Connect with us

Oman

ഒമാനില്‍ എന്‍ ഒ സി നിയമം എടുത്തുകളയുന്നു

Published

|

Last Updated

oman assemblyമസ്‌കത്ത്: ഒമാനില്‍ നിരവധി പ്രവാസികളുടെ തൊഴില്‍ നഷ്ടപ്പെടുത്തുകയും തൊഴിലവസരങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുകയും ചെയ്ത എന്‍ ഒ സി നിയമം എടുത്തുകളയന്നു. ഇത് സംബന്ധമായി മാനവവിഭവ മന്ത്രാലം ഉപദേശകന്‍ സൈദ് ബിന്‍ നാസര്‍ അല്‍ സാദിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഒമാനാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പരിഷ്‌കരിച്ച ഒമാന്‍ തൊഴില്‍ നിയമം ഉടന്‍ പ്രാബല്യത്തില്‍ വരും. ഇതിനോടൊപ്പമാണ് എന്‍ ഒ സി നിയമവും നിര്‍ത്തലാക്കുക.
വിസ റദ്ദാക്കുന്നവര്‍ക്ക് പുതിയ തൊഴില്‍ വിസയില്‍ വരുന്നതിന് പഴയ സ്‌പോണ്‍സറുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയുള്ള നിയമം 2014 ജുലൈ ഒന്ന് മതുലാണ് പ്രാബല്യത്തില്‍ വന്നത്. ഇതിലൂടെ മലയാളികള്‍ അടക്കമുള്ള നിരവധി പ്രവാസികളുടെ തൊഴില്‍ നഷ്ടപ്പെടുകയും ജോലി മാറാനുള്ള സാഹചര്യങ്ങള്‍ കുറയുകയും ചെയ്തു. ഇതിനിടെ എന്‍ ഒ സി നിയമം ദുരുപയോഗം ചെയ്തതിനെ തുടര്‍ന്ന് നിയമം പരിഷ്‌കരിച്ച് കൂടുതല്‍ ശക്തമാക്കിയിരുന്നു. ജോലി മാറുന്ന സമയം ഇമിഗ്രേഷന്‍ ഓഫീസില്‍ പഴയ സ്‌പോണ്‍സറോ കമ്പനി പ്രതിനിധിയോ നേരിട്ട് ഹാജരാകണം എന്ന നിര്‍ദേശം കഴിഞ്ഞ ജനുവരിയില്‍ റോയല്‍ ഒമാന്‍ പോലീസ് പുറത്തിറക്കിയിരുന്നു.
അതേസമയം, എന്‍ ഒ സി നിയമത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട് നാട്ടില്‍ കഴിയുന്ന മലയാളികള്‍ അടക്കമുള്ളവര്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാകും പുതിയ നീക്കം. ജോലി മാറാന്‍ ആഗ്രഹിച്ച് ഒമാനില്‍ കഴിയുന്ന പ്രവാസികള്‍ക്കും പ്രതീക്ഷ നല്‍കുന്നു.
രാജ്യത്തേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് നിയമ പരിഷ്‌കരണങ്ങള്‍ ആവശ്യമാണെന്ന് ചേംബര്‍ ഓഫ് കൊമേഴ്‌സ് അടക്കം വിവിധ മേഖലകളില്‍ നിന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. തൊഴില്‍ നിയമം പരിഷ്‌കരിക്കുന്നത് നിക്ഷേപകരെ ആകര്‍ഷിക്കുമെന്നും സൈദ് ബിന്‍ നാസര്‍ അല്‍ സഅദി പറഞ്ഞു.
സ്വദേശികള്‍ക്കിടയില്‍ തൊഴിലില്ലായ്മ വ്യാപിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നടപ്പിലാക്കുന്ന വിസാ നിരോധനം അടക്കമുള്ള നടപടികളുടെ ഭാഗമായാണ് എന്‍ ഒ സി നിയമം കൊണ്ടുവന്നത്. വിവിധ ജോലികള്‍ക്കുള്ള വിസാ നിരോധനം ഇപ്പോഴും നിലനില്‍ക്കുകയാണ്. സ്വദേശികളെ ജോലിക്ക് നിര്‍ത്താതെ നിയമം ലംഘിക്കുന്ന കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിച്ചുവരികയാണ്. സ്വദേശികളെ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട കമ്പനികളില്‍ അത്തരം നിയമം പാലിക്കപ്പെടുന്നുണ്ടോയെന്നാണ് അധികൃതര്‍ പരിശോധിക്കുന്നത്.
യു എ ഇ, ഖത്വര്‍ എന്നീ രാജ്യങ്ങള്‍ എന്‍ ഒ സി നിയമം സംബന്ധിച്ച് പുനരാലോചന നടത്തി നടപടി സ്വീകരിച്ചിരുന്നു. നിയമം പരിഷ്‌കരിക്കാത്ത പക്ഷം നിക്ഷേപകര്‍ പിന്നോട്ട് പോയേക്കുമെന്ന് ഭയന്നാണ് എന്‍ ഒ സി എടുത്തുകളയുന്നതടക്കമുള്ള നടപടികളിലേക്ക് രാജ്യങ്ങള്‍ നീങ്ങിയത്.