പ്രതിരോധത്തിന്റെ ഇടിമുഴക്കം

രോഹിത് വെമുല സംഭവം അവസാനിച്ചുവെന്നു കരുതി അധികാരത്തിന്റെ ശീതളച്ഛായയില്‍ രമിച്ചിരുന്ന അധികാരികളെ അസ്വസ്ഥപ്പെടുത്തുകയായിരുന്നു വെല്‍പുല സുന്‍കണ്ണ. രോഹിത് വെമുലയുടെ ഓര്‍മകളെ വളരെ സര്‍ഗാത്മകമായ ആയുധമാക്കി മാറ്റുകയായിരുന്നു ആ വിദ്യാര്‍ഥി. രക്തസാക്ഷി പകര്‍ന്നു നല്‍കുന്ന അതീന്ദ്രിയ ശക്തി ജനാധിപത്യ വിരുദ്ധ ശക്തികളെ ബോധ്യപ്പെടുത്താന്‍ ഒരാള്‍ പോലും ഈയൊരവസരം ഉപയോഗിച്ചില്ലായിരുന്നുവെങ്കില്‍ അത് ജനാധിപത്യത്തിനു സംഭവിച്ച മൂല്യശോഷണമായി വിലയിരുത്തപ്പെട്ടേനെ. ജാതി വ്യവസ്ഥ മര്‍ദനത്തിലൂടെയും ആഭാസങ്ങളിലൂടെയും ജനാധിപത്യത്തെ മുറിവേല്‍പ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ അതിനേക്കാള്‍ ഉയര്‍ന്നതും തീര്‍ത്തും മാന്യവുമായ രീതിയിലാണ് ജനാധിപത്യ- സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രതികരിച്ചു കൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ സമരം തുടങ്ങിക്കഴിഞ്ഞു. അത് തുടങ്ങിയിടത്ത് ഒതുങ്ങണമെന്നില്ല. അവസാനമില്ലാത്ത ആരംഭമായി അത് മാറും.
Posted on: October 9, 2016 6:00 am | Last updated: October 8, 2016 at 11:48 pm

velpula-sunkanna‘ഒരു വിദ്യാര്‍ഥിയെ സംബന്ധിച്ചിടത്തോളം ബിരുദമെന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. എന്നാല്‍ ഞാന്‍ അത് നിരസിക്കുന്നു’. 2015 ഒക്‌ടോബര്‍ 19ന് കശ്മീരിലെ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഒഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ (IUST)നിന്ന് ലഭിച്ച എം ബി എ ബിരുദം അന്നത്തെ മാനവ വിഭവ ശേഷി മന്ത്രി സ്മൃതി ഇറാനിയില്‍ നിന്ന് വാങ്ങാന്‍ വിസമ്മതിച്ച സമീര്‍ ഗോജുവേരി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലെ വരികളാണിത്. ഇന്ത്യയില്‍ പ്രകടമായ പൗരന്മാരുടെ സ്വാതന്ത്ര നിഷേധത്തിനെതിരെയുള്ള സര്‍ഗാത്മക പ്രതിഷേധമായിരുന്നു അത്.
12 വയസ്സുകാരി സാറാ ഫാത്തിമയെ ഇന്ത്യന്‍ ജനാധിപത്യ സമൂഹം മറന്നിട്ടുണ്ടാവില്ല. ജെ എന്‍ യു വിദ്യാര്‍ഥിയും ആക്ടിവിസ്റ്റുമായ ഉമര്‍ ഖാലിദിന്റെ സഹോദരിയാണ് സാറാ ഫാത്തിമ. ജെഎന്‍ യു ഫ്രീഡം സ്‌ക്വയറില്‍ വെച്ച് ഗവേഷകരും ബുദ്ധിജീവികളുമായ ഒരു സമൂഹത്തെ അഭിസംബോധന ചെയ്ത് ആറാം ക്ലാസുകാരിയായ ഈ ബാലിക നടത്തിയ പ്രസംഗം ഇന്ത്യന്‍ പ്രതിരോധ ചരിത്രത്തിലെ തിളങ്ങുന്ന മുഹൂര്‍ത്തമാണ്.
സവര്‍ണ ഫാസിസം ജനാധിപത്യത്തെ എല്ലാ അര്‍ഥത്തിലും നശിപ്പിച്ച് കൊണ്ടിരിക്കുന്ന പുതിയ കാലത്ത് ഫാസിസത്തിനെതിരെയുള്ള സമരത്തില്‍ പുതിയൊരു ഏടാണ് വെല്‍പുല സുന്‍കണ്ണ തുന്നിച്ചേര്‍ത്തിട്ടുള്ളത്. ഒരേസമയം സൗമ്യവും എന്നാല്‍ സ്‌ഫോടനാത്മകവുമായിട്ടുള്ള ഒരു സമരാവിഷ്‌കാരമായിരുന്നു സുന്‍കണ്ണയുടേത്. മുദ്രാവാക്യങ്ങളോ, അലര്‍ച്ചകളോ, ബഹളങ്ങളോ ഇല്ലാത്ത സമരമാര്‍ഗം. സാധാരണ ബിരുദം സ്വീകരിക്കാന്‍ വരുന്നത് പോലെ വരുന്നു. വൈസ് ചാന്‍സലറുടെ മുന്നില്‍ കൈകെട്ടി നില്‍ക്കുന്നു. താങ്കളുടെ കൈയില്‍ നിന്ന് ബിരുദം സ്വീകരിക്കാന്‍ കഴിയില്ല എന്നറിയിക്കുന്നു. അവര്‍ ബദല്‍ മാര്‍ഗം കാണുന്നു. ഹൈദരാബാദ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ അപ്പാറാവുവിന്റെ ശരീരത്തിലും മനസ്സിലും മസ്തിഷ്‌കത്തിലും സമീപനങ്ങളിലും ജനാധിപത്യ വിരുദ്ധതയുടെ കളങ്കമുണ്ട്. ആ കളങ്കമുള്ള കൈയില്‍ നിന്നും അവാര്‍ഡ് വാങ്ങാന്‍ പ്രയാസമുണ്ട് എന്ന പ്രഖ്യാപനമായിരുന്നു വെന്‍പുല സുന്‍കണ്ണയുടെ ഇടപെടല്‍. അക്കാദമിക് പണ്ഡിതന് സഹജമായ രീതിയില്‍, എന്നാല്‍ യഥാസ്ഥിതിക അക്കാദമിക പാണ്ഡിത്യത്തിന് സ്വപ്‌നം പോലും കാണാന്‍ സാധിക്കാത്ത സൂക്ഷ്മതയും ഗൗരവവും തന്റെ പ്രവര്‍ത്തനത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു എന്നിടത്താണ് വെന്‍പുലയുടെ പ്രതിഭാത്വം.
ഫാസിസത്തിനെതിരെയുള്ള പ്രതിരോധങ്ങളില്‍ പ്രധാനപ്പെട്ട വഴിത്തിരിവുകളിലൊന്നായിരുന്നു വെന്‍പുലയുടെ അവാര്‍ഡ് നിരാസം. എന്നാല്‍ നമ്മുടെ മാധ്യമങ്ങള്‍ അത് വേണ്ടവിധം അടയാളപ്പെടുത്താതെ പോയി. എല്ലാ പത്രങ്ങളിലും കേവലം ഒരു വാര്‍ത്ത എന്ന നിലയിലാണ് പ്രസ്തുത സംഭവം അവതരിപ്പക്കപ്പെട്ടത്. പക്ഷേ, ആയിരക്കണക്കിന് വിവരങ്ങളില്‍ ഒരു വിവരമായിരുന്നില്ല അത്. മറിച്ച് അധികാര ശാസനകള്‍ക്കെതിരെയുള്ള വിയോജനക്കുറിപ്പായിരുന്നു. ആ രീതിയിലാണ് അത് അവതരിപ്പിക്കപ്പെടേണ്ടിയിരുന്നത്. യഥാര്‍ഥത്തില്‍ 2014ല്‍ ഇന്ത്യയില്‍ രൂപപ്പെട്ട ജനാധിപത്യ വിരുദ്ധതക്കെതിരെ ജീവിതത്തിന്റെ വിവിധ തലങ്ങളില്‍ നിന്ന് വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളില്‍ പെട്ടവര്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രതിരോധത്തെ തങ്ങളുടേതായ രീതിയില്‍ ആവിഷ്‌കരിച്ച് തുടര്‍ന്ന് വരുന്ന പ്രതിഷേധത്തിന്റെ ഒരു പൊട്ടിത്തെറിയാണ് ഈയൊരു ഡോക്ടറേറ്റ് തിരസ്‌കാരം.
ഇന്ത്യന്‍ ചരിത്രത്തിലെ പ്രധാനപ്പെട്ട രണ്ട് ദൃശ്യപ്പെടുത്തലുകളിലൊന്നായി വെന്‍പുലയുടെ കൈകെട്ടിയുള്ള നിറുത്തത്തെ നമുക്ക് ചിത്രീകരിക്കാം. ആദ്യത്തേത് കൈകൂപ്പി നില്‍ക്കുന്ന ഖുതുബുദ്ദീന്‍ അന്‍സാരിയുടേതാണ്. 2002 ഫെബ്രുവരി 28 ന് ഗുജറാത്ത് കലാപവേളയില്‍ നീതിക്ക് വേണ്ടിയുള്ള അവസാന നിലവിളിയായിരുന്നു അന്‍സാരിയുടേതെങ്കില്‍ നീതിക്ക് വേണ്ടിയുള്ള നിതാന്ത ജാഗ്രതയുടെ ദൃശ്യമാണ് സുന്‍കണ്ണയുടെ കൈകെട്ടി നില്‍പ്പ്. അന്‍സാരിയുടെ കൈ കൂപ്പി നില്‍ക്കലില്‍ ശരീരം മുഴുവന്‍ കണ്ണുനീരായി പെയ്തിറങ്ങുന്നുവെങ്കില്‍ ആ സങ്കടങ്ങളെക്കൂടി തന്നിലേക്കാവാഹിച്ച് ഒരു പുതിയ പോര്‍മുഖം തീര്‍ക്കുന്നതിന്റെ വീര്യമുണ്ടായിരുന്നു അപ്പറാവുവിന്റെ മുമ്പില്‍ സുന്‍കണ്ണ തീര്‍ത്ത നിശ്ചലതക്ക്. ആ ‘ദൃശ്യമാണ് മാധ്യമങ്ങളില്‍ അവതരിപ്പിക്കപ്പെടാതെ പോയത്. വെല്‍പുല സുന്‍കണ്ണയുടെ ഹ്രസ്വമായ സംഭാഷണവും അതിന് തിരഞ്ഞെടുത്ത സമയവും ഇന്ത്യന്‍ പശ്ചാത്തലത്തിലെ ഒരു പ്രതിരോധ സങ്കല്‍പ്പമാണ് എന്ന് മുഖ്യധാരയെ നിരന്തരം ഓര്‍മപ്പെടുത്തേണ്ടത് ജനാധിപത്യ വാദികളുടെ ദൗത്യമാണ്.
ജീവിച്ചിരിക്കുന്ന രോഹിത് വെമുലയെക്കാള്‍ കരുത്തുണ്ട് രക്തസാക്ഷിയായ രോഹിത് വെമുലക്ക് എന്ന യാഥാര്‍ഥ്യം ജനാധിപത്യ ഇന്ത്യ തിരിച്ചറിഞ്ഞിരിക്കുന്നു. ഫാസിസത്തിനെതിരെയുള്ള പോരാട്ടങ്ങളില്‍ സുന്‍കണ്ണയടക്കം മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സമര പോരാളികള്‍ക്കും ലഭിക്കുന്ന ഊര്‍ജ സ്രോതസ്സുകളില്‍ പ്രധാനമായ ഒന്ന് വെമുലയുടെ തപിക്കുന്ന ഓര്‍മകളാണ്. സ്മരണകള്‍ സമരം നയിക്കും എന്ന് ഫാസിസ്റ്റുകളെ ബോധ്യപ്പെടുത്താനുതകുന്നതാണ് ഇന്ത്യയിലെ സംഭവ വികാസങ്ങള്‍.
പ്രധാനമായും രണ്ടു തരം സ്മരണകളാണ് നിലനില്‍ക്കുന്നത്. ഒന്ന് ജീര്‍ണിച്ച സ്മരണകളാണ്. അതിനെ കുഴിവെട്ടി മൂടേണ്ടതുണ്ട്. മറ്റൊന്ന് ജ്വലിക്കുന്ന ഓര്‍മകളാണ്. ഇതിനെ ജീവിതം നല്‍കി നാം കാത്തു സൂക്ഷിക്കണം. ആധുനിക ഫാസിസം ജീര്‍ണിച്ച ഓര്‍മകളെ ശവകുടീരത്തില്‍ നിന്ന് മാന്തിയെടുത്ത് ചായം തേച്ച് പ്രദര്‍ശിപ്പിക്കുന്നു. ഇസ്‌റാഈല്‍ രാഷ്ട്രം രൂപപ്പെട്ടതിന് പിന്നില്‍ ഇത്തരമൊരു കിംവദന്തിയുടെ രാഷ്ട്രീയം സമര്‍ഥമായി പ്രയോഗിച്ചിട്ടുണ്ട്. ഇത് യഥാര്‍ഥത്തില്‍ ഫലസ്തീന്‍കാരുടെ രാജ്യമായിരുന്നു എന്ന് നാം ഓര്‍മിക്കണം. എന്നാല്‍ ഫലസ്തീന്‍ ജനതയെ അത് ഓര്‍മിക്കാന്‍ അനുവദിക്കരുത്’ എന്ന് തങ്ങളുടെ പൗരന്മാരെ പറഞ്ഞു പഠിപ്പിക്കുന്നതിന് ഇസ്‌റാഈല്‍ അധികാരികള്‍ ജാഗ്രത കാണിച്ചിരുന്നു. ഇവിടെ സ്മരണകള്‍ പ്രവര്‍ത്തിക്കുന്നത് ജനാധിപത്യ വിരുദ്ധമായാണ്. അംബേദ്കറെ പോലുള്ള ജ്വലിക്കുന്ന ഓര്‍മകളെ കുഴിച്ചു മൂടി ജീര്‍ണിച്ച ഓര്‍മകളെ പാലൂട്ടി വളര്‍ത്താനാണ് ഫാസിസം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ‘ഫാസിസ്റ്റുകള്‍ക്ക് അധികാരം കിട്ടുമ്പോള്‍ വഴിക്കല്ലുകളുടെ കുറിപ്പുകള്‍ മാറ്റുന്ന ലാഘവത്തോടെ അവര്‍ ശവക്കല്ലറകളുടെ കുറിപ്പുകള്‍ മാറ്റിയെഴുതും’ എന്ന വാള്‍ട്ടര്‍ ബെഞ്ചമിന്റെ വാക്കുകള്‍ ഇവിടെ പ്രസക്തമാകുന്നുണ്ട്. ഇന്ത്യന്‍ മതേതരത്വത്തിന്റെ ആണിക്കല്ലിളക്കിയ നാഥുറാം വിനായക് ഗോഡ്‌സെയെ വീര പുരുഷനായി ചിത്രീകരിക്കാനുള്ള സവര്‍ണ മേധാവിത്വത്തിന്റെ ശ്രമങ്ങളെ ഇതിനോട് ചേര്‍ത്തു വായിക്കുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും.
രോഹിത് വെമുല സംഭവം അവസാനിച്ചുവെന്നു കരുതി അധികാരത്തിന്റെ ശീതളച്ഛായയില്‍ രമിച്ചിരുന്ന അധികാരികളെ അസ്വസ്ഥപ്പെടുത്തുകയായിരുന്നു വെല്‍പുല സുന്‍കണ്ണ. രോഹിത് വെമുലയുടെ ഓര്‍മകളെ വളരെ സര്‍ഗാത്മകമായ ആയുധമാക്കി മാറ്റുകയായിരുന്നു ആ വിദ്യാര്‍ഥി. രക്തസാക്ഷി പകര്‍ന്നു നല്‍കുന്ന അതീന്ദ്രിയ ശക്തി ജനാധിപത്യ വിരുദ്ധ ശക്തികളെ ബോധ്യപ്പെടുത്താന്‍ ഒരാള്‍ പോലും ഈയൊരവസരം ഉപയോഗിച്ചില്ലായിരുന്നുവെങ്കില്‍ അത് ജനാധിപത്യത്തിനു സംഭവിച്ച മൂല്യശോഷണമായി വിലയിരുത്തപ്പെട്ടേനെ.

മലാലക്ക് കിട്ടിയത്; സുരേഖക്ക് നിഷേധിച്ചത്
2016 ജനുവരി 17 നാണ് രോഹിത് വെമുല ഇന്ത്യന്‍ ജനാധിപത്യത്തിനു മുന്നില്‍ വലിയൊരു ചോദ്യചിഹ്നമായി മാറിയത്. എന്നാല്‍ നൂറ് കൊല്ലങ്ങള്‍ക്കു മുമ്പ് കേരളത്തില്‍ ഇതിന് സമാനമായ സംഭവങ്ങള്‍ നടന്നിട്ടുണ്ട്. 1916ല്‍ കേരളത്തിലെ ആദ്യത്തെ ഈഴവ മജിസ്‌ട്രേറ്റ് വാരാണപ്പള്ളി പത്മനാഭ പണിക്കര്‍ ഇത്തരമൊരു സാഹചര്യത്തിലാണ് ആത്മഹത്യ ചെയ്യുന്നത്. ജാതി മേല്‍ക്കോയ്മ മസ്തിഷ്‌കത്തില്‍ തുന്നിച്ചേര്‍ത്ത രാമസ്വാമി അയ്യര്‍ എന്ന പോലീസ് ഇന്‍സ്‌പെക്ടര്‍ അദ്ദേഹത്തിന്റെ കല്‍പ്പനകള്‍ അനുസരിക്കാതിരിക്കുകയും പത്മനാഭ പണിക്കരുടെ വീടിനുള്ളില്‍ കള്ളു ചെത്തിനെ അനുസ്മരിപ്പിക്കും വിധമുള്ള കുടുക്ക കൊണ്ടുപോയി കെട്ടിത്തൂക്കുകയും ചെയ്തു. പുലര്‍ച്ചക്ക് ഈ കാഴ്ച കണ്ട് ചങ്ക് പൊട്ടിയാണ് അയാള്‍ മരണത്തിനു വാതില്‍ തുറന്നു കൊടുക്കുന്നത്.
എത്ര ഉന്നത പദവിയിലാണെങ്കിലും അധഃസ്ഥിത സമൂഹത്തെ നിരന്തരം വേട്ടയാടുന്ന ഒരുതരം ജാതി മേല്‍ക്കോയ്മ ഇന്ത്യയിലെല്ലായിടത്തും നിലനില്‍ക്കുന്നുണ്ട്. അക്കാദമിക ലോകത്തേക്ക് കടന്നുവരിക വഴി മധ്യവര്‍ഗത്തിലേക്കു പ്രവേശനാനുമതി ലഭിച്ച ദളിത് പ്രതിഭാശാലികള്‍ക്കു പോലും അവരുടെ അധഃസ്ഥിത പശ്ചാത്തലത്തെ കുടഞ്ഞെറിയാന്‍ സാധിക്കുന്നില്ല. ഇതിന്റെ സമകാലിക നിദര്‍ശനങ്ങളാണ് രോഹിത് വെമുലയും വെല്‍പുല സുന്‍കണ്ണയും.
വൈക്കത്തെ മഹാദേവ ക്ഷേത്രത്തിന്റെ സമീപത്തുകൂടെ ശ്രീനാരായണ ഗുരുവിനു പോലും നടന്നു പോകാന്‍ അനുവാദമില്ലല്ലോ എന്നാലോചിക്കുമ്പോള്‍ നടുങ്ങിപ്പോകും’ എന്ന് കെ പി കേശവ മേനോന്‍ വിലപിക്കുണ്ട്. 1924ലെ വൈക്കം സത്യാഗ്രഹത്തിന്റെ പശ്ചാത്തലത്തില്‍ ലോകം ആദരിക്കുന്ന ശ്രീ നാരായണ ഗുരുവിനു പോലും അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് സ്വതന്ത്ര്യം നിഷേധിക്കപ്പെട്ടിരുന്നു എന്നതിലേക്ക് ഇത് വിരല്‍ ചൂണ്ടുന്നു. ഈയൊരവസ്ഥയെ കേരളം ഒരു പരിധിവരെ അതിജീവിച്ചു. എന്നാല്‍ കേരളത്തിന് പുറത്ത് ഇന്ത്യയില്‍ വ്യാപകമായി ജാതിച്ചങ്ങലകള്‍ മുറുകിക്കൊണ്ടിരിക്കുകയാണ്. ഉത്തരേന്ത്യയില്‍ ഒരു പശുവായി ജനിച്ചാല്‍ കിട്ടാവുന്ന പരിഗണന (വര്‍ത്തമാന ഇന്ത്യയില്‍ തെരുവു നായയും പട്ടികയില്‍ ഇടം നേടി) ദളിതര്‍ക്കും മുസ്‌ലിം ന്യൂനപക്ഷത്തിനും കിട്ടാതെ പോകുന്നു. 2006 സെപ്തംബര്‍ 29ന് മഹാരാഷ്ട്രയിലെ ബന്ധാര ജില്ലയില്‍ ഗൈര്‍ലഞ്ചി ഗ്രാമത്തില്‍ മൃഗീയമായ പീഡനങ്ങള്‍ക്കു വിധേയമായ ദളിത് കുടുംബമാണ് സുരേഖ ബോധ് മാംഗയുടെത്. സുരേഖയെയും മകളായ പ്രിയങ്കയെയും നഗ്നമായി റോഡിലൂടെ നടത്തിക്കുകയും അന്ധനായ മകനെ കൊണ്ട് അവരെ ബലാത്കാരത്തിന് നിര്‍ബന്ധിക്കുകയും ചെയ്തു. അതിനു വഴങ്ങാതിരുന്ന അയാളുടെ ലിംഗം വെട്ടി നുറുക്കാനും അവര്‍ മറന്നില്ല. കുലത്തൊഴിലിനു പകരം കൃഷി ഉപജീവന മാര്‍ഗമായി സ്വീകരിച്ചതിനായിരുന്നു ഈ ശിക്ഷ. എന്നാല്‍ ഈ സംഭവം മുഖ്യധാരയില്‍ പ്രശ്‌നവത്കരിക്കപ്പെടുകയോ വേണ്ടത്ര ചര്‍ച്ചകള്‍ക്കു വിധേയമാകുകയോ ചെയ്തില്ല. 2012 ലാണ് മലാല യൂസുഫ്‌സായ് പാക്കിസ്ഥാനില്‍ അക്രമിക്കപ്പെടുന്നത്. ഞൊടിയിടയില്‍ ഇന്ത്യയിലെ മുഴുവന്‍ ചുവരികളിലും ഇടം പിടിക്കാന്‍ മലാലക്കായി. ഇന്ത്യന്‍ ജനതയുടെ മനസ്സില്‍ മലാല സഹതാപ തരംഗം തീര്‍ത്തു. ഈ സാഹചര്യത്തില്‍ നമ്മുടെ മങ്ങിയ ജനാധിപത്യ കാഴ്ചയെ നാം വിമര്‍ശിക്കേണ്ടതുണ്ട്.
ലോകത്തെ ഏറ്റവും വലിയ വന്മതിലെന്ന ഖ്യാതിയാണ് ചൈനാ വന്മതിലിനുള്ളത്. എന്നാല്‍ അതിനേക്കാള്‍ ഭീകരവും സംഹാരാത്മകവുമായ മതില്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്നു. ജാതി വന്‍ മതിലാണത്. ഒരു വശം മാത്രം ദൃശ്യമായ ജാതിമതിലിന്റെ മഹാ ഭൂരിപക്ഷവും കിടക്കുന്നത് മനുഷ്യ ഹൃദയങ്ങളിലാണ്. ദളിത് പീഡനങ്ങളുടെ കാഴ്ച മറച്ചു വെക്കുന്നത് ഭീമാകാരമായ ഈ മതിലാണ്. അതിഭീകരമായ ജാതി വന്‍ മതിലിലേക്ക് വന്നു വീണ കല്ലാണ് വെല്‍പുല സുന്‍കണ്ണയുടേത്. പക്ഷേ ഇത്തരത്തില്‍ ആയിരം കല്ലുകള്‍ വന്നു വീണാലും ഇളകാത്ത തരത്തില്‍ അതി ശക്തമാണ് ഇന്ത്യയിലെ ജാതി മേല്‍ക്കോയ്മ. മലാലയെ കണ്ട നമ്മുടെ കണ്ണുകള്‍ ഇന്ത്യയിലെ സുരേഖ ബോധ് മാംഗയെ കാണാതെ പോകുന്നത് ജാതീയത സൃഷ്ടിച്ച അന്ധത മൂലമാണ്. തിമിരം ബാധിച്ച മനസ്സുകളെ തട്ടിയുണര്‍ത്താന്‍ പാകത്തിലുള്ളതായിരുന്നു വെല്‍പുലാ സുന്‍കണ്ണയുടെ കൈകെട്ടിയുള്ള നില്‍പ്പ്. ഡയാനാ രാജ്ഞിയുടെ പ്രസവം, അരയാലും പേരാലും തമ്മിലുള്ള വിവാഹം, സമീപ കാലത്ത് സംഘപരിവാറിയന്‍ ഭീകരാവാദത്തിന്റെ പ്രചരണം ഏറ്റെടുത്ത മാധ്യമങ്ങള്‍ ജാതീയതക്കും സവര്‍ണ ഫാസിസത്തിനുമെതിരെയുള്ള ഉജ്ജ്വലമായ സമരാഹ്വാനത്തെ കാണാതെ പോയി എന്നിടത്താണ് ചോദ്യങ്ങള്‍ ഉയരുന്നത്.
പുതിയ കാല കാമ്പസുകളില്‍ നിന്ന് പ്രതീക്ഷയുടെ വാര്‍ത്തകളാണ് നാം കേള്‍ക്കുന്നത്. അധികാരം പതിച്ചു നല്‍കുന്ന അടിമത്വത്തിന്റെ വഴിയോട് സമരസപ്പെടാന്‍ ഞങ്ങള്‍ ഒരുക്കമല്ലെന്ന പ്രഘോഷണങ്ങളാണ് കാമ്പസുകളില്‍ നിന്ന് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. ”നിങ്ങളുടെ ശാസ്ത്രം വിലയില്ലാതാകും, നിങ്ങളുടെ പഠനം നിഷ്ഫലമാകും, മനുഷ്യ സമൂഹത്തിലെ സര്‍വ തിന്മകള്‍ക്കുമെതിരെ അറിവു സമര്‍പ്പിച്ച് പോരാടാത്ത പക്ഷം” എന്ന ബ്രത്തോള്‍ഡ് ബ്രഹ്ത്തിന്റെ സാരോപദേശം അക്ഷരാര്‍ഥത്തില്‍ സ്വീകരിച്ചിരിക്കുകയാണ് ജെ എന്‍ യു വിലും ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയിലും പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലും അടക്കം ഇന്ത്യയിലെ വിവിധ കാമ്പസുകളില്‍ പഠനം നടത്തുന്ന പ്രതിഭകള്‍. ഫാസിസം ജെ എന്‍ യുവിനെ രാജ്യദ്രോഹ കേന്ദ്രമെന്ന് അധിക്ഷേപിച്ചപ്പോള്‍ എന്താണ് രാജ്യദ്രോഹമെന്ന സംവാദത്തിന് അവിടെ തിരി കൊളുത്തുകയുണ്ടായി. പ്രൊഫസര്‍മാരും വിദ്യാര്‍ഥികളുമടക്കം വലിയൊരു സദസ്സ് ഇതില്‍ പങ്കാളികളായി. നോം ചോസ്‌കിയടക്കം രാജ്യാന്തര തലത്തില്‍ ധൈഷണിക ഇടപെടലുകളെ സജീവമാക്കുന്ന 64ഓളം പണ്ഡിതന്മാര്‍ ഇതിനു പിന്തുണ പ്രഖ്യാപിച്ചു. വര്‍ണാശ്രമ ധര്‍മത്തെ പാലൂട്ടി വളര്‍ത്തുന്ന തലതിരിഞ്ഞ ബുദ്ധി ജീവികളെ സര്‍വകലാശാലയുടെ പ്രധാന സ്ഥാനത്ത് സ്ഥാപിക്കാനുള്ള അധികാര പ്രയത്‌നത്തിനെതിരെ ചെങ്കൊടി കാട്ടിയ പുനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ഥികളും ദളിത് അവകാശ സംരക്ഷണത്തിനു വേണ്ടി (നി) ശബ്ദമുയര്‍ത്തിയ വെല്‍പുല സുന്‍കണ്ണയും തപിക്കുന്ന കാമ്പസ് ജീവിതത്തിന്റെ ചില പ്രതിനിധാനങ്ങള്‍ മാത്രമാണ്.
ജാതി വ്യവസ്ഥ മര്‍ദനത്തിലൂടെയും ആഭാസങ്ങളിലൂടെയും ജനാധിപത്യത്തെ മുറിവേല്‍പ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ അതിനേക്കാള്‍ ഉയര്‍ന്നതും തീര്‍ത്തും മാന്യവുമായ രീതിയിലാണ് ജനാധിപത്യ- സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രതികരിച്ചു കൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ സമരം തുടങ്ങിക്കഴിഞ്ഞു. അത് തുടങ്ങിയിടത്ത് ഒതുങ്ങണമെന്നില്ല. അവസാനമില്ലാത്ത ആരംഭമായി അത് മാറും.

തയ്യാറാക്കിയത് : വി പി എം സ്വാദിഖ്‌