനത്തില്‍ കേള്‍വിശക്തി നഷ്ടപ്പെട്ടു. മലപ്പുറത്ത് വാഹനങ്ങള്‍ക്ക് നേരെയും കോട്ടയം പാലായില്‍ പോലീസിന് നേരെയും ഹര്‍ത്താലനുകൂലികള്‍ കല്ലെറിഞ്ഞു. പാലായില്‍ പോലീസ് ലാത്തി വീശി. പലയിടത്തും ആശുപത്രികളിലേക്കും വിമാനത്താവളങ്ങളിലേക്കും പോയ വാഹനങ്ങള്‍ പോലും ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് തലശ്ശേരിയിലേക്ക് പോകുകയായിരുന്ന കാറിന്‌നേരെ കൊണ്ടോട്ടി ഐക്കരപ്പടിയില്‍ കല്ലേറുണ്ടായി. കോഴിക്കോട് പൂവാട്ടുപറമ്പ് മുണ്ടക്കലില്‍ കച്ചവട സ്ഥാപനം തീയിട്ടു. പാലക്കാട് കുഴല്‍മന്ദത്ത് ടൂറിസ്റ്റ് ബസിന് നേരെ കല്ലെറിഞ്ഞു. ആലത്തൂര്‍ പാടൂരില്‍ കോഴിക്കടക്ക് നേരെ ആക്രമണമുണ്ടായി. തൃശൂര്‍ ചെട്ടിയങ്ങാടിയില്‍ അഴീക്കോടന്‍ രാഘവന്റെ സ്തൂപവും തലശ്ശേരിയില്‍ ബലറാം സ്മാരക സ്തൂപവും നശിപ്പിച്ചു. കൊല്ലം കരുനാഗപ്പള്ളിയില്‍ കാറും കൊട്ടാരക്കരയില്‍ കെ എസ് ആര്‍ ടി സി ബസും തകര്‍ത്തു. കോഴിക്കോട് കുന്ദമംഗലത്ത് വിവാഹസംഘം സഞ്ചരിച്ച വാഹനം അടിച്ചുതകര്‍ത്തു. കൊച്ചിയിലും കൊല്ലത്തും നിരത്തിലിറങ്ങിയ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. പോത്തുകളെ കയറ്റിവന്ന മിനിലോറി വണ്ടൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. ലോറിയുടെ ടയറുകളിലെ കാറ്റൂരിവിട്ടു. ബി ജെ പി പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെയാണ് തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കൈയേറ്റമുണ്ടായത്. ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖകന്‍ കമല്‍നാഥ്, മാതൃഭൂമി ലേഖകന്‍ എസ് ആര്‍ ജിതിന്‍ എന്നിവക്ക് മര്‍ദനമേറ്റു. യു എന്‍ ഐയുടെയും കേരള കൗമുദിയുടെയും ക്യാമറകള്‍ തകര്‍ത്തു. തൃശൂരിലെ സംഘര്‍ഷത്തിനിടെ ഏഷ്യാനെറ്റിന്റെയും ജീവന്‍ ടി വിയുടെയും ക്യാമറാമാന്‍മാര്‍ക്ക് പരുക്കേറ്റു.
സര്‍വീസ് നടത്താന്‍ തയ്യാറായെത്തിയ കെ എസ് ആര്‍ ടി സി ജീവനക്കാരെ ഹര്‍ത്താലനുകൂലികള്‍ തടഞ്ഞു. നിരത്തിലിറങ്ങിയ സ്വകാര്യ വാഹനങ്ങള്‍ വരെ തടഞ്ഞും മെഡിക്കല്‍ സ്റ്റോറുകള്‍ അടക്കം അടപ്പിച്ചും ഹര്‍ത്താല്‍ പൂര്‍ണമാക്കാന്‍ ബി ജെ പിക്കാര്‍ ശ്രമിച്ചപ്പോള്‍, കൊലപാതകം നടന്ന പിണറായിയില്‍ കടകള്‍ തുറന്നുപ്രവര്‍ത്തിച്ചു.