അസദിന്റെത് ലോകത്തെ നോക്കുകുത്തിയാക്കി ഭരണം തുടരാനുള്ള ശ്രമമെന്ന് ഖത്വര്‍

Posted on: October 8, 2016 7:34 pm | Last updated: October 11, 2016 at 11:01 pm

qatarദോഹ: സിറിയയിലെ രണ്ടാമത്തെ വലിയ നഗരമായ അലപ്പോയിലെ ജനങ്ങള്‍ മാസങ്ങളായി പ്രസിഡന്റ് ബശറുല്‍ അസദ് ഭരണകൂടത്തിന്റെ ഉപരോധത്തില്‍പ്പെട്ട് ദൈന്യതയും കഷ്ടപ്പാടും അനുഭവിക്കുകയാണെന്ന് ഖത്വര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ താനി. സിറിയയിലെ പ്രതിസന്ധി പരിഹരിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ശക്തമായ ഇടപെടല്‍ ആവശ്യമാണ്. സിറിയയിലെ രക്തച്ചൊരിച്ചല്‍ അവസാനിപ്പിക്കാന്‍ ലോക രാജ്യങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും സിറിയയുടെ വിവിധ ഭാഗങ്ങളില്‍ യുദ്ധം ആളിപ്പടരുമ്പോഴും മരണനിരക്ക് ഉയരുമ്പോഴും രാജ്യാന്തരസമൂഹത്തെ നോക്കുകുത്തിയാക്കി അധികാരത്തില്‍ തുടരാനുള്ള ശ്രമങ്ങളാണ് പ്രസിഡന്റ് ബശറുല്‍ അസദ് നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിംഗപ്പൂരിലെ മിഡില്‍ഈസ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ പ്രഭാഷണത്തിലാണ് സിറിയന്‍ വിഷയത്തെക്കുറിച്ച് വിദേശകാര്യ മന്ത്രി വിശദമായി സംസാരിച്ചത്.
നിരവധി തവണ ബോംബാക്രമണങ്ങളെ നേരിടേണ്ടിവന്നതിനാല്‍ ഖത്വറിന് അവിടത്തെ ഹെല്‍ത്ത് സെന്റര്‍ പലപ്പോഴും അടച്ചുപൂട്ടേണ്ടി വന്നു. സിറിയയിലെ പ്രശ്‌നം പരിഹരിക്കാതെ മുന്നോട്ട് പോകുന്നത് വന്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും. യുദ്ധം നീണ്ടുപോകുന്നത് സിറിയന്‍ യുവത്വത്തിന്റെ ഭാവി കൂടുതല്‍ ദുരിതപൂര്‍ണമാക്കുന്നുറപ്പാണ്. ദുരന്തങ്ങളിലും പ്രതിസന്ധികളിലും സമാധാനാപൂര്‍ണമായ പ്രമേയങ്ങള്‍ക്കാണ് ഖത്വറിന്റെ വിദേശനയം ഊന്നല്‍ നല്‍കുന്നതെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
രാജ്യങ്ങളുടെ സ്വയംനിര്‍ണയാവകാശത്തെ പ്രോത്സാഹിപ്പിക്കുക, മറ്റു രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാതിരിക്കുക, സമാധാനം പ്രോത്സാഹിപ്പിക്കുന്നതിന് രാജ്യാന്തര സമൂഹത്തിലെ മറ്റ് അംഗങ്ങളുമായി സഹകരിച്ചുപ്രവര്‍ത്തിക്കല്‍ എന്നിവയും ഖത്വറിന്റെ വിദേശനയം ലക്ഷ്യംവെക്കുന്നു. ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ഖത്വറിന്റെ മധ്യസ്ഥശ്രമങ്ങള്‍ വിജയിക്കുന്നുണ്ടെന്നും തര്‍ക്കങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് സഹകരണത്തിന്റെ പുതിയ അവസരങ്ങളുണ്ടാക്കാനും മധ്യസ്ഥ ശ്രമങ്ങള്‍ക്കും ഖത്വറിന്റെ വാതിലുകള്‍ എന്നും തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മിഡില്‍ ഈസ്റ്റിലെ സമാധാനത്തിന്റെയും സുരക്ഷയുടെയും സാധ്യതകളെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട വികസനവും മികച്ച ഭരണവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും വിദേശകാര്യമന്ത്രി വിശദീകരിച്ചു. ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള രാജ്യങ്ങളുമായി മികച്ച രീതിയില്‍പ്രവര്‍ത്തിക്കാനാണ് ഖത്വര്‍ ആഗ്രഹിക്കുന്നതെന്നും വൈവിധ്യങ്ങളെ രാജ്യം ബഹുമാനിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖത്വറും സിംഗപ്പൂരും തമ്മിലുള്ള വ്യാപാര വാണിജ്യ സാംസ്‌കാരിക ബന്ധങ്ങളെക്കുറിച്ചും ശൈഖ് മുഹമ്മദ് പ്രത്യേക എടുത്തുപറഞ്ഞു. ഭൂമിശാസ്ത്രപരമായി രണ്ടു രാജ്യങ്ങളും ചെറുതാണെങ്കിലും സാമ്പത്തികമേഖലയില്‍ വലിയ വളര്‍ച്ചയാണ് കൈവരിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യവിഭവശേഷി വികസിപ്പിക്കുന്നതിലും ഇരു രാജ്യങ്ങളും മുന്‍ഗണന നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമക്കി.