മേനി നടിച്ച് പണമെണ്ണുന്ന വീഡിയോ; പോലീസുകാരന്‍ അറസ്റ്റില്‍

Posted on: October 11, 2016 10:57 pm | Last updated: October 11, 2016 at 10:57 pm

ഫുജൈറ: യൂണിഫോം ധരിച്ച് വാഹനമോടിക്കുന്നതിനിടയില്‍ മേനി നടിച്ച് പണമെണ്ണുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ ഫുജൈറയില്‍ പോലീസുകാരന്‍ അറസ്റ്റിലായി. വാഹനത്തിനുള്ളില്‍ പണം കെട്ടുകണക്കിന് വെച്ചിരിക്കുന്നതും വീഡിയോയില്‍ ദൃശ്യമാണ്. 100, 1000 ദിര്‍ഹമിന്റെ നോട്ടുകെട്ടുകള്‍ എണ്ണുന്ന വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. പോലീസുകാരന്റെ നടപടിയെ ഫുജൈറ പോലീസ് അധികൃതര്‍ ആക്ഷേപിച്ചു. പോലീസ് സേനയുടെ മൂല്യങ്ങളെ തകര്‍ക്കുന്ന രീതിയിലുള്ള പെരുമാറ്റമാണ് ഉദ്യോഗസ്ഥനില്‍ നിന്നുണ്ടായിരിക്കുന്നതെന്ന് അധികൃതര്‍ കുറ്റപ്പെടുത്തി. പോലീസുകാരന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഫുജൈറ പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ബ്രിഗേഡിയര്‍ മുഹമ്മദ് ഗാനിം അല്‍ കഅബി പറഞ്ഞു. ഇയാള്‍ക്കെതിരെ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. യു എ ഇ പോലീസ് സേനയുടെ യശസ്സിന് പോരായ്മ വരുത്തുന്ന രീതിയില്‍ ഏതെങ്കിലും ഉദ്യോഗസ്ഥന്‍ പെരുമാറിയാല്‍ തക്കതായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.