ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം

Posted on: October 11, 2016 10:59 pm | Last updated: October 14, 2016 at 7:26 pm

ദുബൈ: ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിന് ഇനി ഓണ്‍ലൈന്‍ വഴി മാത്രമാക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നു. ഈ മാസാവസാനം മുതല്‍ ലൈസന്‍സുകള്‍ പുതുക്കുന്നത് ഓണ്‍ലൈണ്‍ വഴിയാകുമെന്ന് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍ ടി എ) വൃത്തങ്ങള്‍ അറിയിച്ചു. ഉപഭോക്തൃ സേവന കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ എളുപ്പമാക്കുന്നതിനുമാണിതെന്ന് ആര്‍ ടി എ ലൈസന്‍സിംഗ് ഏജന്‍സി സി ഇ ഒ അഹ്മദ് ഹാഷിം ബഹ്‌റൂസിയാന്‍ അറിയിച്ചു. ഇതനുസരിച്ച് ആര്‍ ടി എയുടെ ആപ്‌സ്, സ്മാര്‍ട് കിയോസ്‌കുകള്‍, ആര്‍ ടി എ കോള്‍ സെന്റര്‍ എന്നിവയിലൂടെ ഓണ്‍ലൈനായി ലൈസന്‍സ് പുതുക്കാവുന്നതാണ്. ആര്‍ ടി എയുടെ അംഗീകൃത കണ്ണു പരിശോധനാ കേന്ദ്രങ്ങളിലും ഈ സംവിധാനം ഒക്‌ടോബര്‍ 16 മുതല്‍ 21 വയസിനു താഴെയുള്ളവരുടെ ലൈസന്‍സുകളും നവംബര്‍ 27 മുതല്‍ എല്ലാ ഡ്രൈവിംങ് ലൈസന്‍സുകളും പുതുക്കാനുള്ള സൗകര്യം ഏര്‍പെടുത്തും. നഷ്ടപെട്ട ലൈസന്‍സുകള്‍ക്ക് പകരം പുതിയത് അപേക്ഷിക്കുന്നതിനും കേടുപാടുകള്‍ സംഭവിക്കുന്നവ മാറ്റി ലഭിക്കുന്നതിന് അപേക്ഷ സമര്‍പിക്കുന്നതിനും ഓണ്‍ ലൈന്‍ സംവിധാനം ഏര്‍പെടുത്തുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഡ്രൈവര്‍ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള അപേക്ഷകളും ആര്‍ ടി എയുടെ വെബ് സൈറ്റ് വഴിയാണ് സ്വീകരിക്കു.