Connect with us

Gulf

ആപ്പ് വഴിയുള്ള ഫോണ്‍വിളികള്‍ വരുമാന നഷ്ടമുണ്ടാക്കുന്നെന്ന്‌

Published

|

Last Updated

ദോഹ: ടെലികോം കമ്പനികളുടെ ഫോണ്‍വിളി വരുമാനത്തില്‍ ഇന്റര്‍നെറ്റ് ബേസ്ഡ് ഓവര്‍ ദ ടോപ് (ഒ ടി ടി) സംവിധാനം വലിയ ഇടിവ് വരുത്തുന്നതായി വോഡഫോണ്‍ ഖത്വര്‍ ചീഫ് ടെക്‌നോളജി സെക്യൂരിറ്റി ഓഫീസര്‍ ശൈഖ് അബ്ദുല്‍ ഖാദര്‍ അഭിപ്രായപ്പെട്ടു. വാട്ട്‌സ്ആപ്പ്, വൈബര്‍, സ്‌കൈപ് തുടങ്ങിയ സോഷ്യല്‍ മീഡിയ ആപ്പ് വഴിയുള്ള ഫോണ്‍വിളികള്‍ വര്‍ഷാവര്‍ഷമുള്ള ഫോണ്‍ വിളി, എസ് എം എസ് വരുമാനത്തില്‍ വലിയ ഇടിവാണ് വരുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മൂന്നാം കക്ഷി ഒ ടി ടി സര്‍വീസുകളെ കൂടുതല്‍ അവലംബിക്കുന്നത് സുരക്ഷാ ഭീഷണികള്‍ക്ക് വഴിവെക്കും. സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് പ്രധാന കാരണമാണിത്. രാജ്യത്തെ ഭൂരിഭാഗം പേരും പ്രവാസി തൊഴിലാളികളാണെന്നും സൈബര്‍ സുരക്ഷാ സംവിധാനങ്ങളെയും ഭീഷണികളെയും കുറിച്ച് അവര്‍ ബോധവാന്മാരായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കളുടെ സാമ്പത്തിക സുരക്ഷക്ക് വലിയ വെല്ലുവിളിയാണ് ഒ ടി ടി കമ്പനികള്‍.
ധാരാളം പേര്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇരയാകുന്നുണ്ട്. അത്തരം സാമ്പത്തിക തട്ടിപ്പുകളെ ഫലപ്രദമായി തടയുന്നതിന് വോഡഫോണ്‍ ആവശ്യ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. വ്യാജ കോളുകളെ സംബന്ധിച്ച് ഉപഭോക്താക്കള്‍ അറിയിച്ചാല്‍ ഉടന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.